'ബഡ്ജറ്റ് യാത്ര', ബോർഡിംഗ് പാസ് പ്രിന്റ് ചെയ്യാൻ പോലും പണം വേണം, 5 വിമാന കമ്പനികൾക്ക് വൻതുക പിഴയിട്ട് സ്പെയിൻ
ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്ത് യാത്രക്കാരിൽ നിന്ന് അമിത തുക ഈടാക്കി അനധികൃത ലാഭം ഈടാക്കിയ വിമാന കമ്പനികൾക്ക് 1500 കോടിയിലേറെ രൂപയാണ് പിഴയൊടുക്കേണ്ടത്
ബാർസിലോണ: ബഡ്ജറ്റ് എയർലൈനുകളിലെ ഉപദ്രവകരമായ പോളിസികളുടെ പേരിൽ 5 വിമാന കമ്പനികൾക്ക് വൻ തുക പിഴയിട്ട് സ്പെയിൻ. 17 കോടി യൂറോ( ഏകദേശം 15,74,55,56,000 രൂപ) യാണ് സ്പെയിൻ വിവിധ വിമാന കമ്പനികൾക്ക് പിഴയിട്ടത്. ഹാൻഡ് ലഗേജിന് അടക്കം പണം ഈടാക്കുന്നത് അടക്കമുള്ള പരാതികൾ പതിവായതിന് പിന്നാലെയാണ് നടപടി. പിഴയിൽ മുന്നിലുള്ളത് ഐറിഷ് വിമാന കമ്പനിയായ റയാൻ എയറാണ്. 108000000 യൂറോ(9500112000രൂപ)യാണ് ഐറിഷ് വിമാന കമ്പനി പിഴ നൽകേണ്ടത്. ഹാൻഡ് ലഗേജിനും കുട്ടികൾക്ക് സീറ്റ് ബുക്ക് ചെയ്യുന്നതിനും അമിത പണം ഈടാക്കുന്ന നടപടികൾ നിരോധിക്കാനുള്ള നീക്കത്തിലാണ് സർക്കാരുള്ളത്.
ബഡ്ജറ്റ് വിമാന കമ്പനികളുടെ സർവ്വീസുകളേക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് തീരുമാനം. നേരത്തെ മെയ് മാസത്തിൽ പിഴ ഏർപ്പെടുത്തിയ തീരുമാനം ഉയർത്തിപ്പിടിക്കുന്നതാണ് നിലവിലെ സർക്കാർ തീരുമാനം. വിമാന കമ്പനികളുടെ വിശദീകരണം തേടിയതിന് ശേഷമാണ് നടപടിയെന്നതാണ് ശ്രദ്ധേയം. ബഡ്ജറ്റ് സൌഹൃദ വിമാന യാത്രകൾ എന്ന പേരിൽ തെറ്റിധരിപ്പിക്കുന്നതിനാണ് വിമാന കമ്പനികൾ നടപടി നേരിടുന്നത്.
യാത്രക്കാരുടെ അവകാശ ലംഘനം അടക്കമുള്ളവയാണ് റയാൻ എയർ നേരിടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കപ്പെടുന്ന തുകയേക്കുറിച്ചുള്ള വിവരം നൽകിയില്ലെന്ന ആരോപണവും റയാൻ നേരിടുന്നു. ബ്രിട്ടീഷ് അസ്ഥാനമായുള്ള ഈസി ജെറ്റ്, സ്പെയിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യൂലിംഗ്, ബാഴ്സലോണ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോലോട്ടിയ അടക്കമുള്ള എയർലൈനുകളും പിഴയടക്കേണ്ടി വരും. ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്ത് യാത്രക്കാരിൽ നിന്ന് അമിത തുക ഈടാക്കി അനധികൃത ലാഭം ഈടാക്കുന്ന രീതിയാണ് വിമാന കമ്പനികളുടേതെന്നാണ് സ്പാനിഷ് ഉപഭോക്തൃ അവകാശ മന്ത്രാലയം വിശദമാക്കി.
എന്നാൽ പിഴയിടാക്കുന്നത് അനധികൃതമാണെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും വിശദമാക്കി യൂറോപ്പിലെ കോടതികളെ സമീപിക്കാനുള്ള നീക്കത്തിലാണ് റയൻ എയർ വിമാനകമ്പനി. ബോർഡിംഗ് പാസ് പ്രിന്റ് ചെയ്യുന്നതിന് അടക്കം തുക ഈടാക്കുന്നത് അടക്കമുള്ള വിമാന കമ്പനികളുടെ നടപടി അപലപനീയമെന്നാണ് സ്പെയിൻ മന്ത്രാലയം വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം