ഗര്‍ഭിണികള്‍ക്കായി സ്‌പെഷ്യല്‍; അനുഷ്‌കയുടെ ഫോട്ടോകള്‍ പറയുന്നു...
ഡംഗരി, സ്‌കര്‍ട്ട്- ടോപ്പ് പോലുള്ള വസ്ത്രങ്ങളും മറ്റ് മെറ്റേണിറ്റി വെയറുകളുമെല്ലാം വലിയ വില കൊടുക്കാതെ തന്നെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും മറ്റും ലഭ്യമാണ്. ഇവയെല്ലാം ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാല അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പരീക്ഷിക്കാവുന്നതാണ്
അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ. ഗര്‍ഭകാലത്തെ ഓരോ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം അനുഷ്‌ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. എല്ലാത്തിനും കൂട്ടായി ഭര്‍ത്താവ് വിരാട് കോലിയുമുണ്ട്.
ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഘടനകളെല്ലാം തന്നെ മാറിമറിയുന്നുണ്ട്. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഏറെ ശ്രദ്ധിക്കേണ്ട തരത്തില്‍ പരിപൂര്‍ണ്ണ വിശ്രമം വരെ വേണ്ടിവരുന്ന സാഹചര്യം ഗര്‍ഭകാലത്തുണ്ടായേക്കാം.
അതിനാല്‍ ശരീരവും മനസും ഒരുപോലെ 'ഫ്രീ' ആക്കുവാനായാണ് ഗര്‍ഭിണികള്‍ ആദ്യം കരുതലെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വസ്ത്രങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. മിക്കവരും കയ്യിലുള്ള വസ്ത്രങ്ങളെല്ലാം തന്നെയാണ് ഗര്‍ഭകാലത്തും ഉപയോഗിക്കുക. 'ഫിറ്റ്' ആയവയാണെങ്കില്‍ അവ അല്‍പമൊന്ന് 'ലൂസ്' ആക്കിയെടുക്കുമെന്ന് മാത്രം.
എന്നാല്‍ ഗര്‍ഭിണിയായിരിക്കെ ആ സമയത്തെ ശരീരപ്രകൃതിക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ തന്നെ ധരിക്കുന്നതാണ് ഏറ്റവും ഉചിതം. നല്ല രീതിയില്‍ വായുസഞ്ചാരമുള്ളതും, സോഫ്റ്റായ മെറ്റീരിയലുപയോഗിച്ച് നിര്‍മ്മിച്ചതും, വയറിന് യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദം നല്‍കാത്തതുമായ വസ്ത്രങ്ങളാണ് നല്ലത്.
'മെറ്റേണിറ്റി വെയര്‍' എന്ന പേരില്‍ ഇത്തരത്തില്‍ ഗര്‍ഭകാലത്ത് ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ പ്രത്യേകമായി തന്നെ വിപണിയില്‍ ലഭ്യമാണ്. ഇവ എത്തരത്തിലെല്ലാം ഉള്ളതായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് അനുഷ്‌കയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍. ഗര്‍ഭിണിയാണെന്ന് അറിയിച്ചത് മുതല്‍ ഇന്‍സ്റ്റയില്‍ അനുഷ്‌ക പങ്കുവച്ചിട്ടുള്ള ഓരോ ചിത്രങ്ങളും ഇത് വ്യക്തമാക്കുന്നു.
പോള്‍ക ഡോട്ടഡ് ഫ്രോക്കിലായിരുന്നു ആദ്യ ചിത്രം. വയറിന്റെ ഭാഗത്തായി സ്‌ട്രെച്ച് വരുന്ന തരത്തിലായിരുന്നു ഇതിന്റെ ഡിസൈന്‍. ഗര്‍ഭകാലത്തിലെ ആദ്യ മൂന്ന് മാസക്കാലത്തേക്ക് തികച്ചും അനുയോജ്യമായ വസ്ത്രം. സ്‌കര്‍ട്ടും ടോപ്പും ബിക്കിനിയുമെല്ലാം ഇക്കാലയളവില്‍ വേണമെങ്കില്‍ ധരിക്കാമെന്ന് അനുഷ്‌ക തന്റെ ചിത്രങ്ങളിലൂടെ തെളിയിക്കുന്നു.
എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഗര്‍ഭിണി ധരിക്കുന്ന വസ്ത്രങ്ങളുടെ അളവും ഘടനയുമെല്ലാം മാറേണ്ടതുണ്ട്. ഇത് വ്യക്തമാക്കുന്ന പുതിയൊരു ചിത്രം കൂടി ഇന്ന് അനുഷ്‌ക പങ്കുവച്ചിരിക്കുന്നു. പാസ്റ്റല്‍ പീച്ച് നിറത്തിലുള്ള 'ഡംഗരി'യാണ് ഈ ചിത്രത്തില്‍ അനുഷ്‌കയുടെ വേഷം. കോട്ടണ്‍ മെറ്റീരിയലില്‍ വളരെ 'റിലാക്‌സ്ഡ്' ആയ ഡിസൈനാണ് ഇതിനുള്ളത്.
കാണുമ്പോള്‍ തന്നെ ഏറെ സന്തോഷവും സമാധാനവും തോന്നിക്കുന്ന വസ്ത്രമെന്നാണ് നിരവധി വനിതാ ആരാധകരുടെ കമന്റ് തന്നെ. സാധാരണഗതിയില്‍ നൈറ്റിയാണ് നമ്മുടെ നാട്ടില്‍ ഗര്‍ഭിണികള്‍ വ്യാപകമായി ഉപയോഗിക്കുന്ന വസ്ത്രം. അയവുള്ള ഫ്രോക്കുകളും ഇപ്പോള്‍ ഏറെ പേര്‍ ഉപയോഗിച്ചുവരുന്നു. ഡംഗരി, സ്‌കര്‍ട്ട്- ടോപ്പ് പോലുള്ള വസ്ത്രങ്ങളും മറ്റ് മെറ്റേണിറ്റി വെയറുകളുമെല്ലാം വലിയ വില കൊടുക്കാതെ തന്നെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും മറ്റും ലഭ്യമാണ്. ഇവയെല്ലാം ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാല അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പരീക്ഷിക്കാവുന്നതാണ്. ഗര്‍ഭകാലം ആശ്വാസകരവും സന്തോഷപ്രദവുമാക്കുന്നതില്‍ തീര്‍ച്ചയായും വസ്ത്രങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല.
Also Read:- മെറ്റേർണിറ്റി ഡ്രസ്സില്‍ അതിമനോഹരിയായി പേളി മാണി...