പാർക്കിൻസൺസ് ഉണ്ടോ ? സ്മാർട്ട് വാച്ച് തരും സൂചനകൾ
രോഗം വരാൻ സാധ്യതയുള്ള വ്യക്തികളെ പ്രവചിക്കുന്നതിനും കാലക്രമേണ രോഗത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള കണക്കുകൾ നൽകുന്നതിനും ഈ മാതൃക സഹായകമായതായി ഗവേഷണം പറയുന്നു.
സന്‍ഫ്രാന്‍സിസ്കോ: സ്മാർട്ട് വാച്ചത്ര ചില്ലറക്കാരനല്ലെന്ന് പഠനങ്ങൾ. പാർക്കിൻസൺസ് രോഗം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥകൾ കണ്ടെത്താൻ സ്മാർട്ട് വാച്ച് സഹായിക്കുമെന്നാണ് പുതിയ ഗവേഷണങ്ങൾ പറയുന്നത്. സ്‌കൈ ന്യൂസ് പറയുന്നതനുസരിച്ച്, പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട മനുഷ്യരുടെ ചലന രീതികളിലെ മാറ്റങ്ങൾ കണ്ടെത്താൻ സ്മാർട്ട് വാച്ചുകൾക്ക് കഴിയും. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് പറയുന്നത്.
ഏഴ് ദിവസം തുടർച്ചയായി സ്മാർട്ട് വാച്ചുകൾ ധരിച്ച 103,000 പേരെ ഗവേഷകർ പഠനത്തിന് വിധേയരാക്കി. സ്മാർട്ട് വാച്ച് ഈ വ്യക്തികളുടെ ചലനങ്ങളുടെ വേഗത അളന്നതായി കണ്ടെത്തി. ദി ഇൻഡിപെൻഡന്റ് പറയുന്നത് അനുസരിച്ച്, സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ച് വ്യക്തികളുടെ ചലന സിഗ്നലുകൾ ട്രാക്കുചെയ്ത ശേഷം പാർക്കിൻസൺസ് രോഗം കണ്ടെത്തിയ വ്യക്തികളിൽ നിന്നുള്ള വിവരങ്ങളുമായി ഈ ഡാറ്റ താരതമ്യം ചെയ്തു.
രോഗം വരാൻ സാധ്യതയുള്ള വ്യക്തികളെ പ്രവചിക്കുന്നതിനും കാലക്രമേണ രോഗത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള കണക്കുകൾ നൽകുന്നതിനും ഈ മാതൃക സഹായകമായതായി ഗവേഷണം പറയുന്നു. പാർക്കിൻസൺസ് രോഗം വരാൻ സാധ്യതയുള്ള ആളുകളെ 90 ശതമാനം കൃത്യതയോടെ തിരിച്ചറിയാൻ ഇതിലൂടെ ഗവേഷകർക്ക് കഴിഞ്ഞു.പാർക്കിൻസൺസ് രോഗത്തിനുള്ള സ്ക്രീനിംഗ് ഉപകരണമായി സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കാമെന്ന് ഈ ഗവേഷണം സൂചിപ്പിക്കുന്നു.
നേരത്തെ രോഗനിർണയം നടത്തുന്നതിലൂടെ മികച്ച വിദഗ്ധസഹായം ലഭ്യമാക്കാനാകും. തലച്ചോറിലെ സിരാകേന്ദ്രങ്ങൾ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാർക്കിൻസൺസ്.ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന 'ഡോപാമിൻ' എന്ന ന്യൂറോ ട്രാൻസ്മിറ്റർ നിർമിക്കുന്ന കോശങ്ങളാണ് രോഗം മൂലം നശിക്കുന്നത്.
ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ് രോഗലക്ഷണങ്ങൾ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയാണ് ഇത് ബാധിക്കുക. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും വിറയലുണ്ടാകും.
സ്‌മാർട്ട്‌ഫോണുകളിൽ നിന്നുള്ള തീയതി, സമയം, അറിയിപ്പുകൾ എന്നിവയ്ക്ക് പുറമെ ആരോഗ്യം ട്രാക്കുചെയ്യുന്നതിനുള്ള ഉപകരണമായി സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. ആപ്പിൾ വാച്ച് പോലെയുള്ള ഉയർന്ന നിലവാരമുള്ള സ്മാർട്ട് വാച്ചുകൾ പലപ്പോഴും ഉപയോക്താക്കളുടെ ജീവൻ രക്ഷിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
ട്വിറ്ററിന്‍റെ എതിരാളിയായി ത്രെഡ് നാളെയെത്തും; മസ്ക് സക്കർബർഗ് പോര് മുറുകും
ടിക് ടോകിന്‍റെ സ്വദേശി ബദല്‍ ചിങ്കാരിയില്‍ കൂട്ടപ്പിരിച്ച് വിടല്‍