ചൈനയില്‍ നിന്നും വീണ്ടും അടികിട്ടി ആപ്പിള്‍; ഐഫോണ്‍ ഉത്പാദനം താഴോട്ട്.!
ആഗോളതലത്തില്‍ ആപ്പിള്‍ ഐഫോണ്‍ ആവശ്യകത നിറവേറ്റാന്‍ ഇപ്പോള്‍ ചൈനയിലെ സീറോ കൊവിഡ് പോളിസി മൂലം ഫാക്ടറികള്‍ക്കും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണം ബാധ്യതയാകുന്നു
ന്യൂയോര്‍ക്ക്: ആഗോളതലത്തിലെ സാമ്പത്തിക സ്ഥിതികള്‍ മെച്ചപ്പെടുന്നതോടെ തങ്ങളുടെ ബിസിനസ് വീണ്ടും വര്‍ദ്ധിക്കും എന്ന് ആപ്പിള്‍ പ്രകടിപ്പിച്ച ശുഭാപ്തി വിശ്വാസത്തിന് തിരിച്ചടിയായി പുതിയ വാര്‍ത്ത. ഐഫോണ്‍ ഉത്പാദനം വീണ്ടും താഴോട്ട് പോകുമെന്നും അത് ഐഫോണ്‍ വില്‍പ്പനയെ ബാധിക്കുമെന്ന് ആപ്പിള്‍ തന്നെ വ്യക്തമാക്കി. ചൈനയിലെ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി കൊവിഡ് നിയന്ത്രണങ്ങളില്‍ പെട്ട് അടച്ചതോടെയാണ് ഇത്.
ഷെങ്‌സോയിലെ പ്രധാന ഫാക്ടറിയിലാണ് ഇപ്പോള്‍ പ്രശ്നം നേരിടുന്നത്. ഐഫോണ്‍ വില്‍പ്പ യുഎസ്, യൂറോപ്പ് വിപണിയില്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ സീസണിനെ ഇത് ബാധിച്ചേക്കും എന്നാണ് ആപ്പിളിന്‍റെ ആശങ്ക. ഇപ്പോഴത്തെ ആപ്പിളിന്‍റെ പ്രീമിയം മോഡലുകളായ ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നിവയുടെ ഉത്പാദനത്തെയാണ് പ്രധാനമായും ഇത് ബാധിക്കുക.
ഷെങ്‌സോയിലെ പ്രധാന ഫാക്ടറിയിയിലെ ഉത്പാദനം ഏറ്റവും താഴ്ന്ന നിലയിലാണ് എന്നാണ് ഞായറാഴ്ച ആപ്പിള്‍ പ്രതികരിച്ചത്. വാര്‍ത്ത ഏജന്‍സി എഎഫ്പിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം ഇപ്പോഴും തങ്ങളുടെ ഐഫോണ്‍ നിര്‍മ്മാണത്തിന്‍റെ വലിയൊരു പങ്ക് ചൈനയില്‍ തന്നെ നിലനിര്‍ത്തുന്ന ആപ്പിളിന്‍റെ നിലപാട് തന്നെയാണ് ഈ പ്രതിസന്ധിക്ക് കാരണം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആഗോളതലത്തില്‍ ആപ്പിള്‍ ഐഫോണ്‍ ആവശ്യകത നിറവേറ്റാന്‍ ഇപ്പോള്‍ ചൈനയിലെ സീറോ കൊവിഡ് പോളിസി മൂലം ഫാക്ടറികള്‍ക്കും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണം ബാധ്യതയാകുന്നുവെന്നും, അത് അത്യാന്തികമായി ആപ്പിളിനെയാണ് ബാധിക്കുക എന്നാണ് ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ട് പറയുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ ആപ്പിളിന്‍റെ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനയിലെ ഫാക്ടറിയില്‍ കലാപം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം ചൈനയിലെ ആപ്പിള്‍ ഫാക്ടറിയില്‍ നിന്നും ജീവനക്കാര്‍ രക്ഷപ്പെടുന്നതിന്‍റെ വീഡിയോയും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ ആശങ്ക ആപ്പിള്‍ തന്നെ പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്.
ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വന്‍ ഓഫര്‍; അറിയേണ്ട കാര്യങ്ങള്‍ ഇതാണ്.!
ആപ്പിളിനോടുള്ള ഇന്ത്യക്കാരുടെ പ്രിയം കൂടുന്നു; റെക്കോർഡ് വരുമാനം