റിയൽമീക്കെതിരെ ഗുരുതരമായ ആരോപണം; അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ഉപകരണം സംബന്ധിച്ച വിവരങ്ങൾ, യുസേജ് സ്റ്റാറ്റിസ്റ്റിക്‌സ് ഉൾപ്പടെയുള്ള ഉപഭോക്തൃ വിവരങ്ങൾ എന്നിവ റിയല്‍മീ ശേഖരിച്ചുവെന്നാണ് പറയുന്നത്.
ദില്ലി: സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമീക്കെതിരെ ഉയർന്ന ആരോപണം അന്വേഷിക്കുമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. റിയൽമി എൻഹാൻസ്ഡ് ഇന്റലിജന്റ് സർവീസസ് എന്ന ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയർന്നത്. ഋഷി ബാഗ്രീ എന്ന ഉപയോക്താവാണ് ട്വിറ്റർ വഴി ഇതിനെക്കുറിച്ച് പങ്കുവെച്ചത്.
ഉപകരണം സംബന്ധിച്ച വിവരങ്ങൾ, യുസേജ് സ്റ്റാറ്റിസ്റ്റിക്‌സ് ഉൾപ്പടെയുള്ള ഉപഭോക്തൃ വിവരങ്ങൾ എന്നിവ ശേഖരിച്ചുവെന്നാണ് പറയുന്നത്. എൻഹാൻസ്ഡ് ഇന്റലിജന്റ് സർവീസസ് എന്ന പേരിലുള്ള റിയൽമി സ്മാർട്‌ഫോണിലെ ഫീച്ചർ കോൾ ലോഗ്, എസ്എംഎസ്, ലൊക്കേഷൻ വിവരങ്ങൾ അടങ്ങുന്ന ഉപഭോക്തൃ വിവരങ്ങൾ എന്നിവ ശേഖരിക്കുന്നുണ്ട്. ടോഗിൾ ബട്ടൺ ഉണ്ടെങ്കിലും ഡിഫോൾട്ട് ആയി ഇത് ആക്ടീവായിരിക്കുമെന്നും അദ്ദേഹം ട്വിറ്റിൽ പറയുന്നു.
സമ്മതമില്ലാതെയാണ് ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നത്. ഇത് ചൈനയിലേക്കാണോ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. സെറ്റിങ്സ് - അഡീഷണൽ സെറ്റിങ്സ് - സിസ്റ്റം സർവീസസ് - എൻഹാൻസ്ഡ് ഇന്റലിജന്റ് സർവീസസ് ചെക്ക് ചെയ്താൽ ഈ ഫീച്ചർ കാണാനാകുമെന്നും ട്വീറ്റിൽ പറയുന്നു. പുതിയ റിയൽമീ ഫോണുകളിലാണ് ഈ ഫീച്ചറുള്ളത്.
റിയൽമീ 11 പ്രോയിലും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റിലും ഓപ്പോ റെനോ 7 5ജിയിലും ഈ ഫീച്ചർ ഉണ്ടെന്നാണ് സൂചന. ഉപകരണത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി, ഉപയോക്താക്കളുടെ എക്സ്പീരിയൻസ് മികച്ചതാക്കാനുള്ള ഫീച്ചറാണിത് എന്നാണ് റിയൽമിയുടെ വാദം. ഫീച്ചറിനുള്ള പെർമിഷൻ ഓഫ് ചെയ്താൽ അത് പ്രയോജനപ്പെടുത്തുന്ന ആപ്പുകളുടെ പ്രവർത്തനം നിലയ്ക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
ഉപയോക്താവിന്റെ അനുവാദമില്ലാതെ ഇത്തരത്തിൽ ഡാറ്റ ശേഖരിക്കുന്നതാണ് പ്രശ്നം. ഋഷി യുടെ പരാതിയിൽ കമ്പനി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ചൈനീസ് കമ്പനിയായ ബിബികെ ഇലക്ട്രോണിക്‌സിന്റെ കീഴിലുള്ള കമ്പനിയാണ് റിയൽമി. വിവോ, ഓപ്പോ, വൺപ്ലസ്, ഐഖൂ എന്നിങ്ങനെ ഇന്ത്യയിലെ മുൻനിര ചൈനീസ് ബ്രാൻഡുകളെല്ലാം ബിബികെ ഇലക്ട്രോണിക്‌സിന്റേതാണ്.
റിയൽമീ ഇന്ത്യ തലവന്‍ മാധവ് സേത്ത് കമ്പനി വിട്ടു; കാരണം ഇത്.!