'വെല്ലുവിളിക്കാനായി തിരഞ്ഞെടുക്കുക'; ഇന്ന് വനിതാ ദിനം
വെല്ലുവിളി എന്ന വാക്കിനൊപ്പം ചേർത്തുവയ്ക്കുന്ന മനുഷ്യജന്മമായി സ്ത്രീ മാറുന്ന കാലത്ത് അതിനെ അന്വർഥമാക്കുന്ന പ്രമേയമാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിനായി സ്വീകരിച്ചിരിക്കുന്നത്.
പെൺനോവുകളിലേയ്ക്കും ചിന്തകളിലേയ്ക്കും ലോകത്തിന്‍റെ ശ്രദ്ധപതിയാൻ തുറന്നുവെച്ച ദിനം- അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വര്‍ഷവും മാര്‍ച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. അസമത്വത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും പുലരിയിലേയ്ക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉണർന്നെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം.
'വെല്ലുവിളി' എന്ന വാക്കിനൊപ്പം ചേർത്തുവയ്ക്കുന്ന മനുഷ്യജന്മമായി സ്ത്രീ മാറുന്ന കാലത്ത്, അതിനെ അന്വർഥമാക്കുന്ന പ്രമേയമാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിനായി സ്വീകരിച്ചിരിക്കുന്നത്. വെല്ലുവിളിക്കാനായി തിരഞ്ഞെടുക്കുക (Choose To Challenge) എന്ന ഈ വർഷത്തെ വനിതാ ദിന പ്രമേയം സ്ത്രീകൾക്കുമുന്നിലുള്ള വെല്ലുവിളി നിറഞ്ഞ ലോകത്ത് തോൽക്കാതെ മുന്നേറാനുള്ള ജീവിത മന്ത്രം കൂടിയാണ്. കൊവിഡ് എന്ന മഹാമാരിയൊരുക്കിയ ദുരിതക്കടലിൽ തുഴയാനുള്ള വെല്ലുവിളി കൂടിയാണ് ഇത്തവണത്തെ വനിതാ ദിനം.
1908ൽ ന്യൂയോര്‍ക്കിൽ ജീവനക്കാരികൾ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട് 15,000 ത്തോളം തെരുവിലിറങ്ങിയതാണ് വനിതാ ദിനാചരണത്തിലേയ്ക്ക് നയിച്ച സംഭവമെന്ന് കരുതപ്പെടുന്നു. 1909 ഫെബ്രുവരി 28ന് അമേരിക്കയിൽ തെരേസ മല്‍ക്കീല്‍, അയ്റ സലാസര്‍ എന്നീ വനിതകളുടെ നേതൃത്വത്തിൽ ആദ്യമായി വനിതാദിനം ആചരിക്കപ്പെട്ടു.
1910ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുളള 100 പേർ പങ്കെടുത്ത നടന്ന ലോകവനിതാസമ്മേളനം വനിതാദിനാചരണത്തിന് അടുത്ത ചുവടുവയ്പായി. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975ൽ ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.