ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു
ഹെഡ്‌ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടാണ് അത് ഇയാള്‍ ഉപയോഗിച്ചിരുന്നത് എന്നാണ പ്രഥമിക അന്വേഷണത്തില്‍ തെളിയുന്നത്.
ജയ്പൂര്‍: ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. രാകേഷ് കുമാര്‍ നാഗര്‍ എന്ന യുവാവാണ് മരിച്ചത്. രാജസ്ഥാന്‍ ജയ്പൂര്‍ ജില്ലയിലെ ചോമു ടൌണിന് അടുത്ത് ഉദയപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു മത്സര പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് രാകേഷിന്റെ ചെവിയിലെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു യുവാവ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാള്‍ വിവാഹിതനായത്.
ഹെഡ്‌ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടാണ് അത് ഇയാള്‍ ഉപയോഗിച്ചിരുന്നത് എന്നാണ പ്രഥമിക അന്വേഷണത്തില്‍ തെളിയുന്നത്. പൊട്ടിത്തെറി നടന്നയുടനെ യുവാവ് ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചത് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാകേഷിന്റെ രണ്ട് ചെവികള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. പൊട്ടിത്തെറി മൂലമുണ്ടായ ഹൃദയാഘാതം മൂലമായിരിക്കാം രാകേഷിന്റെ മരണമെന്നാണ് രാകേഷിനെ ചികിത്സിച്ച സിദ്ധിവിനായക് ആശുപത്രിയിലെ ഡോ. എല്‍എന്‍ രുണ്ട്‌ല പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona