പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും വേട്ടയ്ക്കിറങ്ങിയിരുന്നു; ചരിത്രപരമായ തെളിവുമായി ഗവേഷകര്‍
ചരിത്രപരമായ കണ്ടെത്തലാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നതെന്നും ഈ വിഷയത്തില്‍ ഇനിയും കൂടുതലായ പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നുമാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. സ്ത്രീയും പുരുഷനും തമ്മില്‍ നാം ഇന്ന് പറയപ്പെടുന്ന കായികമായ വേര്‍തിരിവ്, ചരിത്രത്തിലുണ്ടായിരുന്നില്ലെന്ന് വാദിച്ചിരുന്ന ഒരു വിഭാഗം ചരിത്രകാരന്മാരുടേയും ഗവേഷകരുടെയുമെല്ലാം വാക്കുകളാണ് ഈ കണ്ടെത്തലോടെ സത്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നത്
സ്ത്രീയും പുരുഷനും തമ്മിലുള്ളൊരു പ്രധാന വ്യത്യാസമായി സമൂഹം കണക്കാക്കുന്നത് കായികമായ സവിശേഷതകളാണ്. പുരുഷന്‍ ജോലി ചെയ്ത് ഉപജീവനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനും സ്ത്രീകള്‍ വീട് സംരക്ഷിക്കുന്നതിനുമായി ബാധ്യതപ്പെട്ടവരായാണ് നമ്മള്‍ പൊതുവേ കണക്കാക്കുന്നത്.
ശാരീരികമായ വ്യത്യാസമാണ് ഇവിടെ പ്രകടമാകുന്നത്. പണ്ടും പുരുഷനായിരുന്നു പുറത്തുപോയി ഭക്ഷണത്തിനുള്ള വക വേട്ടയാടി കൊണ്ടുവന്നിരുന്നതെന്നും അത് ഒരുക്കി, ഭക്ഷണമാക്കുന്ന ജോലി മാത്രമാണ് സ്ത്രീ ചെയ്തിരുന്നതെന്നും പലപ്പോഴും പറഞ്ഞുകേള്‍ക്കാറുണ്ട്.
എന്നാല്‍ ഈ കഥകളില്‍ നിന്ന് വേറിട്ടൊരു കഥയാണ് സൗത്ത് അമേരിക്കയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ക്ക് പറയാനുള്ളത്. ഇവിടെയുള്ള ആന്‍ഡെസ് മലനിരകള്‍ക്ക് സമീപത്തുള്ള ഒരു പഴയകാല ശ്മശാനത്തില്‍ നിന്ന് വേട്ടയാടി ജീവിച്ചിരുന്നൊരു സ്ത്രീയുടെ ഭൗതികാവശിഷ്ടം ഇവര്‍ കണ്ടെത്തിയിരിക്കുകയാണ്.
9000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഈ സ്ത്രീയുടെ ഭൗതികാവശിഷ്ടത്തോടൊപ്പം വേട്ടയ്ക്കായി ഉപയോഗിച്ചിരുന്ന പല തരത്തിലുള്ള മൂര്‍ച്ചയേറിയ ആയുധങ്ങളും ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. ഒപ്പം തന്നെ ഇവരുടെ ഭൗതികാവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ വേട്ടയാടി മൃഗങ്ങളുടെ മാംസം ഭക്ഷിച്ച് കഴിഞ്ഞിരുന്നയാളായിരുന്നുവെന്ന് വ്യക്തമാക്കുന്ന പല തെളിവുകളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ടത്രേ.
ചരിത്രപരമായ കണ്ടെത്തലാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നതെന്നും ഈ വിഷയത്തില്‍ ഇനിയും കൂടുതലായ പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നുമാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. സ്ത്രീയും പുരുഷനും തമ്മില്‍ നാം ഇന്ന് പറയപ്പെടുന്ന കായികമായ വേര്‍തിരിവ്, ചരിത്രത്തിലുണ്ടായിരുന്നില്ലെന്ന് വാദിച്ചിരുന്ന ഒരു വിഭാഗം ചരിത്രകാരന്മാരുടേയും ഗവേഷകരുടെയുമെല്ലാം വാക്കുകളാണ് ഈ കണ്ടെത്തലോടെ സത്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നത്. ഏതായാലും വലിയ തോതിലുള്ള ചലനങ്ങളാണ് ഈ കണ്ടെത്തല്‍ ഇനി സൃഷ്ടിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.