പ്രസവാവധി കഴിഞ്ഞെത്തിയപ്പോൾ വീണ്ടും ഗർഭിണി, യുവതിയെ പിരിച്ചുവിട്ടു, 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
2023 മാർച്ചിലാണ് തൻ്റെ അടുത്ത പ്രസവാവധി അവസാനിച്ചത്. തൻ്റെ തിരിച്ചുവരവിനെ കുറിച്ച് ചർച്ച ചെയ്യാൻ കമ്പനി തന്നെ ബന്ധപ്പെട്ടിട്ടില്ല.
പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വീണ്ടും ഗർഭിണിയാണെന്നറിയിച്ചതിന് പിന്നാലെ യുവതിയെ പിരിച്ചുവിട്ട് കമ്പനി. ഒടുവിൽ, യുവതിക്ക് പിരിച്ചുവിട്ടതിന്റെ പേരിൽ നഷ്ടപരിഹാരം നൽകാൻ എംപ്ലോയ്മെന്റ് ട്രിബ്യൂണലിന്റെ വിധി. യുകെയിലാണ് സംഭവം. നികിത ട്വിചൻ എന്ന യുവതിക്ക് 28,000 പൗണ്ട് (30,66,590) നഷ്ടപരിഹാരമായി നൽകാനാണ് വിധി വന്നിരിക്കുന്നത്.
പോണ്ടിപ്രിഡിലെ ഫസ്റ്റ് ഗ്രേഡ് പ്രൊജക്‌റ്റിലെ മുൻ അഡ്മിൻ അസിസ്റ്റൻ്റ് ആയിരുന്നു നികിത. താൻ വീണ്ടും ഗർഭിണിയായതാണ് തന്നെ പിരിച്ചു വിടാൻ കാരണമായത് എന്നാണ് അവർ തന്റെ പരാതിയിൽ പറയുന്നത്. 2022 -ൻ്റെ തുടക്കത്തിലാണ്, അവധി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ മാനേജിംഗ് ഡയറക്ടർ ജെറമി മോർഗനുമായി മീറ്റിംഗുണ്ടായിരുന്നു. അത് നന്നായി പോവുകയും ചെയ്യുകയായിരുന്നു. അപ്പോഴാണ് താൻ വീണ്ടും ഗർഭിണിയാണ് എന്നും അടുത്ത കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ് എന്നും നികിത വെളിപ്പെടുത്തിയത്. അത് ബോസിന് അതൃപ്തിയുണ്ടാക്കി.
2023 മാർച്ചിലാണ് തൻ്റെ അടുത്ത പ്രസവാവധി അവസാനിച്ചത്. തൻ്റെ തിരിച്ചുവരവിനെ കുറിച്ച് ചർച്ച ചെയ്യാൻ കമ്പനി തന്നെ ബന്ധപ്പെട്ടിട്ടില്ല. തുടർന്ന് ഏപ്രിൽ 4 -ന് അവൾ തൻ്റെ ബോസിന് അവധിക്കാലത്ത് കിട്ടേണ്ട അവകാശത്തെക്കുറിച്ച് ഇമെയിൽ ചെയ്തു. എന്നാൽ, പ്രതികരണമുണ്ടായില്ല. അത് അസാധാരണമായിരുന്നു. പിന്നീട്, അവൾ കമ്പനിയെ ബന്ധപ്പെടുകയും തനിക്ക് സാമ്പത്തികമായി പ്രതിസന്ധിയുണ്ട് കിട്ടേണ്ടുന്ന തുകയും ആനുകൂല്യവും വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കമ്പനി പ്രതിസന്ധിയിലാണ് എന്നായിരുന്നു മറുപടി. പക്ഷേ പിന്നീട്, തന്നെ പിരിച്ചുവിട്ടതായി നികിതയ്ക്ക് മനസിലാവുകയായിരുന്നു.
എന്തായാലും എംപ്ലോയ്മെന്റ് ട്രിബ്യൂണൽ നികിതയ്ക്ക് അനുകൂലമായിട്ടാണ് വിധിച്ചത്. നികിതയോട് കമ്പനി കൃത്യമായി കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയോ, പിരിച്ചുവിടുന്നതിന്റെ കാരണങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന എന്തെങ്കിലും കത്തുകളോ മറ്റോ നൽകുകയോ ഒന്നും ചെയ്തിട്ടില്ലെന്നും അന്യായമായ പിരിച്ചുവിടലായതിനാൽ തന്നെ നഷ്ടപരിഹാരം നൽകേണ്ടതുണ്ട് എന്നുമായിരുന്നു വിധി.