വൻകിട കമ്പനികൾ കൂട്ടപിരിച്ചുവിടൽ നടത്തുമ്പോൾ കൂടുതൽ നിയമന സാധ്യതകളുമായി സാംസങ്ങ്
ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്തുകയാണ് കൊറിയൻ കമ്പനിയായ സാംസങിന്റെ ലക്ഷ്യം.
മെറ്റ, മൈക്രോസോഫ്റ്റ്, ട്വിറ്റർ, ആമസോൺ തുടങ്ങിയ കമ്പനികൾ പിരിച്ചുവിടലുകൾ തുടരുന്നതിന് ഇടയില്‍ വ്യത്യസ്ത നിലപാടുമായി സാംസങ്ങ്. ആഗോളവൻകിട കമ്പനികൾ കൂട്ടപിരിച്ചുവിടൽ നടത്തുമ്പോൾ കൂടുതൽ നിയമനങ്ങൾ നടത്തുകയാണ് സാംസങ്ങ്. ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്തുകയാണ് കൊറിയൻ കമ്പനിയായ സാംസങിന്റെ ലക്ഷ്യം. ഐ.ഐ.ടി.കളിൽ നിന്നും മുൻനിര എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുമായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 1,000 പേരെ നിയമിക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.
ബെംഗലുരു, നോയിഡ, ഡൽഹി എന്നി സ്ഥലങ്ങളിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും ബെംഗളൂരുവിലുള്ള സാംസങ് സെമികണ്ടക്ടർ ഇന്ത്യ റിസർച്ചിലേക്കുമാണ് പുതിയ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. നിർമിതബുദ്ധി, മെഷീൻ ലേണിങ്, ഇമേജ് പ്രോസസിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, കണക്ടിവിറ്റി, ക്ലൗഡ്, ബിഗ് ഡേറ്റ, പ്രൊഡക്ടീവ് അനാലിസിസ്, വിവരശേഖരണം എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളിലെ ഗവേഷണപ്രവർത്തനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. 2023 ൽ ഇവരുടെ നിയമനം നടക്കും. ഈ നിയമന സീസണിൽ, ഐഐടി മദ്രാസ്, ഐഐടി ഡൽഹി, ഐഐടി ഹൈദരാബാദ്, ഐഐടി ബോംബെ, ഐഐടി റൂർക്കി, ഐഐടി ഖരഗ്പൂർ, ഐഐടി കാൺപൂർ, ഐഐടി ഗുവാഹത്തി, ഐഐടി ബിഎച്ച്യു തുടങ്ങിയ പ്രമുഖ ഐഐടികളിൽ നിന്നുള്ള 200 ഓളം എൻജിനീയർമാരെ സാംസങ് നിയമിക്കും.
ഐഐടികളിലെയും മറ്റ് മികച്ച സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് 400-ലധികം പ്രീ പ്ലേസ്‌മെന്റ് ഓഫറുകളും (പിപിഒ) കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇന്ത്യയിലെ സാംസങ് ഗവേഷണ കേന്ദ്രങ്ങൾ മൾട്ടി-ക്യാമറ സൊല്യൂഷനുകൾ, ടെലിവിഷനുകൾ, ഡിജിറ്റൽ ആപ്ലിക്കേഷനുകൾ, 5ജി, 6ജി, അൾട്രാ വൈഡ്ബാൻഡ് വയർലെസ് കമ്മ്യൂണിക്കേഷൻസ് പ്രോട്ടോക്കോൾ തുടങ്ങിയ മേഖലകളിൽ 7,500-ലധികം പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ പേറ്റന്റുകളിൽ പലതും സാംസങ് മുൻനിര ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ, ഡിജിറ്റൽ ആപ്ലിക്കേഷനുകൾ എന്നിവയിലായി വാണിജ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ വെച്ച് നടത്തിയ കണ്ടുപിടിത്തങ്ങൾക്കായുള്ള ഒന്നാം നമ്പർ പേറ്റന്റ് ഫയലറായി ഉയർന്നു വന്നിരിക്കുന്നത് സാംസങ്ങാണ്.