ഒരേസമയം രണ്ടുപേർക്ക് ഒരുമിച്ച് നിൽക്കാൻ പോലും പറ്റാത്ത വീട് കാണാൻ ആയിരങ്ങൾ..!
ഇവിടെ കെട്ടിടനിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് ഒരു വ്യക്തിയ്ക്ക് തന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഉയർത്തി പണിയണമെങ്കിൽ അയൽവാസിയുടെ സമ്മതം വാങ്ങിക്കണം. എന്നാൽ, അന്ന് ഒരാൾ മറ്റൊരാളുടെ സമ്മതം വാങ്ങാതെ അവരുടെ മേൽക്കൂര ഉയർത്താൻ തീരുമാനിച്ചതോടെ ഇരുകൂട്ടരും തമ്മിൽ കലഹമായി.
ലോകമെമ്പാടും നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ട് നമ്മെ അമ്പരപ്പിച്ച നിരവധി കെട്ടിടങ്ങളും ഘടനകളുമുണ്ട്. ഇത്തരം നിർമ്മിതികളുമായി ബന്ധപ്പെട്ട വാർത്തകൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ കൗതുകമുണർത്തി നമുക്ക് മുൻപിൽ എത്താറുമുണ്ട്. അത്തരത്തിലൊരു വാസ്തുവിദ്യാ വിസ്മയം ഇറ്റലിയിലും കാണാം.
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഈ നിർമ്മിതി അതിന്റെ പരിമിതമായ വലിപ്പം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കെട്ടിടം ഇറ്റലിയിലെ പെട്രാലിയ സോട്ടാനയിലാണ് സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ പോലും കെട്ടിടത്തിന്റെ നിർമ്മാണ വൈദഗ്ദ്ധ്യം കാണാൻ ഇവിടേക്ക് എത്താറുണ്ട്.
കാസ ഡു കുറിവു (Casa Du Currivu) അഥവാ ഹൗസ് ഓഫ് സ്പൈറ്റ് എന്നാണ് ഈ കുഞ്ഞൻ വീട് അറിയപ്പെടുന്നത്. സിസിലിയിലെ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ഇരുനില വീടിന് വെറും 3 അടി മാത്രമാണ് വീതി. അതായത് ഒരേ സമയം രണ്ട് വ്യക്തികൾക്ക് പോലും ഇതിനുള്ളിൽ ഒരുമിച്ച് നിൽക്കാൻ കഴിയില്ല.
1950 -കളിൽ അയൽക്കാർ തമ്മിലുണ്ടായ ഒരു തർക്കമാണ് ഈ വിചിത്രമായ വാസസ്ഥലത്തിൻ്റെ നിർമ്മാണത്തിൽ കലാശിച്ചത്. ഇറ്റലിയിലെ പ്രാദേശിക കെട്ടിടനിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് ഒരു വ്യക്തിയ്ക്ക് തന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഉയർത്തി പണിയണമെങ്കിൽ അയൽവാസിയുടെ സമ്മതം വാങ്ങിക്കണം. എന്നാൽ, അന്ന് ഒരാൾ മറ്റൊരാളുടെ സമ്മതം വാങ്ങാതെ അവരുടെ മേൽക്കൂര ഉയർത്താൻ തീരുമാനിച്ചതോടെ ഇരുകൂട്ടരും തമ്മിൽ കലഹമായി.
ഒടുവിൽ പകപോക്കാൻ അനധികൃതമായി കെട്ടിട നിർമ്മാണം നടത്തിയ അയൽവാസിയുടെ വീടിനോട് ചേർന്ന് കിടന്ന സ്ഥലത്ത് പുതിയൊരു കെട്ടിടം പണിയാൻ തർക്കത്തിലേർപ്പെട്ട മറ്റേ അയൽക്കാരൻ തീരുമാനിച്ചു. അങ്ങനെ ആ പ്രതികാരത്തിൽ നിർമ്മിച്ചതാണ് ഈ മൂന്നടിയുള്ള ഇടുങ്ങിയ കെട്ടിടം.
പിൽക്കാലത്ത് പ്രായോഗികമായി ഒരു വീട് എന്ന സങ്കൽപ്പത്തോട് ചേർന്ന് നിൽക്കില്ലെങ്കിലും, ഹൗസ് ഓഫ് സ്പൈറ്റ് അതിൻ്റെ വാസ്തുവിദ്യാ പുതുമ കൊണ്ടും അതിന്റെ ചരിത്രം കൊണ്ടും വ്യാപകമായി ശ്രദ്ധ നേടി.