പച്ചവെള്ളം വേണ്ടേ വേണ്ട, 50 വർഷമായി കുടിക്കുന്നത് കൊക്കക്കോള മാത്രം; ലോകത്തിന് അത്ഭുതമായി 70 -കാരൻ
കഴിഞ്ഞ അരപ്പതിറ്റാണ്ട് കാലമായി ഇയാൾ സാധാരണ വെള്ളം തീരെ കുടിക്കുന്നില്ലത്രെ. അതിന് പകരം കൊക്കക്കോളയാണ് ഇയാൾ കുടിക്കുന്നത്.
ഇന്ന് ആളുകളെല്ലാം ആരോഗ്യകാര്യത്തിൽ ഭയങ്കര ശ്രദ്ധയുള്ളവരാണ്. അതുകൊണ്ട് തന്നെ ഡയറ്റിലും ആളുകൾക്ക് നല്ല ശ്രദ്ധയാണ്. അതുപോലെതന്നെ, സോഫ്റ്റ് ഡ്രിങ്ക്സ് കണ്ടമാനം കുടിക്കുന്നവർ ഇന്ന് വളരെ കുറവാണ്. എന്നാൽ, ബ്രസീലിലെ ബഹിയയിൽ നിന്നുള്ള റോബർട്ട് പെഡ്രേര എന്ന മനുഷ്യൻ ഇതിനെയെല്ലാം തിരുത്തിക്കുറിക്കുന്ന ഒരാളാണ്. കാരണം, കഴിഞ്ഞ 50 വർഷങ്ങളായി ഇയാൾ കൊക്കക്കോള മാത്രമാണ് കുടിക്കുന്നത്.
70 വയസ്സായ പെഡ്രേര ഇപ്പോൾ തന്റെ റിട്ടയർമെന്റ് ജീവിതം ആഘോഷിക്കുകയാണ്. എന്നാൽ, കഴിഞ്ഞ അരപ്പതിറ്റാണ്ട് കാലമായി ഇയാൾ സാധാരണ വെള്ളം തീരെ കുടിക്കുന്നില്ലത്രെ. അതിന് പകരം കൊക്കക്കോളയാണ് ഇയാൾ കുടിക്കുന്നത്. എന്നാൽ, അത് ഒട്ടും ആരോഗ്യകരമല്ല എന്ന് നമുക്കറിയാം. നിരന്തരം കോള കുടിക്കുന്ന പെഡ്രേരയുടെ ആരോഗ്യവും അത്ര നല്ല അവസ്ഥയിൽ അല്ല. പ്രമേഹത്തോടും ഹൃദ്രോഗത്തോടും മല്ലിടുകയാണ് കുറച്ചു കാലമായി ഈ കോള പ്രേമി.
മാത്രമല്ല, അടുത്തിടെ ഈ ആരോഗ്യപ്രശ്നങ്ങളെല്ലാം കാരണം ഇയാളെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുണ്ടായി. എന്നാൽ, അപ്പോഴും കോളയോടുള്ള തന്റെ പ്രേമം അവസാനിപ്പിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. അവിടെവച്ചും പെഡ്രേര കുടിക്കാൻ ഇഷ്ടപ്പെട്ടതും ആവശ്യപ്പെട്ടതും കോളയാണത്രെ. അങ്ങനെ ഡോക്ടർമാരുടെ സംഘം ഇയാളെ പ്രത്യേക പരിശോധനയ്ക്കും പരിചരണത്തിനും വിധേയമാക്കുകയായിരുന്നു.
ഹൃദയവുമായി ബന്ധപ്പെട്ട് അനവധി പ്രശ്നങ്ങളുണ്ടായിട്ടും ഹൃദയാഘാതം തന്നെ ഉണ്ടായിട്ടും താൻ കൊക്കക്കോള കുടിക്കുന്നത് നിർത്തില്ല എന്ന വാശിയിലായിരുന്നു പെഡ്രേര. ഐസ്ക്രീം കഴിക്കുമ്പോൾ പോലും ഒപ്പം കൊക്കക്കോള കുടിക്കുന്ന ആളാണ് പെഡ്രേര. ഇയാളുടെ കൊച്ചുമകന് 27 വയസ്സായി. തന്റെ മുത്തശ്ശൻ ഇന്നേവരെ സാധാരണ വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ല എന്ന് കൊച്ചുമകൻ പറഞ്ഞതോടെയാണ് ഇയാളുടെ കഥ ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം