ട്വിറ്റര്‍ നോഡല്‍ ഓഫീസറായി മലയാളിയായ ഷാഹിന്‍ കോമത്തിനെ നിയമിച്ചു
ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഷാഹിന്‍ കോമത്തിനെ നിയമിച്ച കാര്യം ട്വിറ്റര്‍ അറിയിച്ചത്.
ദില്ലി: പുതുക്കിയ ഐടി നയങ്ങള്‍ അനുസരിച്ച് സോഷ്യല്‍ മീഡിയ കമ്പനികള്‍ നോഡല്‍ ഓഫീസറെ നിയമിക്കണം. സര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, കേള്‍ക്കാനുമാണ് തദ്ദേശീയനായ ഒരു ഓഫീസറെ വയ്ക്കാന്‍ ഐടി ഇന്‍റര്‍മീഡിയറി ചട്ടം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിക്കാത്തതിന് ഏറെ വിമര്‍ശനം കേട്ട സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കാണ് ട്വിറ്റര്‍. ഒടുവില്‍ ട്വിറ്ററും നോഡല്‍ ഓഫീസറെ വച്ചു.
കൊച്ചി സ്വദേശിയായ മലയാളി ഷാഹിന്‍ കോമത്താണ് ഈ സ്ഥാനത്തേക്ക് ട്വിറ്റര്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഷാഹിന്‍ കോമത്തിനെ നിയമിച്ച കാര്യം ട്വിറ്റര്‍ അറിയിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളും മറ്റും ഉന്നയിക്കുന്ന നിയമ വിഷയങ്ങള്‍ അഭിമുഖീകരിക്കുകയും, ട്വിറ്ററിന് വേണ്ടി വിശദീകരണവും പരിഹാരവും നല്‍കുകയുമാണ് നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസറുടെ ദൌത്യം.
നേരത്തെ ടിക്ടോക് ഉടമകളായ ബൈറ്റ് ഡാന്‍സിന്‍റെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷാഹിന്‍ കോമത്ത്. വോഡഫോണിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ട്വിറ്റര്‍ വൈകിയതിനെ ദില്ലി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും വിഷയത്തില്‍ ട്വിറ്ററിനെതിരെ പ്രതികരിച്ചിരുന്നു.