ട്വിറ്റര്‍ ആസ്ഥാനത്തേക്ക് ബാത്ത്റൂം സിങ്കുമായി എത്തുന്ന മസ്ക്; വീഡിയോ വൈറല്‍
മസ്ക് ഈ ആഴ്ച നിങ്ങളെ കാണുമെന്നും നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ഇടപെടുമെന്നും ഹാളിലൂടെ നടക്കുമെന്നും സാന്‍സ്ഫ്രാന്‍സിസ്കോ ഓഫീസിലുള്ളവര്‍ മസ്കിനെ കാണുമ്പോള്‍ 'ഹായ്' പറയണമെന്നും വിശദമാക്കിയുള്ള മെയില്‍ ജീവനക്കാര്‍ക്ക് ലഭിച്ചത് ബുധനാഴ്ചയാണ്
സാന്‍സ്ഫ്രാന്‍സിസ്കോയിലെ ട്വിറ്റര്‍ ആസ്ഥാനത്തേക്ക് ബാത്ത്റൂം സിങ്കിനോട് സമാനമായ വസ്തുവുമായി കയറി ചെല്ലുന്ന വീഡിയോ പങ്കുവച്ച് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക്. വീഡിയോ എടുക്കുന്ന വ്യക്തിയോ ചിരിച്ച് സംസാരിച്ച് ടോയ്ലെറ്റ് സിങ്കുമായി വരുന്ന മസ്കിന്‍റെ വീഡിയോയാണ് മസ്ക് തന്നെ പങ്കുവച്ചിരിക്കുന്നത്. ബുധനാഴ്ച നടന്നതാണ് സംഭവം. ട്വിറ്റര്‍ ആസ്ഥാനത്തേക്ക് കയറുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബുധനാഴ്ച ട്വിറ്ററിന്‍റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആന്‍ഡ് ഹെഡ് ഓഫ് പീപ്പിള്‍ ലെസ്ലി ബെര്‍ലാന്‍ഡ് മസ്കിന്‍റെ ഓഫീസിലെത്തുന്ന വിവരം ജീവനക്കാരോട് ഇമെയില്‍ മുഖേന വ്യക്തമാക്കിയിരുന്നു. ഈ ആഴ്ച നിങ്ങളെ കാണുമെന്നും നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ഇടപെടുമെന്നും ഹാളിലൂടെ നടക്കുമെന്നും സാന്‍സ്ഫ്രാന്‍സിസ്കോ ഓഫീസിലുള്ളവര്‍ മസ്കിനെ കാണുമ്പോള്‍ 'ഹായ്' പറയണമെന്നും വിശദമാക്കുന്നതാണ് ലെസ്ലിയുടെ ഇമെയില്‍. ഇലോണ്‍ മസ്കുമായുള്ള നിരവധി കൂടിക്കാഴ്ചകളുടെ ഒരു ആരംഭം മാത്രമാണ് ഇതെന്നും വെള്ളിയാഴ്ച അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാമെന്നും വിശദമാക്കുന്നതാണ് ലെസ്ലിയുടെ ഇമെയില്‍.
ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ട്വിറ്ററിലെ ബയോ ബുധനാഴ്ച ഇലോണ്‍ മസ്ക് മാറ്റിയിരുന്നു. ട്വിറ്റര്‍ ഏറ്റെടുക്കാനായി കോടതി അനുവദിച്ച സമയം തീരാനിരിക്കെയാണ് ഇലോണ്‍ മസ്ക് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആറ് മാസത്തെ തർക്കങ്ങൾക്ക് ശേഷമായിരുന്നു 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തത്. സമൂഹമാധ്യമങ്ങളെ വെറുപ്പിന്‍റെ ഉപകരണങ്ങളാക്കാനുള്ള ശ്രമങ്ങളാണ് വ്യാപകമായി നടക്കുന്നതെന്നും ഇത്തരം ധ്രുവീകരണ ശ്രമങ്ങളെ ലാഭത്തിനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. ട്വിറ്റര്‍ ഏറ്റെടുത്തിരിക്കുന്നത് പണമുണ്ടാക്കാനായല്ല. മറിച്ച് മനുഷ്യരാശിയെ സഹായിക്കാനാണ് ശ്രമമെന്നും ഏറ്റെടുപ്പിന് പിന്നാലെ മസ്ക് വിശദമാക്കിയിരുന്നു. ഏറ്റെടുക്കലിന് ശേഷം മസ്കിന്റെ ആദ്യ നടപടിയായി ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു.