എയര്‍ടെല്‍ ബ്ലാക്ക്; ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത, ഇന്ത്യയില്‍ ആദ്യമായി ഇത്തരം ഒരു ഓഫര്‍.!
വിവിധ സേവനങ്ങള്‍ക്ക് പല സമയത്തായി പണം അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കുകയും ചെയ്യാം. ഒറ്റ ബില്ലില്‍ ഒരു വീട്ടിലേക്കു വേണ്ട എയര്‍ടെല്‍ ഫൈബര്‍ പ്ലസ് ലാന്‍ഡ്‌ലൈന്‍, പോസ്റ്റ്‌പെയ്ഡ് മൊബൈല്‍, ഡിടിഎച് തുടങ്ങിയ സേവനങ്ങള്‍ക്കുളള പണം അടയ്ക്കാം.
ദില്ലി: 200 എംബിപിഎസ് വരെ വേഗമുള്ള അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഓഫറിനൊപ്പം തന്നെ ഡിടിഎച്ച്, സിം അടക്കം നല്‍കി എയര്‍ടെല്‍ അവതരിപ്പിക്കുന്ന കോംബോ ഓഫറാണ് എയര്‍ടെല്‍ ബ്ലാക്ക്. അതിനാല്‍ തന്നെ ഈ ഓഫറില്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ്, ഡിടിഎച് തുടങ്ങിയ സേവനങ്ങളാണ് കമ്പനി ഒരു കുടക്കീഴിലാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ടെലികോം രംഗത്ത് ആദ്യത്തെ ബണ്ടില്‍ ഓഫര്‍ എന്ന് തന്നെ ഇതിനെ വിളിക്കാം. 2,099 രൂപയില്‍ ആരംഭിക്കുന്ന ഓഫറില്‍ നാല് പ്ലാനുകളാണ് ഉള്ളത്. 1,598 രൂപ, 1,349 രൂപ, 998 രൂപ എന്നിങ്ങനെയാണ് 2099 രൂപയ്ക്ക് പുറമേയുള്ള പ്ലാനുകള്‍.
പുതിയ കൊവിഡ് സാഹചര്യത്തില്‍ വീടുകളില്‍ പോലും വര്‍ദ്ധിച്ച ഇന്‍റര്‍നെറ്റ വേഗതയും ലഭ്യതയും ആവശ്യമാണ്, ഒപ്പം തന്നെ സ്ട്രീമിംഗ് ആപ്പുകള്‍ പോലുള്ള വിനോദോപാധികള്‍ ഉപയോഗിക്കുന്നത് കുത്തനെ കൂടി ഈ അവസ്ഥയില്‍ അതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരു കുടക്കീഴിലാക്കാനാണ് എയര്‍ടെലിന്റെ 'ബ്ലാക്ക്' പദ്ധതി.
കൂടാതെ, വിവിധ സേവനങ്ങള്‍ക്ക് പല സമയത്തായി പണം അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കുകയും ചെയ്യാം. ഒറ്റ ബില്ലില്‍ ഒരു വീട്ടിലേക്കു വേണ്ട എയര്‍ടെല്‍ ഫൈബര്‍ പ്ലസ് ലാന്‍ഡ്‌ലൈന്‍, പോസ്റ്റ്‌പെയ്ഡ് മൊബൈല്‍, ഡിടിഎച് തുടങ്ങിയ സേവനങ്ങള്‍ക്കുളള പണം അടയ്ക്കാം. എയര്‍ടെല്‍ ബ്ലാക്കിന്റെ ഉപയോക്താക്കള്‍ക്കായി പ്രത്യേക കസ്റ്റമര്‍ കെയര്‍ സേവനം ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. നിലവിലുള്ള എയര്‍ടെല്‍ കസ്റ്റമര്‍മാര്‍ അവരുടെ വിവിധ പ്ലാനുകള്‍ ഒരുമിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിനുവേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ, ആദ്യ മാസത്തെ സേവനം സൗജന്യവും ആയിരിക്കും.
2,099 യുടെ പ്ലാനില്‍ 200 എംബിപിഎസ് വേഗത്തിൽ അണ്‍ലിമിറ്റഡ് ഡേറ്റ, മൂന്നു സിമ്മുകള്‍ (1 സിം, 2 ആഡ് ഓണ്‍ സിമ്മുകള്‍) മൂന്നു സിമ്മുകള്‍ക്കും കൂടി 260 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോള്‍, എസ്എംഎസ് എന്നിവയും ലഭിക്കും. കൂടാതെ 424 രൂപയ്ക്കുള്ള ഡിടിഎച് ടിവി ചാനലുകള്‍, 1 വര്‍ഷത്തേക്കുള്ള ആമസോണ്‍ പ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് എയര്‍ടെല്‍ എക്‌സ്ട്രീം ആപ് തുടങ്ങിയവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
1,598 രൂപയുടെ ഓഫറില്‍ ആദ്യ ഓഫറിലേതു പോലെ തന്നെ 200 എംബിപിഎസ് വേഗത്തിൽ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭിക്കും. രണ്ടു പോസ്റ്റ് പെയ്ഡ് സിമ്മുകളേ ലഭിക്കൂ. ഇരു സിമ്മുകള്‍ക്കുമായി 105 ജിബി ഡേറ്റയും ലഭിക്കും. ആമസോണ്‍ പ്രൈം, എയര്‍ടെല്‍ എക്ട്രീം ആപ് എന്നിവയും ലഭിക്കും.
മൂന്നാമത്തെ ഓഫറില്‍ 1,349 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇതില്‍ 3 പോസ്റ്റ് പെയ്ഡ് സിമ്മുകള്‍, അവയ്ക്ക് പരിധിയില്ലാത്ത കോളുകള്‍, എസ്എംഎസ് എന്നിവ ലഭിക്കും. കൂടാതെ, 210 ജിബി ഡേറ്റയും ഉപയോഗിക്കാം. 350 രൂപയ്ക്കുളള ടിവി ചാനലുകളും നല്‍കുന്നു. ഒരു വര്‍ഷത്തേക്കുള്ള ആമസോണ്‍ പ്രൈം അംഗത്വം, എയര്‍ടെല്‍ എക്ട്രീം ആപ് തുടങ്ങിയവയും ഓഫറിന്റെ ഭാഗമായി ലഭിക്കും. ബ്രോഡ്ബാന്‍റ് ഡാറ്റ ഈ പ്ലാനില്‍ ലഭ്യമല്ല.
ഏറ്റവും കുറഞ്ഞ പ്ലാന്‍ എയര്‍ടെല്‍ നല്‍കുന്നത് 998 രൂപയ്ക്കാണ്. ഇതില്‍ 2 മൊബൈല്‍ കണക്ഷനുകളും, അവയ്ക്ക് 105 ജിബി ഡേറ്റയും, 350 രൂപ വരെ വില വരുന്ന ടിവി ചാനലുകളുമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈം അംഗത്വം, എയര്‍ടെല്‍ എക്ട്രീം ആപ് എന്നിവയും ലഭിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോട്ടയം, കൊല്ലം, കണ്ണൂര്‍, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് തുടക്കത്തില്‍ ഇതു ലഭ്യമാക്കിയിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona