കഴുത്തിൽ കയർ കുരുങ്ങി യുവാവിന്റെ മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്, അറസ്റ്റ് ഇന്നുണ്ടാകും

പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. 

death of young man with rope around his neck case of involuntary manslaughter will be arrested today

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് ഇന്നുണ്ടാകും. റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ടാണ് മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി സിയാദ് മരിക്കുന്നത്. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം. 

സംഭവത്തിൽ ആറു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് സിയാദ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. ബൈക്ക് മറിഞ്ഞയുടൻ യുവാവിന് ​ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു.

സിയാദിന്റെ പോസ്റ്റ്മോർട്ടം  നടപടികൾ ഇന്ന് നടക്കും. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. സിയാദിൻ്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios