ചൈനയെ 'വൈറ്റ് വാഷ്' അടിക്കാന്‍ അന്താരാഷ്ട്ര വ്യാജ ശൃംഖല; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ.!
ചൈനയുടെ പ്രതിച്ഛായ വർധിപ്പിക്കാനും, യുഎസ് അടക്കം പാശ്ചാത്യരാജ്യങ്ങളെ ആഗോളതലത്തിൽ ഇകഴ്ത്തിത്തുക എന്നീ പ്രവർത്തനങ്ങളാണ് ഈ നെറ്റ്വര്‍ക്ക് വഴി നടത്തുന്നത്.
ലണ്ടൻ: അന്താരാഷ്ട്രതലത്തിൽ ചൈനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും, പ്രൊപ്പഗണ്ട പ്രചരിപ്പിക്കാനും വൻ ശൃംഖലയ്ക്ക് രൂപം നൽകിയെന്ന് റിപ്പോർട്ടുകൾ. സെന്റർ ഫോർ ഇൻഫർമേഷൻ റെസീലിയൻസ്(സിഐആർ) എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഇവരുടെ കണ്ടെത്തലുകൾ കഴിഞ്ഞ ദിവസം ബിബിസിയാണ് പുറത്തുവിട്ടത്. ഇത്തരത്തിൽ ആഗോള സോഷ്യൽ മീഡിയ ശൃംഖലയുടെ ഭാഗമായ 350നു മുകളിൽവരുന്ന വ്യാജ പ്രൊഫൈലുകൾ പഠനത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
ചൈനയുടെ പ്രതിച്ഛായ വർധിപ്പിക്കാനും, യുഎസ് അടക്കം പാശ്ചാത്യരാജ്യങ്ങളെ ആഗോളതലത്തിൽ ഇകഴ്ത്തിത്തുക എന്നീ പ്രവർത്തനങ്ങളാണ് ഈ നെറ്റ്വര്‍ക്ക് വഴി നടത്തുന്നത്. ചൈനയ്ക്കു പുറത്ത് ചൈനയുടെ സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പ്രവർത്തനം. ചൈനീസ് സർക്കാറോ, അവരുടെ ഏജൻസികളോ ഈ പ്രവർത്തനത്തിന് പിന്നിൽ ഉണ്ടായിരിക്കാമെന്നാണ് സെന്റർ ഫോർ ഇൻഫർമേഷൻ റെസീലിയൻസ് പഠനം പറയുന്നത്. വ്യാജവാർത്ത പ്രചരിക്കുന്നതു തടയാനായി പ്രവർത്തിക്കുന്ന സംഘടനയാണ് സിഐആർ).
ഇവരുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലെ ചൈനീസ് അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പലതും വ്യാജ പ്രൊഫൈലുകളാണ്. ചൈനീസ് സർക്കാരും അവിടുത്തെ മാധ്യമങ്ങളും ഉയർത്തിക്കൊണ്ടുവരുന്ന വാദങ്ങളും വാർത്തകളുമാണ് ഇതിലൂടെ പ്രചരിക്കുന്നത്.
സർക്കാരിനെ വിമർശിക്കുന്ന ചൈനീസ് വിമതരെ മോശക്കാരായി ചിത്രീകരിക്കുക, കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുക, ജോർജ് ഫ്ലോയ്ഡിന്റെ മരണമടക്കം എടുത്തുപറഞ്ഞ് അമേരിക്കയിൽ മനുഷ്യാവകാശമില്ലെന്നും വർണവിവേചനം ശക്തമാണെന്നും പറയുക, സിൻജിയാംഗിൽ പത്തു ലക്ഷത്തോളം ഉയിഗർ മുസ്ലിംകളെ ചൈന തടവിലിട്ടിരിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്നു പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഇവർ ചെയ്യുന്നു.
നിർമിത ബുദ്ധിയുടെ സഹായത്തോടെ കൃത്രിമമായി ആളുകളുടെ ചിത്രങ്ങളടക്കം നിർമിച്ചാണ് വ്യാജ പ്രൊഫൈലുകൾ തയാറാക്കിയിരിക്കുന്നതെന്നാണ് മറ്റൊരു പ്രധാന കണ്ടെത്തൽ. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഇതിനെ ഗൗരവമായി കാണേണ്ടതുണ്ടെന്നും പഠനം പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona