ഏഴ് മണിക്കൂർ ബാത്ത്‍റൂമിൽ കുടുങ്ങി, പുറത്തിറങ്ങിയത് ഐലൈനറും ഇയർ ബഡ്ഡ്സും ഉപയോഗിച്ച്..!
വെറും വെള്ളം മാത്രം കുടിച്ച് ഒരാൾക്ക് എത്ര ദിവസം വരെ ജീവിക്കാനാവും, താൻ മരിച്ചുപോകുമോ എന്നെല്ലാം ആ സമയത്ത് താൻ ചിന്തിച്ചിരുന്നു എന്നും ക്രിസ്റ്റീന പറയുന്നു.
മണിക്കൂറുകളോളം സ്വന്തം ബാത്ത്‍റൂമിൽ കുടുങ്ങിപ്പോയ യുവതി ഒടുവിൽ പുറത്തിറങ്ങിയത് ചെവി വൃത്തിയാക്കുന്ന കോട്ടൺ ബഡ്ഡുകളുടെയും ഐലൈനറിന്റെയും സഹായത്തോടെ. കേംബ്രിഡ്ജ് സർവകലാശാലയിലെ അധ്യാപികയായ ഡോ. ക്രിസ്റ്റീന ഇൽക്കോയാണ് തൻ്റെ കുളിമുറിയിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയത്.
ഒരു പ്ലംബർ അവളുടെ വീട്ടിലെ ഷവർ നേരെയാക്കാനെത്തിയിരുന്നു. എന്നാൽ, അബദ്ധത്തിൽ അയാൾ ബാത്ത്റൂമിന്റെ ഡോർ ലോക്ക് തകർത്തു കളഞ്ഞു. എന്നാൽ, അത് ക്രിസ്റ്റീനയോട് പറയാനും അയാൾ വിട്ടുപോയി. ഇതൊന്നും അറിയാതെ ക്രിസ്റ്റീന നേരെ ബാത്ത്റൂമിൽ കയറി. എന്നാൽ, വാതിൽ അടച്ചതോടെ അത് ലോക്കായിപ്പോയി. ബാത്ത്‍റൂമിനാവട്ടെ ഒരു ജനാല പോലും ഇല്ലായിരുന്നു. പോരാത്തതിന് ഉറക്കെ വിളിച്ചാൽ പോലും ആരും കേൾക്കുകയും ഇല്ല.
ഏഴ് നീണ്ട മണിക്കൂറുകളാണ് ക്രിസ്റ്റീന തന്റെ ബാത്ത്‍റൂമിൽ കുടുങ്ങിയത്. എന്നാൽ, സഹായത്തിന് ആരെങ്കിലും വരുമെന്ന പ്രതീക്ഷയൊന്നും അവൾക്കില്ലായിരുന്നു. എങ്ങനെയെങ്കിലും അതിന്റെ അകത്ത് നിന്ന് രക്ഷപ്പെടണമെങ്കിൽ താൻ തന്നെ ബുദ്ധിപൂർവ്വം എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നും അവൾക്ക് മനസിലായി. അങ്ങനെയാണ് അവൾ തന്റെ ഐലൈനറും കോട്ടൺ ബഡ്‍സും ഉപയോഗിച്ചു കൊണ്ട് ലോക്ക് തുറക്കാൻ ശ്രമിക്കുന്നത്.
ആ സമയത്ത് അവളുടെ കയ്യിലുണ്ടായിരുന്നത് അത് രണ്ടുമാണ്. അവ രണ്ടും വച്ചുകൊണ്ട് അവൾ കഠിനമായി അധ്വാനിച്ചു. ഒടുവിൽ ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അവൾ വിജയം കണ്ടു. അവൾക്ക് വാതിലിന്റെ ലോക്ക് നീക്കാനും പുറത്ത് കടക്കാനും സാധിച്ചു.
എക്സിലാണ് ക്രിസ്റ്റീന തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. വെറും വെള്ളം മാത്രം കുടിച്ച് ഒരാൾക്ക് എത്ര ദിവസം വരെ ജീവിക്കാനാവും, താൻ മരിച്ചുപോകുമോ എന്നെല്ലാം ആ സമയത്ത് താൻ ചിന്തിച്ചിരുന്നു എന്നും ക്രിസ്റ്റീന പറയുന്നു. സഹായിക്കാൻ ആരുമില്ലാത്ത സന്ദർഭങ്ങളിൽ ചിലപ്പോൾ നമ്മൾ കഠിനപരിശ്രമം നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരികെ വരും അല്ലേ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം