വളർത്തു പൂച്ച കാലില്‍ മാന്തി; രക്തം വാര്‍ന്ന് ഉടമ മരിച്ചു
രണ്ട് ദിവസമായി കാണാതായ പൂച്ചയെ തെരുവില്‍ നിന്നും കണ്ടെത്തി ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു അത് ഉടമയുടെ കാലില്‍ മാന്തിയത്. പിന്നാലെ വൈദ്യസഹായം തേടിയെങ്കിലും അദ്ദേഹം രക്തം വാർന്ന് മരിക്കുകയായിരുന്നു. (പ്രതീകാത്മക ചിത്രം)
വളർത്തു പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥൻ രക്തം വാർന്ന് മരിച്ചു. റഷ്യയിൽ നിന്നുള്ള 55 കാരനാണ് അതിദാരുണമായി മരണപ്പെട്ടത്. ഇയാള്‍ പ്രമേഹ രോഗബാധിതനും രക്തം കട്ട പിടിക്കാത്ത പ്രശ്നങ്ങള്‍ നേരിടുന്ന ഒരാളായിരുന്നെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 22 -ന് റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. പൂച്ചയുടെ ഉടമയായ ദിമിത്രി ഉഖിനാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
രണ്ട് ദിവസം മുമ്പ് കാണാതായ തന്‍റെ പൂച്ച സ്റ്റയോപ്കയെ തെരഞ്ഞു കണ്ടുപിടിച്ച് വീട്ടിലെത്തിച്ചതിന് ശേഷമാണ് ഈ ദാരുണമായ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെരുവിൽ നിന്നും കണ്ടെത്തിയ പൂച്ചയെ ദിമിത്രി വീട്ടിലെത്തിച്ചു ശുശ്രൂഷിക്കുന്നതിനിടയിൽ പൂച്ചയുടെ നഖം കൊണ്ട് അദ്ദേഹത്തിന്‍റെ കാലിൽ മുറിവുണ്ടാക്കുകായയിരുന്നു. വളരെ ചെറിയൊരു മുറിവാണ് കാലിൽ ഉണ്ടായതെങ്കിലും ദിമിത്രിയുടെ ആരോഗ്യപ്രശ്നങ്ങൾ കാര്യങ്ങൾ വഷളാക്കുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ശരീരത്തിൽ രക്തം കട്ട പിടിക്കാത്ത അവസ്ഥയും ഉണ്ടായിരുന്ന അദ്ദേഹം തന്‍റെ രോഗാവസ്ഥയുടെ ഗൗരവം മനസ്സിലാക്കി സഹായത്തിനായി അയൽക്കാരനെ വിളിച്ചു.
അയൽക്കാരൻ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുമ്പേ ദിമിത്രി മരണത്തിന് കീഴടങ്ങി. സംഭവ ദിവസം രാത്രി 11 മണിയോടെയാണ് ഒരു വ്യക്തി തന്‍റെ സുഹൃത്തിന്‍റെ കാലിൽ മുറിവേറ്റുവെന്നും അടിയന്തരമായി വൈദ്യസഹായം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എമർജൻസി സർവീസിൽ വിളിക്കുന്നത്. എന്നാൽ അടിയന്തരസഹായം ലഭിക്കും മുൻപേ അദ്ദേഹം മുറിവിൽ നിന്ന് രക്തം വാർന്ന് മരണപ്പെടുകയായിരുന്നെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.
അതേസമയം മെഡിക്കൽ സംഘം എത്താൻ ഏറെ സമയമെടുത്തതായാണ് മരണത്തിനിടയാക്കിയതെന്ന് അയല്‍വാസി ആരോപിച്ചു. സംഭവ സമയത്ത് ദിമിത്രിയുടെ ഭാര്യ നതാലിയ വീട്ടിൽ ഉണ്ടായിരുന്നില്ല. ഫോറൻസിക് വിദഗ്ധർ ഇതുവരെ മരണത്തിന്‍റെ ഔദ്യോഗിക കാരണം സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ, ദിമിത്രിയുടെ ആരോഗ്യപ്രശ്നങ്ങളും വൈദ്യസഹായം കിട്ടാൻ വൈകിയതുമാണ് മരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നം വിതരണം ചെയ്തു; ഫ്ലിപ്കാര്‍ട്ടിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി