പ്രൊഫഷണൽ ജിംനാസ്റ്റിൽ നിന്ന് പോൺ താരത്തിലേക്ക്; ജീവിതം വെറോണയെ നടത്തിയ വഴികൾ
ജീവിതം വഴിമുട്ടിയപ്പോൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ വരെ താൻ ആലോചിച്ചിട്ടുണ്ടെന്നു വെറോണ പറയുന്നു.
കുഞ്ഞുന്നാളിൽ ഒന്ന് കാർട്ട് വീൽ ചെയ്യുകയോ തലകുത്തി മറിയുകയോ ചെയ്യാത്തവരായി നമ്മളിൽ ആരുമുണ്ടാവില്ല. കുട്ടിക്കാലത്തെ ഈ തകിടം മറിച്ചിൽ കമ്പങ്ങളെ വളർത്തിയെടുത്ത്, ടീനേജ് പ്രായത്തിൽ ഒരു പ്രൊഫഷണൽ ജിംനാസ്റ്റ് എന്ന നിലയ്ക്ക് പേരെടുത്ത, ഒരു പക്ഷെ ഹോളണ്ടിന് വേണ്ടി ജിംനാസ്റ്റിക്സിൽ ഒരു ഒളിമ്പിക്സ് സ്വർണ്ണമെഡൽ പോലും നേടാൻ സാധ്യതയുണ്ടായിരുന്ന ഒരു സ്പോർട്സ് താരമായിരുന്നു വെറോണ വാൻ ഡെ ല്യൂയർ. ഒരുകാലത്ത് നെതർലാൻഡ്‌സിലെ ജിംനാസ്റ്റിക്സ് കുതുകികളായ ഓരോ കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും പരിചിതമായ ഒരു പേരും മുഖവുമായിരുന്നു വെറോണ. യൂറോപ്യൻ, ലോക ജിംനാസ്റ്റിക്സ് ടൂർണമെന്റുകളിൽ നിരവധി മെഡലുകൾ അവൾ നേടി. 2002 -ൽ തന്റെ പതിനേഴാം പിറന്നാളിന് മുമ്പുതന്നെ, നെതർലാൻഡ്‌സിലെ 'സ്പോർട്സ് വുമൺ ഓഫ് ദ ഇയർ' വെറോണയെ തേടിയെത്തി. പക്ഷേ, ഒട്ടും നിനച്ചിരിക്കാതെയാണ് പരിക്ക് വില്ലന്റെ രൂപത്തിൽ എത്തിയത്. അതോടെ അവളുടെ പ്രൊഫഷണൽ കരിയർ ആകെ തകിടം മറിഞ്ഞു.
ജിംനാസ്റ്റിക്സ് രംഗത്തു നിന്നുതന്നെ വെറോണ ഫീൽഡ് ഔട്ടായിപ്പോയി. ചെറുപ്പം മുതൽക്ക് മനസ്സിലും ശരീരത്തിലും ജിംനാസ്റ്റിക്സ് മാത്രം കൊണ്ടുനടന്നിരുന്ന വെറോണയ്ക്ക് മറ്റൊരു ജോലിയും ചെയ്യാൻ അറിയില്ലായിരുന്നു. ജോലിയില്ലാതെ വീട്ടിലിരുന്ന കാലത്ത് സ്വന്തം അച്ഛനോടുപോലും അവൾക്ക് പിണങ്ങേണ്ടി വരുന്നു. തർക്കം മൂത്തോടുവിൽ അച്ഛൻ അവളെ അടിച്ചു പുറത്താക്കുന്നു. അത് നയിച്ചത് അച്ഛനുമായുള്ള ദീർഘമായ ഒരു നിയമ യുദ്ധത്തിലേക്കാണ്. അക്കാലത്ത് വെറോണയ്ക്ക് ദിവസങ്ങളോളം തെരുവിൽ കിടന്നുറങ്ങേണ്ട ഗതികേടുണ്ടായി. അതിനിടെ ഒരു ബ്ലാക്ക് മെയിൽ കേസിൽ കുടുങ്ങി 2011 -ൽ വെറോണ ജയിലിൽ അടയ്ക്കപ്പെടുന്നു. ജയിലിൽ നിന്നിറങ്ങിയ കാലത്ത് വിഷാദരോഗം പിടിമുറുക്കിയ ദിനങ്ങളിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ വരെ ആലോചിച്ചുറപ്പിച്ചിരുന്നു താനെന്ന് വെറോണ സിഎൻഎന്നിനോട് പറഞ്ഞു.
ആ കഷ്ടകാലത്തിൽ നിന്ന് വെറോണയ്ക്ക് ഒരു മോചനമുണ്ടാകുന്നത്, ഇനിയെന്ത് എന്ന വിഷയത്തിൽ ഏറെ നിർണായകമായ ഒരു തീരുമാനത്തിലേക്ക് ഏറെനാൾ ആലോചിച്ചുറപ്പിച്ച ശേഷം അവൾ എത്തിച്ചേരുന്നതോടെയാണ്. ഹോളണ്ടിൽ നിയമ വിധേയമായിത്തന്നെ നടത്തപ്പെടുന്ന അഡൾട്ട് എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിൽ ഒരു പോൺ നടി എന്ന നിലയിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ വെറോണ തീരുമാനിക്കുന്നു. ഇന്ന് തന്റെ മുപ്പത്തിനാലാം വയസ്സിൽ ഹോളണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ഒരു പോൺ താരമാണ് വെറോണ. സാമ്പത്തിക പ്രയാസങ്ങളിൽ നിന്നെല്ലാം മോചനം നേടി സ്വന്തംകാലിൽ നില്ക്കാൻ ഇന്ന് വെറോണയ്ക്ക് സാധിക്കുന്നു.
ജീവിതത്തിലെ കഷ്ടപ്പാടുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും തീർന്നതോടെ കഴിഞ്ഞ കൊല്ലം വെറോണ തന്റെ പോൺ കരിയറിൽ നിന്ന് വിരമിച്ചിരുന്നു. ഒരു പോൺ താരമാകാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ഒട്ടും പശ്ചാത്താപമില്ല എന്നും, തെരുവിൽ കഴിയുന്നതിനേക്കാൾ എത്രയോ ഭേദമാണ് പോൺ താരമെന്ന നിലയിൽ ജീവിക്കാനുള്ള വഴി കണ്ടെത്തുന്നത് എന്നും വെറോണ പറഞ്ഞു. ഇപ്പോൾ, തന്റെ ജീവിതാനുഭവങ്ങൾ ഒരു സെൻസർഷിപ്പും കൂടാതെ തുറന്നു പറഞ്ഞുകൊണ്ടുള്ള ഒരു ആത്മകഥ എഴുതിപ്പൂർത്തിയാക്കിയിരിക്കുകയാണ് വെറോണ. തന്റെ ജീവിതത്തിൽ ഇന്നോളം തന്റെ നിസ്സാഹായാവസ്ഥയെ മുതലെടുത്ത് തന്നെ ചൂഷണം ചെയ്ത എല്ലാവരെയും പറ്റി താൻ തന്റെ അനുഭവക്കുറിപ്പിൽ തുറന്നെഴുതുമെന്ന് വെറോണ പറയുന്നു.