ഹാംസ്റ്റർ ചത്തുപോയി, ചിതാഭസ്മവുമായി യുവതിയുടെ യൂറോപ്പ് ടൂര്‍
2019 -ലാണ് ലിസ ഈ ഹാംസ്റ്ററിനെ ദത്തെടുക്കുന്നത്. കൊവിഡ് ലോക്ക്ഡൗൺ കാലത്തെല്ലാം അവൻ അവൾക്ക് കൂട്ടായി.
വളർത്തുമൃഗങ്ങളോട് അഗാധമായ സ്നേഹമുള്ള മനുഷ്യരുണ്ട്. അവയെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പലരും കാണുന്നത്. ലിസ മുറെ-ലാങ് എന്ന യുവതിക്കും അങ്ങനെ തന്നെ ആയിരുന്നു. അവളുടെ പ്രിയപ്പെട്ടവനായിരുന്നു സ്പഡ് എന്ന ഹാംസ്റ്റർ. എന്നാൽ, അവൻ ഈ ലോകം വിട്ടുപോയി. അത് ലിസയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്.
ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം എന്നീ നഗരങ്ങളുടെയൊക്കെ കാർഡ്ബോർഡ് മാതൃകകൾ നിർമ്മിക്കുമായിരുന്നു ലിസ. അതിലൊക്കെ ചുറ്റിനടക്കാൻ ഹാംസ്റ്ററിന് വലിയ ഇഷ്ടമായിരുന്നു. എന്നാൽ, അവൻ ചത്തുപോയതോടെ തന്റെ പ്രിയപ്പെട്ട ഹാംസ്റ്റർ ഇല്ലാതെ അവനിഷ്ടപ്പെട്ട നഗരങ്ങളിലേക്കുള്ള യാത്ര അവൾക്ക് അസഹ്യമായിത്തീർന്നു. അങ്ങനെ, അവൾ ഒരു കാര്യം ചെയ്തു. അവന്റെ ചിതാഭസ്മവുമായി അവൾ 2414 കിലോമീറ്റർ യാത്ര ചെയ്തു.
എന്നാൽ, ശരിക്കും ആ നഗരങ്ങളിലൊക്കെ അവനുമായി യാത്ര ചെയ്യണം എന്ന് ലിസ ആഗ്രഹിച്ചിരുന്നു. എന്നാൽ, അപ്പോഴേക്കും അവന് ഈ ലോകം വിട്ട് മടങ്ങേണ്ടി വന്നിരുന്നല്ലോ. അങ്ങനെയാണ് അവന്റെ ചിതാഭസ്മവുമായി ആ നഗരങ്ങൾ സന്ദർശിക്കാൻ അവൾ തീരുമാനിക്കുന്നത്. അവന്റെ ചിതാഭസ്മം അവളൊരു നെക്ലേസിൽ ആക്കി. അതും ധരിച്ചായിരുന്നു അവളുടെ യാത്ര. ചരിത്രപ്രസിദ്ധമായ ലൂവ്രെ മ്യൂസിയം, ബക്കിംഗ്ഹാം കൊട്ടാരം തുടങ്ങി അനേകം സ്ഥലങ്ങൾ അവൾ സന്ദർശിച്ചു.
2019 -ലാണ് ലിസ ഈ ഹാംസ്റ്ററിനെ ദത്തെടുക്കുന്നത്. കൊവിഡ് ലോക്ക്ഡൗൺ കാലത്തെല്ലാം അവൻ അവൾക്ക് കൂട്ടായി. ആ സമയത്താണ് ലിസ കാർഡ്‍ബോർഡുകൾ ഉപയോഗിച്ച് കൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളും കെട്ടിടങ്ങളും നിർമ്മിച്ചത്. ഹാംസ്റ്ററിന് കളിക്കാൻ വേണ്ടിയായിരുന്നു അവളത് ചെയ്തത്. അവനാവട്ടെ ആ കാർഡ്‍ബോർഡ് വീടുകളും നഗരങ്ങളും ഒത്തിരി ഇഷ്ടമായിരുന്നു.
എന്തായാലും, അവനോടുള്ള വാത്സ്യത്തിന്റെയും അഗാധമായ സ്നേഹത്തിന്റെയും പേരിലാണ് അവന്റെ ചിതാഭസ്മവുമായി ലിസ ഈ സ്ഥലങ്ങളെല്ലാം സന്ദർശിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം