ഐഫോണിന് ഈ പ്രശ്നമുണ്ടോ? പ്രശ്നമാക്കേണ്ട! ഉറപ്പുമായി ആപ്പിൾ
ഐഒഎസ് 17-ൽ കണ്ടെത്തിയ ബഗ് പരിഹരിക്കുമെന്നും ഹീറ്റിങ് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുമെന്നുമാണ് ആപ്പിൾ പറയുന്നത്.
ഐഫോൺ 15-ന്റെ ഹീറ്റിങ് പ്രശ്നങ്ങൾ അടുത്ത അപ്ഡേറ്റിൽ പരിഹരിക്കുമെന്ന ഉറപ്പുമായി കമ്പനി. ആപ്പിൾ ആദ്യമായി അവതരിപ്പിച്ച അതിന്റെ ടൈറ്റാനിയം ബോഡി മൂലമാണ് ഫോൺ ഹീറ്റാകുന്നതെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഫോൺ ഹീറ്റാകുന്നതിന് കാരണമാകുന്നത് ഐഒഎസ് 17 ലെ ഒരു ബഗാണെന്നാണ് കമ്പനി പറയുന്നത്. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഐഒഎസ് 17-ൽ കണ്ടെത്തിയ ബഗ് പരിഹരിക്കുമെന്നും ഹീറ്റിങ് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുമെന്നുമാണ് ആപ്പിൾ പറയുന്നത്.
ഐഫോൺ 15 പ്രോയ്ക്ക് ടൈറ്റാനിയം ബോഡി ഉള്ളതിനാൽ, ഉപയോക്താവിന്റെ ചർമ്മത്തിൽ നിന്നുള്ള എണ്ണ താൽക്കാലികമായി ഉപകരണത്തിന്റെ "നിറം മാറ്റാൻ" സാധ്യതയുണ്ടെന്ന് നേരത്തെ ആപ്പിൾ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഈ മാറ്റം പഴയപടിയാക്കാവുന്നതാണെന്നും കമ്പനി പറയുന്നുണ്ട്. ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകൾ ആദ്യമായി സ്വന്തമാക്കിയവരിൽ ചിലരാണ് ഫോൺ അമിതമായി ചൂടാകുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
ഉപയോഗിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും ഫോൺ ഹീറ്റാകുന്നുവെന്നാണ് പറയുന്നത്. ലക്ഷങ്ങൾ നൽകി വാങ്ങിയ ഐഫോണുകൾ ഇത്തരം അനുഭവങ്ങൾ നല്കുന്നത് പലരെയും അസംതൃപ്തരാക്കിയിട്ടുണ്ട്. ആപ്പിൾ ഓൺലൈൻ ഫോറങ്ങളിലും റെഡ്ഡിറ്റ്, എക്സ് എന്നിവയുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും നിരവധിയാളുകളാണ് തങ്ങളുടെ ഐഫോണുകൾ ചൂടാകുന്ന കാര്യം ഷെയർ ചെയ്തിരിക്കുന്നത്. ഗെയിം കളിക്കുമ്പോഴും കോൾ ചെയ്യുമ്പോഴും ഫേസ്ടൈമിന്റെ സമയത്തും ഫോണിന്റെ പിൻഭാഗവും വശങ്ങളും തൊടാൻ പറ്റാത്ത ഹീറ്റാകുന്നുവെന്നാണ് ഉപയോക്താക്കൾ പറയുന്നത്.
ഐഫോണിൽ ആൻഡ്രോയിഡ് യുഎസ്ബി-സി ചാർജറുകൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി ഉടനടി ആപ്പിൾ സ്റ്റോറുകൾ രംഗത്തെത്തിയിരുന്നു. രണ്ട് ഇന്റർഫേസുകളുടെയും വ്യത്യസ്ത പിൻ ക്രമീകരണങ്ങൾ കാരണം അമിതമായി ഫോൺ ചൂടാകുന്നതിനെക്കുറിച്ചുള്ള ആശങ്കകളും സ്റ്റോർ ജീവനക്കാർ പങ്കുവെച്ചു. ആപ്പിളിന്റെ യുഎസ്ബി-സി കേബിളിനെ അപേക്ഷിച്ച് സിംഗിൾ-വരി 9-പിൻ, സിംഗിൾ-വരി 11-പിൻ കണക്ടറുകൾ തമ്മിലുള്ള ചെറിയ വിടവുള്ള ആൻഡ്രോയിഡ് കേബിൾ ഉപയോഗിക്കുന്നത് അമിതമായി ഫോൺ ചൂടാകാൻ ഇടയാക്കുമെന്ന് ആപ്പിൾ സ്റ്റോർ സൂചിപ്പിച്ചു. നിരവധി പേരാണ് എക്സിൽ ആപ്പിളിന്റെ പുതിയ ഫോൺ ചൂടാകുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ നിരവധി ട്രോളുകളും നിറഞ്ഞിരുന്നു.