എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് അടുത്തവര്‍ഷം ഇന്ത്യയില്‍ ആരംഭിക്കും, രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്
എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഒരു സബ്സിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ യൂണിറ്റ്, സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്
എലോണ്‍ മസ്‌കിന്റെ(Elon Musk) സ്റ്റാര്‍ലിങ്ക് (Starlink) ഇന്ത്യയില്‍ ഒരു സബ്സിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ യൂണിറ്റ്, സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നിയന്ത്രണ പ്രക്രിയകള്‍ മുന്നോട്ട് കൊണ്ടുപോകും. ഇന്ത്യയിലെ സ്റ്റാര്‍ലിങ്കിന്റെ കണ്‍ട്രി ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ, ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍, സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യക്കായുള്ള പദ്ധതികള്‍ വിശദമായി വിവരിച്ചു.
സ്പേസ് എക്സിന് ഇപ്പോള്‍ ഇന്ത്യയില്‍ 100 ശതമാനം ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനി ഉണ്ട്. പേര് എസ്എസ്‌സിപിഎല്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ലൈസന്‍സുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും മറ്റും അപേക്ഷിക്കാന്‍ തുടങ്ങി കഴിഞ്ഞു, ഭാര്‍ഗവ പറഞ്ഞു. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍, കണ്ടന്റ് സ്റ്റോറേജ്, സ്ട്രീമിംഗ്, മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ബിസിനസ്സ് തുടരാന്‍ സ്റ്റാര്‍ലിങ്ക് പദ്ധതിയിടുന്നു.
ബ്രോഡ്ബാന്‍ഡ് സേവനങ്ങളിലൂടെ ഗ്രാമീണ വികസനം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്റ്റാര്‍ലിങ്ക് ചൂണ്ടിക്കാട്ടി. അനുമതി ലഭിച്ചുകഴിഞ്ഞാല്‍, ഡല്‍ഹിയിലെയും സമീപ ഗ്രാമീണ ജില്ലകളിലെയും സ്‌കൂളുകള്‍ക്ക് സ്റ്റാര്‍ലിങ്ക് 100 ഉപകരണങ്ങള്‍ സൗജന്യമായി നല്‍കും. തുടര്‍ന്ന് ഇന്ത്യയിലുടനീളമുള്ള 12 ഗ്രാമീണ ജില്ലകള്‍ ലക്ഷ്യമിടുന്നു. 2022 ഡിസംബറോടെ ഇന്ത്യയില്‍ ഏകദേശം 2 ലക്ഷം സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്, അതില്‍ 80 ശതമാനവും ഗ്രാമീണ ജില്ലകളിലായിരിക്കും.
കമ്പനിക്ക് ഒരു ഇന്റര്‍നെറ്റ് സേവന ദാതാവും (ഐഎസ്പി) വളരെ ചെറിയ അപ്പര്‍ച്ചര്‍ ടെര്‍മിനല്‍ (വിഎസ്എടി) സേവന അംഗീകാരങ്ങളും ആവശ്യമുണ്ടോ, അല്ലെങ്കില്‍ അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ഒരു ലൈസന്‍സ് ആവശ്യമുണ്ടോ എന്ന് വൈകാതെ വെളിപ്പെടുത്തും. സ്പേസ് എക്സിന് ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതില്‍ ഡോട്ടിന് എതിര്‍പ്പില്ല. എന്നാല്‍ ഇത് രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിന് മുമ്പ് ഉചിതമായ ലൈസന്‍സും മറ്റ് അംഗീകാരങ്ങളും തേടുകയും വേണമെന്ന് അധികൃതര്‍ പറഞ്ഞു.
റെഗുലേറ്ററി തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും, പ്രീ-ഓര്‍ഡറുകള്‍ക്കായുള്ള സ്റ്റാര്‍ലിങ്കിന്റെ വെബ്സൈറ്റ് പൂര്‍ണ്ണമായും തുറന്നിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു, അതേസമയം കമ്പനിക്ക് ആവശ്യമായ ലൈസന്‍സുകള്‍ ലഭിച്ചതിന് ശേഷം അടുത്ത വര്‍ഷം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഉപകരണങ്ങള്‍ക്കായി 5000-ലധികം പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് പടിഞ്ഞാറ്, കിഴക്ക്, വടക്ക്, തെക്ക് എന്നിവയുള്‍പ്പെടെ ഓരോ പ്രദേശത്തുനിന്നും മൂന്ന് വീതം 12 ഗ്രാമീണ ജില്ലകളെ തിരിച്ചറിയാന്‍ സ്റ്റാര്‍ലിങ്കിന്റെ പ്രതിനിധികള്‍ നീതി ആയോഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.