കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശം; വാര്‍ത്ത മാധ്യമം ന്യൂസ് ക്ലിക്കിന്‍റെ എക്സ് ഹാൻഡിൽ സസ്പെൻഡ് ചെയ്തു
കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ശക്തമായതോടെയാണ് നടപടി എന്നാണ് വിവരം.
ദില്ലി: വിവാദ ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്‍റെ X ഹാൻഡിൽ സസ്പെൻഡ് ചെയ്തു.കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ശക്തമായതോടെയാണ് നടപടി എന്നാണ് വിവരം.
നേരത്തെ സൈറ്റിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഹൈകോടതി മുൻ ജഡ്ജിയടക്കം നൂറോളം പൗരപ്രമുഖർ കത്തെഴുതിയിരുന്നു.
ആന്ധ്ര ഹൈക്കോടതി മുൻ ജഡ്ജി ശ്രീധർ റാവു അടക്കമുള്ള പ്രമുഖരാണ് രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഇന്ത്യാ വിരുദ്ധതയിൽ അഗാധമായി വേദനിക്കുന്ന ഇന്ത്യക്കാരെന്ന നിലയിലാണ് കത്തെഴുതുന്നതെന്നും വ്യാജ വാർത്താ കച്ചവടക്കാരിൽ നിന്നും നിക്ഷിപ്ത ലോബികളിൽ നിന്നും ഇന്ത്യ വിരുദ്ധത പുറത്തുവരികയാണെന്നും കത്തിൽ പറയുന്നു.
ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണം ന്യൂസ് ക്ലിക്ക് എന്ന വാർത്താ പോർട്ടലിനെ തുറന്നുകാട്ടിയെന്നും ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്നും കത്തിൽ പറഞ്ഞു. ഇത്തരം ശക്തികളെ പരിശോധിക്കണമെന്നും ജനാധിപത്യത്തിൽ ഇടപെടാൻ ശ്രമിക്കുകയും ചെയ്യുന്ന വിദേശ ശക്തികളെ നിയന്ത്രിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
'സ്വതന്ത്ര മാധ്യമ'ത്തിന്റെ വേഷത്തിന് കീഴിൽ ശത്രുശക്തികൾ ഇന്ത്യക്കെതിരെ പ്രവർത്തിക്കുകയാണ്. ഇത് ദേശീയതയെ മാത്രമല്ല ദോഷകരമായി ബാധിക്കുകയെന്നും കത്തിൽ പറഞ്ഞു. 2018 നും 2021 നും ഇടയിൽ 76.9 കോടി രൂപയുടെ വിദേശ ഫണ്ടിംഗും കള്ളപ്പണം വെളുപ്പിക്കൽ കേസുമായും ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2021ൽ ന്യൂസ്‌ക്ലിക്കിൽ റെയ്ഡ് നടത്തിയിരുന്നു. സ്ഥാപകനും എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർക്കയസ്തയുടെ വീട്ടിലും റെയ്ഡ് നടത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (CCP) സഹായിയായി പ്രവർത്തിക്കുന്നയാളാണ് നെവിൽ റോയ് സിംഗം എന്നത് വ്യക്തമാണ്. ഇയാൾ ന്യൂസ് ക്ലിക്കിന് വൻതുക കൈമാറിയെന്നത് ഭയപ്പെടുത്തുന്ന സംഭവമാണെന്നും കത്തിൽ വ്യക്തമാക്കി.
ന്യൂസ് ക്ലിക്ക് വെബ്സൈറ്റില്‍ അമേരിക്കന്‍ വ്യവസായി നിക്ഷേപം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ചൈനീസ് അജണ്ടകള്‍ വെബ്സൈറ്റിലൂടെ നടപ്പാക്കിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അടിസ്ഥാനമാക്കി ബിജെപി ആരോപിച്ചിരുന്നു. പാര്‍ലമെന്റിൽ അവിശ്വാസ പ്രമേയ ചർച്ചക്കിടെയായിരുന്നു ബിജെപി എംപി സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്.
ഇന്ത്യയില്‍ വ്യാജവാർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ