ഉറങ്ങിക്കിടന്ന മുഹമ്മദലിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു, കഴുത്തറുത്ത നിലയിൽ മഹേഷ്; ഒരു കോടി രൂപ നഷ്ടപരിഹാരം

രാത്രിയിലെ ജോലി കഴിഞ്ഞ് വന്ന ശേഷം താമസസ്ഥലത്ത് മയങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തിന് കുത്തേറ്റത്. 

malayali expat stabbed to death in saudi arabia and family will get 1 crore rupees as compensation

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഉറങ്ങികിടക്കുന്നതിനിടെ സഹപ്രവർത്തകന്‍റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നാല് ലക്ഷം റിയാൽ നഷ്ടപരിഹാരം. 2023 ജനുവരിയിൽ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കൊല്ലപ്പെട്ട മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയുടെ കുടുംബത്തിനാണ് ഒരു കോടിയോളം രൂപയുടെ നഷ്ടപരിഹാരം ലഭിച്ചത്. 

രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉച്ചമയക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകൻ തമിഴ്നാട് സ്വദേശി മഹേഷ് കുത്തുകയായിരുന്നു. വിവരമറിഞ്ഞ കമ്പനി ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും ആംബുലൻസ് എത്തിച്ചു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാനായില്ല. മഹേഷിനെ സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതിക്ക് വിഷാദ രോഗത്തിന്‍റെ അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. കൊല നടത്തിയതിെൻറ കുറ്റബോധം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചിരുന്നു. മുഹമ്മദലിയുടെ മൃതദേഹം ജുബൈലിൽ തന്നെ സംസ്കരിച്ചിരുന്നു.

ചെന്നൈ സ്വദേശിയായ മഹേഷ് മെഷീനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മരിച്ച മുഹമ്മദലിയെയും മഹേഷിനെയും കൂടാതെ മറ്റൊരാൾ കൂടി ഇവരുടെ മുറിയിൽ താമസിച്ചിരുന്നു. സംഭവസമയം അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു. ഇരുവരും താമസിച്ചിരുന്ന ക്യാമ്പിലും ജുബൈൽ മലയാളി സമൂഹത്തിലും ഏറെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഇത്. മഹേഷ് ഇപ്പോൾ ജയിലിലാണ്.

മൃതദേഹം സംസ്കരിക്കാനുള്ള പവർ ഓഫ് അറ്റോർണി അന്നത്തെ കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറായിരുന്ന ഉസ്മാൻ ഒട്ടുമ്മലിനായിരുന്നു ലഭിച്ചത്. ജോലിയിലിരിക്കെ മരിച്ചാൽ കമ്പനി മുഖേന മരിച്ചയാളുടെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കുമെന്നറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിെൻറ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുമായും കമ്പനിയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു.

ഇതിനിടെ മുഹമ്മദലി ജോലി ചെയ്തിരുന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര ഇൻഷുറൻസ് തുക ലഭിച്ചതിനെ തുടർന്ന് കമ്പനി അധികൃതർ ഉസ്മാൻ ഒട്ടുമ്മലുമായി ബന്ധപ്പെടുകയും കുടുംബത്തിന് ഏറെ ആശ്വാസകരമായ ആ വാർത്ത പങ്കുവെക്കുകയുമാണുണ്ടായത്. കമ്പനി ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് തുക കൈമാറിയിട്ടുണ്ട്. താമസിയാതെ മുഹമ്മദലിയുടെ കുടുംബത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യപ്പെടും. ജുബൈലിലെ ഒരു കെമിക്കൽ കമ്പനി ജീവനക്കാരനായിരുന്നു മുഹമ്മദലി. താഹിറയാണ് ഭാര്യ. നാലു പെണ്മക്കൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios