ആമസോണ്‍ ജീവനക്കാരെ പിരിച്ചുവിട്ടത് മാന്യമായി; സംഭവം ഇങ്ങനെയായിരുന്നു
ആമസോണിന്‍റെ പിരിച്ചുവിടൽ പ്രക്രിയയിൽ സുഗമമായിരുന്നു, മാത്രമല്ല ജീവനക്കാർക്കുള്ള മെയില്‍ അടക്കം ആക്‌സസ് പെട്ടെന്ന് തടഞ്ഞില്ല.
ദില്ലി: ആമസോണിന്‍റെ ഇന്ത്യയിലെ പിരിച്ചുവിടല്‍ സുഗമമായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിടല്‍ ബാധിച്ചത്. എന്നാല്‍ വളരെ മാന്യമായി ആമസോണ്‍ ഇത് കൈകാര്യം ചെയ്തുവെന്നാണ് വിവരം. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്നും ജീവനക്കാരെ നേരിട്ടുള്ള കൂടികാഴ്ചയ്ക്ക് ആമസോണ്‍ വിളിച്ചുവരുത്തി.
ജീവനക്കാരെ അത്യാവശ്യമായി ആമസോൺ തിരിച്ചുവിളിച്ചത് അടുത്ത ദിവസങ്ങളിലാണ്. വൺ ടു വൺ മീറ്റിങ് ഷെഡ്യൂളാണ് ജീവനക്കാർക്ക് നല്കിയത്. സീനിയർ മാനേജരാണ് ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ അയച്ചിരിക്കുന്നത്. മീറ്റിങിന് എത്തിച്ചേരേണ്ടതിന്‍റെ കാരണം മെയിലിൽ വ്യക്തമാക്കിയിരുന്നില്ല. മീറ്റിങിന് പങ്കെടുക്കാൻ ഫ്ലൈറ്റ് ബുക്ക് ചെയ്യണമെന്നും അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകൾക്കും ഹോട്ടൽ താമസത്തിനും ചെലവാകുന്ന പണം കമ്പനി തിരികെ നൽകുമെന്നും അറിയിച്ചിരുന്നു.
മീറ്റിംഗ് ദിവസം, മീറ്റിംഗിന് എത്തിയ ജീവനക്കാർ സീനിയർ മാനേജരുമായും എച്ച്‌ആറുമായും കൂടിക്കാഴ്ച നടത്തി. അപ്പോഴാണ് പിരിച്ചുവിടലിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ജീവനക്കാരെ അറിയിച്ചത്. വ്യക്തിഗത മീറ്റിംഗിൽ നടപടിക്രമങ്ങളെ കുറിച്ചും പിരിച്ചുവിടലിനെ തുടർന്നുള്ള സാമ്പത്തിക കാര്യങ്ങളുടെ വിശദാംശങ്ങളെ പറ്റിയും മാനേജരും എച്ച്‌ആറും വിശദീകരിച്ചു. ട്വിറ്ററിൽ നിന്ന് വ്യത്യസ്തമായി, ആമസോണിന്‍റെ പിരിച്ചുവിടൽ പ്രക്രിയ സുഗമമായിരുന്നു, മാത്രമല്ല ജീവനക്കാർക്കുള്ള മെയില്‍ അടക്കം ആക്‌സസ് പെട്ടെന്ന് തടഞ്ഞില്ല.
ആമസോണിലെ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിരിച്ചുവിടൽ ഏകദേശം 2300 ജീവനക്കാരെ കൂടി ബാധിക്കുമെന്നായിരുന്നു സൂചന. നേരത്തെ 18000 പേർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിത്. യു.എസിലെ തൊഴിൽ നിയമം അനുസരിച്ച് കൂട്ടപ്പിരിച്ചുവിടലിന് 60 ദിവസം മുൻപ് തന്നെ പിരിച്ചുവിടൽ ബാധിക്കുന്ന ജീവനക്കാരെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കണം. യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിലവിലെ പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ടെക് കമ്പനികൾ മുഴുവൻ സമയ ജോലി ഓഫറുകൾ പിൻവലിച്ചു. ആമസോൺ മാത്രമല്ല ജോബ് ഓഫറുകൾ പിൻവലിച്ചിരിക്കുന്നത്. മുഴുവൻ സമയ ഓഫറുകൾ റദ്ദാക്കുന്നതായി മെറ്റാ അടുത്തിടെ സ്ഥിരീകരിച്ചു. 2023-ലേക്കുള്ള നിയമനം മന്ദഗതിയിലാക്കുമെന്നും കമ്പനി സൂചന നൽകിയിട്ടുണ്ട്. എന്നിരുന്നാലും, പിരിച്ചുവിടലുകൾക്കിടയിൽ ചില പ്രധാന തസ്തികകളിൽ നിയമനം നടത്തുമെന്ന് മൈക്രോസോഫ്റ്റും ഗൂഗിളും അറിയിച്ചു. ഗൂഗിളും മൈക്രോസോഫ്റ്റും കഴിഞ്ഞയാഴ്ച 22000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ആമസോണിൽ പിരിച്ചുവിടുന്നവരുടെ എണ്ണം കൂടുന്നു; കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും