സ്ത്രീകളില്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്‌നം; പരിഹാരമാകുന്ന നാല് സപ്ലിമെന്റുകളും...
ഭക്ഷണത്തിലൂടെ ഒരു പരിധി വരെ പിസിഒഎസ് പ്രശ്‌നങ്ങളെ ലഘൂകരിക്കാനാകും. എന്നാല്‍ ഭക്ഷണവും അപര്യാപ്തമാകുന്ന ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് ആശ്വാസത്തിനായി സപ്ലിമെന്റുകളെ ആശ്രയിക്കാം. പക്ഷേ, സപ്ലിമെന്റുകള്‍ കഴിക്കും മുമ്പ് തീര്‍ച്ചയായും ഇക്കാര്യം ഡോക്ടറുമായി ചര്‍ച്ച ചെയ്തിരിക്കണം
സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളില്‍ എപ്പോഴും ഒരു പടി ഉയര്‍ന്ന കരുതല്‍ സമൂഹം എടുക്കേണ്ടതുണ്ട്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരിക-മാനസിക വ്യതിയാനങ്ങള്‍ അത്രമാത്രം പുരുഷനില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതാണ്.
ഇന്ന് സ്ത്രീകളില്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്‌നത്തെ കുറിച്ച് അടുത്തിടെയായി പല റിപ്പോര്‍ട്ടുകളും സൂചന നല്‍കുന്നുണ്ട്. പിസിഒഎസ് അഥവാ 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം' എന്നതാണ് ഈ പ്രശ്‌നം. ഹോര്‍മോണ്‍ 'ബാലന്‍സ്' പ്രശ്‌നത്തിലാകുന്ന ഈ അവസ്ഥ പ്രധാനമായും ആര്‍ത്തവപ്രശ്‌നങ്ങളിലേക്കാണ് നയിക്കുക. ഇതുമൂലം വന്ധ്യതയ്ക്കുള്ള സാധ്യതയും ഏറുന്നു.
ഇവയ്ക്ക് പുറമെ അമിതഭാരം, വണ്ണം അസാധാരണമാം വിധം കുറയല്‍, മുഖക്കുരു, മുടികൊഴിച്ചില്‍, വിഷാദം, ക്ഷീണം എന്നിങ്ങനെ പലവിധത്തിലുള്ള വിഷമതകളിലേക്കും പിസിഒഎസ് സ്ത്രീകളെ നയിക്കുന്നുണ്ട്. പലപ്പോഴും വേണ്ടത്ര പ്രാധാന്യം ഈ ആരോഗ്യപ്രശ്‌നത്തിന് സ്ത്രീകളുള്‍പ്പെടെ തന്നെ നല്‍കാത്തത് ആശങ്കാജനകമാണെന്ന് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കാറുണ്ട്.
ഭക്ഷണത്തിലൂടെ ഒരു പരിധി വരെ പിസിഒഎസ് പ്രശ്‌നങ്ങളെ ലഘൂകരിക്കാനാകും. എന്നാല്‍ ഭക്ഷണവും അപര്യാപ്തമാകുന്ന ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് ആശ്വാസത്തിനായി സപ്ലിമെന്റുകളെ ആശ്രയിക്കാം. പക്ഷേ, സപ്ലിമെന്റുകള്‍ കഴിക്കും മുമ്പ് തീര്‍ച്ചയായും ഇക്കാര്യം ഡോക്ടറുമായി ചര്‍ച്ച ചെയ്തിരിക്കണം. ഏതായാലും അത്തരത്തില്‍ പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് കഴിക്കാവുന്ന നാല് സപ്ലിമെന്റുകളാണ് ഇനി പരിചയപ്പെടുത്തുന്നത്.
ഒന്ന്...
'ഇനോസിറ്റോള്‍' അല്ലെങ്കില്‍ 'മയോ-ഇനോസിറ്റോള്‍' എന്നറിയപ്പെടുന്ന വൈറ്റമിന് തുല്യമായൊരു ഘടകമുണ്ട്. ചില സസ്യങ്ങളിലും മൃഗങ്ങളിലുമെല്ലാം ഇത് കാണപ്പെടുന്നുണ്ട്. സിട്രസ് ഫ്രൂട്ട്‌സ്, ബ്രൗണ്‍ റൈസ്, ബീന്‍സ്, കോണ്‍ എന്നിങ്ങനെയുള്ള ഭക്ഷണസാധനങ്ങളിലെല്ലം ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തിലൂടെ പര്യാപ്തമായ അളവില്‍ ഈ ഘടകം ലഭ്യമാകുന്നില്ലെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റായി കഴിക്കാവുന്നതാണ്.
പിസിഒഎസ് ഉള്ള സ്ത്രീകളില്‍ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കാനും വന്ധ്യതയ്ക്കുള്ള സാധ്യത കുറയ്ക്കാനുമെല്ലാം ഇത് സഹായിക്കും.
രണ്ട്...
'ഒമേഗ-3' (ഫാറ്റിആസിഡ്) എന്നത് അവശ്യം ശരീരത്തിന് വേണ്ടൊരു ഘടകമാണ്. മത്സ്യമാണ് ഇതിന്റെ പ്രധാനപ്പെട്ടൊരു സ്രോതസ്. പിസിഒഎസ് ഉള്ളവരില്‍ വിശപ്പ് കുറയ്ക്കാനും അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.
ഇതിന് പുറമെ അണുബാധകള്‍ അകറ്റിനിര്‍ത്താനും 'ഡിപ്രഷന്‍' വിഷമതകളെ ലഘൂകരിക്കാനുമെല്ലാം 'ഒമേഗ-3' സഹായകമാണ്. ഇതും സപ്ലിമെന്റുകളുടെ രൂപത്തില്‍ ലഭ്യമാണ്.
മൂന്ന്...
വളരെയികം പ്രാധാന്യമുള്ളൊരു പോഷകമാണ് 'ക്രോമിയം'. ഷെല്‍ഫിഷ്, ബ്രൊക്കോളി, നട്ട്‌സ് എന്നിവയിലെല്ലാമാണ് 'ക്രോമിയം' സാധാരണയായി കാണപ്പെടുന്നത്. പ്രതിദിനം 50 മില്ലിഗ്രാം മുതല്‍ 200 മില്ലിഗ്രാം വരെ നമുക്കിതെടുക്കാവുന്നതാണ്. 'ക്രോമിയം' ഭക്ഷണത്തിലൂടെ ആവശ്യമായ അളവില്‍ ലഭ്യമാക്കുകയെന്നത് വിഷമമാണ്. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇത് സപ്ലിമെന്ഡറായി കഴിക്കാവുന്നതാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും അതുവഴി പല ആരോഗ്യപ്രശ്‌നങ്ങളെയും അകറ്റാനും ഇത് സഹായിക്കുന്നു.
നാല്...
നേന്ത്രപ്പഴം, പയറുവര്‍ഗങ്ങള്‍, ചീര, സാല്‍മണ്‍ മത്സ്യം, ബീന്‍സ് തുടങ്ങിയവയിലെല്ലാം അടങ്ങിയിരിക്കുന്ന 'അസറ്റൈല്‍ സിസ്റ്റീന്‍' എന്ന ഘടകവും പിസിഒഎസ് ഉള്ളവര്‍ക്ക് നല്ലതാണ്. ഇതും സപ്ലിമെന്റായി ലഭ്യമാണ്. വന്ധ്യതയ്ക്കുള്ള സാധ്യത കുറയ്ക്കാനാണ് ഇത് പ്രധാനമായും സഹായകമാകുന്നത്.
Also Read:- 'പിസിഒഡി'യെ പേടിക്കേണ്ട; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ...