ചാറ്റ് ജിപിടിയുമായി കൈകോര്‍ത്ത് ബിങ്; നല്ലത് പറഞ്ഞ് ചിലര്‍, ഒപ്പം കടുത്ത വിമര്‍ശനങ്ങളും.!
എന്നാല്‍ എഐ പരീക്ഷണങ്ങളുടെ പരാജയവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ പലരും പുതിയ സംവിധാനത്തിനെതിരെ ഉയര്‍ത്തുന്നുണ്ട്.
ന്യൂയോര്‍ക്ക്: ചാറ്റ് ജിപിടിയുമായി സംയോജിച്ച മൈക്രോസോഫ്റ്റ് എഞ്ചിന്‍ ബിങ് ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. എന്നാല്‍ വസ്തുതകൾ അറിയാനുള്ള സേർച്ചിന് പറ്റിയ എഐ മോഡലല്ല ബിങ് സെർച്ചിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. മാർഗരറ്റ് മിച്ചലാണ് ഈ വിമര്‍ശനത്തിന് പിന്നില്‍. ചാറ്റ്ജിപിടി അധിഷ്ഠിത ബിങിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയ സാഹചര്യത്തിലാണ് മാർഗരറ്റിന്‍റെ വിമര്‌ശനം ശ്രദ്ധേയമാകുന്നത്. ഗൂഗിളിന്റെ എത്തിക്സ് വിഭാഗത്തിന്റെ നേതൃസ്ഥാനത്തെ മുൻജീവനക്കാരിയാണ് മാർഗരറ്റ്.
നിലവിൽ ഹഗിങ് ഫെയ്സ് എന്നൊരു എഐ കമ്പനി നടത്തുകയാണ് മാർഗരറ്റ്. എഐക്കു പരിശീലനം നല്കിയിരിക്കുന്നത് കൊണ്ട് മനുഷ്യൻ പ്രതികരിക്കുന്നതുപോലെ , വിശ്വസനീയമായ രീതിയിൽ അത് പ്രതികരിക്കുന്നു. ഇതപകടമാണ്. തെറ്റുകൾ സംഭവിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരാം. ജിപിടി-3 കേന്ദ്രീകൃതമായാണ് ബിങ് പ്രവർത്തിക്കുന്നത്. പക്ഷേ ബിങ്ങിൽ നിരവധി പ്രശ്നങ്ങൾ ഇതിനോടകം തന്നെ ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നാണ് വിവരം.
ബിങ്ങിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും മൈക്രോസോഫ്റ്റ് ബിങ് ചാറ്റ് ജിപിടി സംയോജനവുമായി മുന്നോട്ട് നീങ്ങുകയാണ്. സെര്‍ച്ചില്‍ ഗൂഗിളിന്റെ മേല്‍ക്കോയ്മ തകര്‍ക്കാനാകുമോ എന്നു പരീക്ഷിക്കാന്‍ തന്നെയാണ് മൈക്രോസോഫ്റ്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു ചാറ്റ്ബോട്ടുമായി മൈക്രോസോഫ്റ്റ് രംഗ പ്രവേശനം ചെയ്യുന്നത് ആദ്യമായി അല്ല. ടെയ് (Tay) എന്ന പേരില്‍ 2016ല്‍ കമ്പനി ഒരു എഐ സേര്‍ച്ച് ബോട്ടിനെ ട്വിറ്ററില്‍ അവതരിപ്പിച്ചിരുന്നു. വെറും 16 മണിക്കൂറിനുളളില്‍ അതു അവസാനിപ്പിച്ചെന്നാണ് ചരിത്രം. ടെയ് പന്തിയല്ലാത്ത ഉത്തരങ്ങള്‍ നല്‍കിയതായിരുന്നു കാരണം. പക്ഷേ, ഇക്കുറി പഴയ പരാജയത്തില്‍ നിന്ന് കമ്പനി പാഠം ഉള്‍ക്കൊണ്ടിരിക്കാമെന്ന സൂചനയും ഉണ്ട്. ബിങ് ചാറ്റ് ഉപയോഗിക്കുന്നവരുടെ പ്രതികരണം മനസ്സിലാക്കി പുതിയ പുതിയ മാറ്റങ്ങള്‍ അതിവേഗം നടപ്പിലാക്കും എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുന്നു.
എന്നാല്‍ എഐ പരീക്ഷണങ്ങളുടെ പരാജയവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ പലരും പുതിയ സംവിധാനത്തിനെതിരെ ഉയര്‍ത്തുന്നുണ്ട്. പരീക്ഷണ ഘട്ടത്തെ പ്രവർത്തനം കണ്ടാണ് പലരും എഐ ടൂളുകൾ വാങ്ങുന്നത്. കോവിഡ് കാലത്ത് എക്സ്റെയിൽ വൈറസിനെ 99 ശതമാനം കൃത്യതയോടെ കണ്ടെത്തുമെന്ന അവകാശവാദവുമായി നിരവധി കമ്പനികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ആശുപത്രികളിൽ ഉപയോഗിച്ചപ്പോൾ ഇവയൊന്നും പ്രയോജനം ചെയ്തില്ലെന്ന് ബ്ലൂംബർഗ് പറയുന്നു. നിലനിന്നിരുന്ന പരമ്പരാഗത ടൂളുകളെക്കാൾ ഒരടി മുന്നോട്ടു പോകാൻ എഐക്കും സാധിച്ചില്ലെന്നാണ് ചിലരുടെ വിമര്‍ശനം. ഇലക്ട്രിക് വാഹന നിർമാതാവായ ടെസ്ലയ്ക്കും ഇതെ അബദ്ധമാണ് പറ്റിയത്.
എഐയിൽ തന്നെ പ്രവർത്തിക്കുന്ന ഫുൾ സെൽഫ്ഡ്രൈവിങ് ബീറ്റാ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത 360,000 ലേറെ വാഹനങ്ങൾ കമ്പനി ഇതിനകം തിരിച്ചുവിളിക്കേണ്ടി വന്നിട്ടുണ്ട്. ജോലിക്കാരോട് തങ്ങളുടെ ചാറ്റ്ബോട്ടായ ബാർഡിനോട് എല്ലാ ദിവസവും 2-4 മണിക്കൂർ ഇടപെടണമെന്ന് ആവശ്യമാണ് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ ഉന്നയിച്ചിരിക്കുന്നത്. അതേ സമയം ചാറ്റ്ജിപിടിയും ബിങ്ങുമായുള്ള ഗൂഗിളിന്റെ മത്സരം ഇതോടെ ശക്തമാകുമെന്നാണ് നിഗമനം. പുതിയ സെർച്ച് രീതി ഗൂഗിളിനും ആവേശം പകർന്നിട്ടുണ്ട്. ഭാവിയിലെ സെർച്ച് രീതികൾ മാറാൻ സാധ്യതയെറെയാണെന്നാണ് സൂചന.
കേന്ദ്ര പദ്ധതികള്‍ ജനങ്ങളെ അറിയിക്കാന്‍ ചാറ്റ് ജിപിടിയെ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
'ബാർഡ് ഇറക്കി മാനഹാനി, ധനനഷ്ടം' ; സുന്ദര്‍ പിച്ചൈയ്ക്കെതിരെ ഗൂഗിളില്‍ മുറുമുറുപ്പ്.!