വോയ്‌സ് ട്രാൻസ്ക്രൈബ് ഫീച്ചറുമായി വാട്‌സ്ആപ്പ്; സംഭവം തകര്‍ക്കും!
വാട്ട്സ്‌ആപ്പിന്‍റെ 2.24.7.8 ആൻഡ്രോയിഡ് ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്
നീണ്ട മെസെജുകൾ ടൈപ്പ് ചെയ്ത് അയയ്ക്കാൻ മടിയുള്ളത് കൊണ്ട് നാം പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒന്നാണ് വാട്‌സ്ആപ്പിലെ വോയിസ് മെസെജുകൾ. എന്നാൽ ഈ വോയിസ് നോട്ടുകൾ കിട്ടുന്നതിൽ പലരും ഇത് കേൾക്കാനാകുന്ന സാഹചര്യത്തിൽ ആകണമെന്നില്ലല്ലോ. ഇത്തരം സാഹചര്യങ്ങളിൽ ടെക്സ്റ്റ് മെസെജായിരിക്കും എളുപ്പം. ഇനി രണ്ടുകൂട്ടർക്കും മെസെജുകൾ അയയ്ക്കലും വായിക്കലും എളുപ്പമാകും. എങ്ങനെയെന്നല്ലേ... പുതിയ ട്രാസ്‌ക്രൈബ് ഓപ്ഷൻ വഴി റെക്കോർഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തർജ്ജമ ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചറാണിത്. ഹിന്ദി, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷകളിലാവും തുടക്കത്തിൽ ഈ സൗകര്യം ലഭിക്കുക.
വാട്‌സ്‌ആപ്പിന്‍റെ 2.24.7.8 ആൻഡ്രോയിഡ് ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റ് ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇതുവഴി ആപ്പിലെത്തും. പിന്നെ ആപ്പിൽ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാൻസ്‌ക്രൈബ് ചെയ്യാനാവും. ഫോണിൽ തന്നെയാവും ഈ ഫീച്ചറിന്റെ പ്രൊസസിങ് നടക്കുക. ശബ്ദ സന്ദേശങ്ങളുടെ എന്‍ഡ് ടു എന്‍ഡ് എൻക്രിപ്ഷൻ സുരക്ഷ ഉറപ്പുവരുത്താൻ ഇത് സഹായിക്കും എന്നാണ് സൂചനകൾ.
കഴിഞ്ഞ ദിവസം ചിത്രങ്ങളും വീഡിയോകളും സ്ഥിരമായി അയക്കുന്നവർക്ക് സഹായകമാകുന്ന അപ്‌ഡേഷൻ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. അയക്കുന്ന ഫയലിൻറെ മീഡിയ ക്വാളിറ്റി മുൻകൂറായി സെറ്റ് ചെയ്‌തുവയ്‌ക്കാനുള്ള ഓപ്ഷനാണിത്. ഇതോടെ ഓരോ ഫയലിനുമായി എച്ച്‌ഡി മോഡ് സെലക്‌ട് ചെയ്യുക എന്ന കടമ്പ ഒഴിവാക്കാനാകും. ഇതിനായി മീഡിയ അപ്‌ലോഡ് ക്വാളിറ്റി ഓപ്‌ഷനിൽ ചെന്ന് എച്ച്‌ഡി ഓപ്‌ഷൻ തിരഞ്ഞെടുത്ത് സെറ്റ് ചെയ്‌താൽ മതി. ആപ്പ് തുറന്ന് സെറ്റിങ്സിലെ സ്റ്റോറേജ് ആന്റ് ഡാറ്റ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ 'മീഡിയ അപ്‌ലോഡ് ക്വാളിറ്റി' എന്നൊരു ഓപ്ഷൻ കാണാം. സ്റ്റാൻഡേർഡ് ക്വാളിറ്റി, എച്ച്‌ഡി ക്വാളിറ്റി എന്നീ രണ്ട് ഓപ്ഷനുകൾ ഇതിനുള്ളിലുണ്ട്. ഇവയിൽ നിന്ന് എച്ച്‌ഡി ക്വാളിറ്റി സെലക്ട് ചെയ്താൽ സംഗതി സിമ്പിളായി കഴിയും.
Read more: ഇൻസ്റ്റഗ്രാമിനും അപരനോ; ആപ്പ് കണ്ട് കണ്ണുതള്ളി നിരവധിയാളുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം