സിവിൽ സർവീസ് വിജയത്തിളക്കത്തിൽ ഒരു സൗന്ദര്യ റാണി; ഐശ്വര്യ ഷിയോരാന്റെ പ്രചോദനകരമായ ജീവിതം
അവളുടെ അമ്മ തനിക്കുപിറന്ന കുഞ്ഞിന് ഐശ്വര്യ എന്ന് പേരിട്ടത് തന്നെ ഐശ്വര്യാ റായിയോടുള്ള ആരാധന മൂത്താണ്. അമ്മയുടെ ആഗ്രഹം പോലെ സൗന്ദര്യമത്സരങ്ങളിൽ മത്സരിച്ച മകൾ, 'മിസ് ഇന്ത്യ' ഫൈനലിസ്റ്റുകളിൽ ഒരാളായി.
യുപിഎസ്‌സി അതിന്റെ 2019 ലെ സിവിൽ സർവീസ് പരീക്ഷാഫലം പുറത്തുവിട്ടത് മിനിഞ്ഞാന്നായിരുന്നു. സ്ഥിരോത്സാഹവും, സാഹചര്യങ്ങളെ വെല്ലുന്ന പ്രയത്നങ്ങളും യുവാക്കൾക്ക് നേടിക്കൊടുത്ത അസുലഭ വിജയത്തെക്കുറിച്ചുള്ള പ്രചോദനമേകുന്ന പല കഥകളും അതിനു പിന്നാലെ മാധ്യമങ്ങളിൽ നിറഞ്ഞു. അക്കൂട്ടത്തിൽ ഒരു പേരാണ് ഐശ്വര്യ ഷിയോരാൻ എന്ന യുവതിയുടേത്. ഐഎഎസ് പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ ആദ്യ നൂറു റാങ്കിനകത്തുതന്നെ ഇടം പിടിക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു. റാങ്ക് 93.
അവളുടെ അമ്മ തനിക്കുപിറന്ന കുഞ്ഞിന് ഐശ്വര്യ എന്ന് പേരിട്ടത് തന്നെ ഐശ്വര്യാ റായ് എന്ന സൗന്ദര്യ റാണിയോടുള്ള ആരാധന മൂത്താണ്. അമ്മയുടെ ആഗ്രഹം പോലെ സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് മത്സരിച്ച ഐശ്വര്യ, മിസ് ഇന്ത്യ പേജന്റിന്റെ ഫൈനലിസ്റ്റുകളിൽ ഒരാളായി. എന്നാൽ, പുറം സൗന്ദര്യം മാത്രമല്ല, അകക്കാമ്പും ഉള്ള ഒരു വ്യക്തിയാണ് എന്ന് തെളിയിക്കുന്നതായിരുന്നു ഐശ്വര്യയുടെ പരീക്ഷാഫലം. ഐശ്വര്യ ഷിയോരാൻ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയപ്പോൾ അവരെ അഭിനന്ദിച്ചുകൊണ്ട് അഭിഷേക് സിംഗ് എന്ന ഐഎഎസ് ഓഫീസർ ഇങ്ങനെ ട്വീറ്റ് ചെയ്തു,
"വിഭിന്ന അഭിരുചികളുള്ള ചെറുപ്പക്കാർ സിവിൽ സർവീസ് തെരഞ്ഞെടുക്കുന്നത് കാണുമ്പൊൾ സന്തോഷം തോന്നുന്നുണ്ട്. പുതിയ ഇന്ത്യക്ക് വേണ്ടത് ഇങ്ങനെയുള്ള യുവതുർക്കികളെയാണ്. കൂടുതൽ മേഖലകളെ പ്രതിനിധീകരിക്കുന്ന, കൂടുതൽ തുറന്ന മനസ്സുള്ള, കാലത്തിനൊപ്പം നീങ്ങുന്ന യുവാക്കൾ. ഐശ്വര്യ ഷിയോരാൻ, ടോപ്പ് മോഡൽ, ഇപ്പോൾ ഐഎഎസ് ട്രെയിനി: Rank 93, CSE 19, സിവിൽ സർവീസിലേക്ക് സുസ്വാഗതം"
മിസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും വന്നു ഐശ്വര്യയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് ഒരു ട്വീറ്റ് :
" ഐശ്വര്യ ഷിയോരാൻ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റ് 2016, ക്യാമ്പസ് പ്രിൻസസ് 2016, ഫ്രഷ് ഫെയ്‌സ് വിന്നർ ദില്ലി 2015 : ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് 93. നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു ഐശ്വര്യാ..! അതുല്യ നേട്ടത്തിന് അഭിനന്ദനങ്ങൾ..."
രാജസ്ഥാനിലെ ചുരു നിവാസികളാണ് ഐശ്വര്യയുടെ മാതാപിതാക്കൾ. മോഡലിങ്ങിൽ നാലഞ്ച് വർഷം അധ്വാനിച്ച് കുറെ നേട്ടങ്ങളൊക്കെ കരസ്ഥമാക്കിയ ശേഷമാണ് ഐശ്വര്യ ഒന്ന് മറിച്ചു ചിന്തിക്കുന്നത്. ചെറുപ്പം മുതൽക്കേ അക്കാദമിക്സിൽ നല്ല പ്രകടനമുള്ളതാണല്ലോ. ഒന്ന് സിവിൽ സർവീസിന് ശ്രമിച്ചാലെന്താ? മോഡലിങ്ങൊക്കെ പിന്നെയും ആകാമല്ലോ. അങ്ങനെ നല്ല പ്രതിഫലം നല്കിക്കൊണ്ടിരുന്ന മോഡലിംഗ് ഇൻഡസ്ട്രിയിൽ നിന്ന് രണ്ടു വർഷത്തെ ബ്രേക്ക് എടുത്താണ് ഐശ്വര്യ സിവിൽ സർവീസിൽ ഒരു കൈ നോക്കാനിറങ്ങുന്നത്.
ഒരു കോച്ചിങിനും ഐശ്വര്യ പോയിട്ടില്ല. തനിയെ പഠിച്ചാണ് അവൾ ഈ ദുഷ്കരമായ ദൗത്യം പൂർത്തിയാക്കിയത്. അതും ആദ്യത്തെ പരിശ്രമത്തിൽ തന്നെ നൂറിനകത്ത് റാങ്കു നേടാൻ അവൾക്കായി. അച്ഛൻ അജയ് കുമാർ എൻസിസിയുടെ തെലങ്കാന ബറ്റാലിയന്റെ കമാൻഡിങ് ഓഫീസറാണ്. ആദ്യം അച്ഛനെപ്പോലെ സൈന്യത്തിൽ ചേരാൻ ശ്രമിച്ചാലോ എന്ന് ഐശ്വര്യ ആലോചിക്കാതിരുന്നില്ല. പിന്നെ അവൾക്ക് തോന്നി കുറച്ച് വൈവിധ്യം ഇരുന്നോട്ടെ കുടുംബത്തിൽ, മിലിട്ടറിക്ക് പകരം സിവിൽ സർവീസിൽ ഒരു കൈ നോക്കിക്കളയാം എന്ന്. എന്തായാലും ഫലം വന്നതോടെ സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഐശ്വര്യയെ.
ഇത്തവണത്തെ സിവിൽ സർവീസ് ഫലം വന്നപ്പോൾ ലിസ്റ്റിൽ 829 പേരാണ് ഇടം നേടിയിട്ടുള്ളത്. അതിൽ ജനറൽ കാറ്റഗറിയിൽ 304, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം: 78, OBC വിഭാഗത്തിൽ നിന്ന് 251, SC യിൽ നിന്ന് 129, ST വിഭാഗത്തിൽ നിന്ന് 67 പരീക്ഷാർത്ഥികൾ വിജയിച്ചിട്ടുണ്ട്. ഹരിയാനയിലെ ഒരു കർഷകന്റെ മകനായ പ്രദീപ് സിംഗ് ആണ് അഖിലേന്ത്യാ തലത്തിൽ ഒന്നാമതെത്തിയിട്ടുള്ളത്.