ഇങ്ങനെയുമുണ്ടോ ഒരു കഠിനാധ്വാനി; 26 കൊല്ലത്തിനിടെ ലീവ് എടുത്തത് ഒറ്റത്തവണ മാത്രം..!
ഇത്രയും നീണ്ടകാലം ലീവെടുക്കാതെ ജോലി ചെയ്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും തേജ്പാൽ സിംഗ് ഇടം നേടിയിട്ടുണ്ട്.
എല്ലാ ഓഫീസുകളിലും ഉണ്ടാകും കഠിനാധ്വാനികളായ അനേകം പേർ. എന്തൊക്കെ സംഭവിച്ചാലും ജോലിയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കരുതുന്നവർ. പരമാവധി സമയം, പരമാവധി ഊർജ്ജത്തോടെ, പരമാവധി ജോലി ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം. എന്നാൽ, ഉത്തർ പ്രദേശിൽ നിന്നുള്ള തേജ്പാൽ സിംഗ് എന്നയാൾ ഇതിനെയെല്ലാം വെല്ലുന്ന തരത്തിലുള്ള ഒരാളാണ്.
കാരണം എന്താണെന്നോ? കഴിഞ്ഞ 26 വർഷത്തിനിടയിൽ ജോലി സ്ഥലത്ത് നിന്നും ഇയാൾ ആകെ ഒരേയൊരു ലീവ് മാത്രമാണത്രെ എടുത്തത്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സംഗതി സത്യമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദ്വാരകേഷ് ഷുഗർ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് തേജ്പാൽ സിംഗ് വർഷങ്ങളായി ജോലി ചെയ്യുന്നത്. മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇത്രയും കാലത്തിനിടയ്ക്ക് ആകെ തേജ്പാൽ സിംഗ് ഇവിടെ നിന്നും ലീവെടുത്തിരിക്കുന്നത് ഒരേയൊരു തവണയാണ്. ലീവിന് കാരണമായി പറഞ്ഞത് പേഴ്സണൽ കമ്മിറ്റ്‍മെന്റ്. സഹോദരന്റെ വിവാഹത്തിനാണത്രെ 2003 -ൽ തേജ്പാൽ സിംഗ് ലീവെടുത്തിരിക്കുന്നത്.
ഇത്രയും നീണ്ടകാലം ലീവെടുക്കാതെ ജോലി ചെയ്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും തേജ്പാൽ സിംഗ് ഇടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്പനിയിൽ വർഷത്തിൽ 45 ലീവുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. തേജ്പാൽ സിംഗ് ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം ബിജ്നോറിലാണ് താമസിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ രണ്ട് ഇളയ സഹോദരന്മാരും അവരോടൊപ്പം താമസിക്കുന്നുണ്ട്. ഒരു വലിയ കുടുംബം ആയതിനാൽ തന്നെ ഉത്സവവേളകളിൽ വീട്ടിലിരിക്കാൻ തേജ്പാൽ സിംഗിനോട് കമ്പനിയിൽ നിന്നും പറയാറുണ്ട്. എന്നാൽ, ജോലിയോടുള്ള അടങ്ങാത്ത ആത്മാർത്ഥത കാരണം ഉത്സവ വേളകളിലും ഞായറാഴ്ചകളിലും പോലും ഇയാൾ തന്റെ ഓഫീസിലെത്തുകയും ജോലി ചെയ്യുകയുമാണത്രെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം