Asianet News MalayalamAsianet News Malayalam

ഡെലിവറി ബോയിക്ക് ഹിന്ദി മാത്രമേ അറിയൂ, കന്നഡ അറിയില്ല; പോസ്റ്റുമായി യുവതി, വിമർശനവുമായി നെറ്റിസൺസ്

വളരെ പെട്ടെന്നാണ് യുവതിയുടെ പോസ്റ്റ് വൈറലായി മാറിയത്. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരെത്തിയതോടെ ചൂടേറിയ സംവാദത്തിന് തന്നെ അത് കാരണമായി മാറുകയായിരുന്നു.

woman criticized swiggy agent who only speaks hindi not kannada
Author
First Published Sep 15, 2024, 2:33 PM IST | Last Updated Sep 15, 2024, 2:33 PM IST

ഒരു സ്വി​ഗി ഡെലിവറി ബോയ്‍ക്കെതിരെ ഒരു യുവതി നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. വലിയ ചർച്ചയാണ് ഇപ്പോൾ ഇതേ ചൊല്ലി സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ബെം​ഗളൂരുവിൽ നിന്നുള്ള യുവതിയുടെ പരാതി അവിടെ ആവശ്യത്തിന് കന്നഡ സംസാരിക്കുന്ന ഡെലിവറി ഏജന്റുമാരില്ല എന്നതാണ്. 

എക്സിലാണ് (ട്വിറ്റർ) യുവതി തന്റെ പരാതി പറഞ്ഞത്. തൻ്റെ പോസ്റ്റിൽ, സ്ത്രീ തൻ്റെ സ്വിഗ്ഗി ഓർഡറിൻ്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: "ബെംഗളൂരു കർണാടകയിലാണോ അതോ പാകിസ്ഥാനിലാണോ @swiggy? നിങ്ങളുടെ ഡെലിവറിക്കാരന് കന്നഡയും ഇംഗ്ലീഷും പോലും സംസാരിക്കാനറിയില്ല, മനസിലാവുകയുമില്ല." ഞങ്ങളുടെ നാട്ടിൽ അവൻ്റെ സംസ്ഥാനത്തിലെ ഭാഷയായ ഹിന്ദി പഠിക്കണോ എന്നതാണ് യുവതിയുടെ ചോദ്യം.

വളരെ പെട്ടെന്നാണ് യുവതിയുടെ പോസ്റ്റ് വൈറലായി മാറിയത്. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരെത്തിയതോടെ ചൂടേറിയ സംവാദത്തിന് തന്നെ അത് കാരണമായി മാറുകയായിരുന്നു. സമയത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ ഡെലിവറി ഏജന്റിന്റെ ഭാഷ ഏതായാലും എന്താണ് പ്രശ്നം എന്നായിരുന്നു ഒരാളുടെ ചോദ്യം. മറ്റൊരാൾ ചോദിച്ചത്, നിങ്ങൾ ഭക്ഷണം കഴിച്ച് കഴിയുന്നത് വരെ ഡെലിവറി ഏജന്റ് അവിടെയിരുന്ന് സംസാരിക്കാൻ പോവുകയാണോ എന്നാണ്. 

എന്തിനാണ് നിങ്ങൾ ഡെലിവറി ഏജന്റിനോട് സംസാരിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇന്ത്യയിൽ ഓരോ 50 കിലോമീറ്റർ കഴിയുമ്പോഴും ഭാഷ മാറുന്ന അവസ്ഥയാണ്. വൈവിധ്യങ്ങളുടെ രാജ്യം കൂടിയാണ് ഇന്ത്യ. അവിടെ ഭാഷ അറിയാത്തത് ഒരു പ്രശ്നമാക്കണ്ട എന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. 

എന്തായാലും, രേഖ എന്ന യുവതിയുടെ പോസ്റ്റ് ഭാഷയെ സംബന്ധിച്ച് കുറേനാളുകളായി കർണാടകയിൽ നിന്നു വരുന്ന ചർച്ചകളെ ഒന്നുകൂടി ആളിക്കത്തിച്ചിട്ടുണ്ട്. 

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios