'ഇത് കാണുമ്പോഴെങ്കിലും മനുഷ്യർക്കല്പം ബോധം വച്ചെങ്കിൽ'; വൈറലായി ആ വീഡിയോ
വീഡിയോ പകർത്തിയിരിക്കുന്നത് ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നാണ് അത് കാണുമ്പോൾ തോന്നുന്നത്. അതിൽ ഒരു ശുചീകരണത്തൊഴിലാളി തുപ്പൽക്കറകൾ തുടച്ച് കളയുന്നത് കാണാം.
ഇത്തരവാദിത്തമുള്ള പൗരന്മാരാവാൻ ചില കാര്യങ്ങളെല്ലാം നാം ശ്രദ്ധിക്കേണ്ടതുണ്ട്. വഴിയരികിൽ തുപ്പരുത്, മൂത്രമൊഴിക്കരുത്, മാലിന്യം വലിച്ചെറിയരുത് എന്നൊക്കെ എത്ര പറഞ്ഞാലും കേൾക്കാത്തവരുണ്ട്. എന്തിന് ഇവിടെ തുപ്പരുത് എന്നെഴുതിയ ബോർഡിന് താഴെ വരെ തുപ്പിയിട്ട് പോകുന്ന മനുഷ്യരുണ്ട് നമുക്ക് ചുറ്റിലും.
ശുചിത്വത്തെ കുറിച്ച് ബോധമില്ലാത്തതുകൊണ്ട് മാത്രമല്ല, ഇത്രയൊക്കെ വൃത്തി മതി, ഇതൊന്നും എന്റെ ഉത്തരവാദിത്തമല്ല തുടങ്ങിയ ചിന്ത ഇതൊക്കെയാണ് ഇത്തരം പ്രവൃത്തികൾക്ക് കാരണം. എന്നാൽ, ഇത്തരം പ്രവൃത്തികൾ ആ വഴി പോകുന്ന മറ്റ് ജനങ്ങൾക്കും ശുചീകരണത്തൊഴിലാളികൾക്കും ഒന്നുമുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരണാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ പകർത്തിയിരിക്കുന്നത് ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നാണ് അത് കാണുമ്പോൾ തോന്നുന്നത്. അതിൽ ഒരു ശുചീകരണത്തൊഴിലാളി തുപ്പൽക്കറകൾ തുടച്ച് കളയുന്നത് കാണാം. വീഡിയോ പകർത്തുന്നയാൾ ഇതിങ്ങനെ വൃത്തിയാക്കുമ്പോൾ എന്താണ് തോന്നുന്നത് എന്ന് ചോദിക്കുന്നുണ്ട്. എത്ര പ്രാവശ്യം പറഞ്ഞാലും വീണ്ടും വീണ്ടും ആളുകൾ ഇത് തന്നെ ആവർത്തിക്കുമെന്നും ഇത് വൃത്തിയാക്കി എടുക്കുന്നത് വലിയ ബുദ്ധിമുട്ടാണ് എന്നും സ്ത്രീ പറയുന്നുണ്ട്. വീഡിയോ എടുക്കുന്നയാൾ പറയുന്നത് ഈ വീഡിയോ കാണുമ്പോഴെങ്കിലും പൊതുസ്ഥലം വൃത്തികേടാക്കാതിരിക്കാനായി ശ്രദ്ധിക്കാൻ നമുക്ക് തോന്നിയെങ്കിലെന്നാണ്.
നിരവധിപ്പേരാണ് എക്സിൽ വീഡിയോ കണ്ടിരിക്കുന്നത്. ഇന്നലെ പങ്കുവച്ചിരിക്കുന്ന വീഡിയോ ഒരു ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ഇത്തരം പ്രവൃത്തികൾക്ക് ശക്തമായ ശിക്ഷ തന്നെ നൽകണം, എങ്കിലേ ഇത് ആവർത്തിക്കാതിരിക്കൂ എന്ന് കമന്റ് നൽകിയവരുണ്ട്. വിദേശരാജ്യങ്ങളിൽ പോയാൽ നമ്മൾ അത് ചെയ്യുന്നില്ലല്ലോ എന്നും പലരും ചോദിച്ചു.