നിരക്കുകള്‍ കൂട്ടാന്‍ യാതൊരു മടിയും ഇല്ലെന്ന് എയര്‍ടെല്‍ മേധാവി
ടെലികോം മേഖല നേരിടുന്ന വലിയ നികുതിയില്‍ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂചിപ്പിച്ചു.
മുംബൈ: രാജ്യത്തെ ടെലികോം രംഗത്തെ വന്‍കിട കമ്പനിയായ എയര്‍ടെല്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും. തങ്ങളുടെ സാന്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ യാതൊരു മടിയും ഇല്ലെന്ന് എയര്‍ടെല്‍ സ്ഥാപകനും, ചെയര്‍മാനുമായ സുനില്‍ മിത്തല്‍ പറഞ്ഞു.
ഓഹരി വില്‍പ്പനയിലൂടെ 21,000 കോടി സമാഹരിക്കാനുള്ള പദ്ധതിയും എയര്‍ടെല്‍ പ്രഖ്യാപിച്ചു. എയര്‍ടെല്ലിന്‍റെ കട ബാധ്യത സങ്കല്‍പ്പിക്കാന്‍ പറ്റുന്നതിനപ്പുറമാണെന്ന് സമ്മതിച്ച മിത്തല്‍, ടെലികോം മേഖല നേരിടുന്ന വലിയ നികുതിയില്‍ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂചിപ്പിച്ചു.
എന്തായാലും എയര്‍ടെല്‍ ചെയര്‍മാന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ബോംബെ സ്റ്റോക്ക് എക്സേഞ്ചില്‍ എയര്‍ടെല്‍ ഓഹരികള്‍ അഞ്ച് ശതമാനം ഇടിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 31ലെ കണക്ക് അനുസരിച്ച് ടെലികോം മന്ത്രാലയത്തിന് എയര്‍ടെല്‍ അടക്കാനുള്ള എജിആര്‍ തുക 18,004 കോടിയാണ്.
ഇപ്പോള്‍ നൂറു രൂപ വരുമാനം കിട്ടിയാല്‍ 35 ശതമാനം വിവിധ നികുതികളും ഫീസുകളുമായി സര്‍ക്കാറിലേക്ക് പോകുന്നു. ഞങ്ങള്‍ ഈ മേഖലയുടെ ഭാഗത്ത് നിന്നും അകുന്നതെല്ലാം നന്നായി ചെയ്യുന്നു. സര്‍ക്കാര്‍ അനുകൂലമായി ഈ വ്യവസായത്തിന്‍റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കണം. ഇത് വലിയ അനുകൂല ഫലം ഉണ്ടാക്കും - സുനില്‍ മിത്തല്‍ പറഞ്ഞു.
5ജി ഘട്ടത്തിലേക്ക് കടക്കാന്‍ വേണ്ടിയാണ് എയര്‍ടെല്‍ പ്രധാനമായും ഇപ്പോള്‍ ധന സമാഹരണം നടത്തുന്നത് എന്നാണ് എയര്‍ടെല്‍ മേധാവി പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight