തോറ്റാല്‍ കല്ല്യാണം, എങ്ങനെയെങ്കിലും ജയിക്കാനുള്ള മാർക്ക് തരണം സാർ, ഉത്തരക്കടലാസിൽ വിദ്യാർത്ഥിനിയുടെ അപേക്ഷ
താൻ തോറ്റാൽ തന്റെ പഠനം നിർത്തിക്കുമെന്നും വിവാഹം കഴിപ്പിക്കുമെന്നും മാതാപിതാക്കൾ തന്നെ ഭീഷണിപ്പെടുത്തി. താൻ ജയിക്കുമോ എന്ന് അറിയില്ല. അതിനാൽ, അധ്യാപകന്‍ സഹായിച്ച് തന്നെ ജയിപ്പിക്കണം എന്നായിരുന്നു വിദ്യാർത്ഥിനി പറഞ്ഞത്.
ഇന്ത്യയിലിത് പരീക്ഷാക്കാലമാണ്. പലതരത്തിലുള്ള പരീക്ഷകൾ ഇപ്പോൾ നടക്കുന്നുണ്ട്. പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും നമ്മൾ കാണാറുണ്ട്. അതിൽ കോപ്പിയടിയടക്കം പെടുന്നു. എന്നാൽ, മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ജബൽപൂരിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി തന്റെ പരീക്ഷാ ഇൻവിജിലേറ്ററിനോട് നടത്തിയ ഒരു അസാധാരണമായ അഭ്യർത്ഥനയാണ് ഇപ്പോൾ വാർത്തയാവുന്നത്. തനിക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ് എന്നും ആ വിവാഹം ഒഴിവാക്കാൻ എങ്ങനെയെങ്കിലും തനിക്ക് പരീക്ഷയിൽ ജയിക്കാനുള്ള് മാർക്ക് തരണം എന്നുമായിരുന്നു വിദ്യാർത്ഥിനിയുടെ അപേക്ഷ. ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റാൽ മാതാപിതാക്കൾ തന്റെ വിവാഹം നടത്തുമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ഭയം.
താൻ തോറ്റാൽ തന്റെ പഠനം നിർത്തിക്കുമെന്നും വിവാഹം കഴിപ്പിക്കുമെന്നും മാതാപിതാക്കൾ തന്നെ ഭീഷണിപ്പെടുത്തി. താൻ ജയിക്കുമോ എന്ന് അറിയില്ല. അതിനാൽ, അധ്യാപകന്‍ സഹായിച്ച് തന്നെ ജയിപ്പിക്കണം എന്നായിരുന്നു വിദ്യാർത്ഥിനി പറഞ്ഞത്. ഇന്ത്യയിൽ പലയിടത്തും ഇപ്പോഴും പെൺകുട്ടികളുടെ സമ്മതം കൂടാതെ തന്നെ വിവാഹം നടക്കാറുണ്ട്. അതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം.
എന്നാൽ, അധ്യാപകരോട് ജയിപ്പിക്കണേ എന്ന് വിദ്യാർത്ഥികൾ അപേക്ഷിക്കുന്നത് ഇത് ആദ്യമായിട്ടല്ല. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിക്കാനുള്ള സമ്മർദ്ദം വിദ്യാർത്ഥികളിൽ വളരെ അധികമുണ്ട്. അതിനാൽ തന്നെ പലപ്പോഴും വിദ്യാർത്ഥികൾ ജയിക്കാൻ വേണ്ടി പല വഴികളും നോക്കാറുണ്ട്. കോപ്പിയടി തന്നെയാണ് അതിൽ മെയിൻ.
അതുപോലെ കഴിഞ്ഞ ദിവസം ഹരിയാനയിലെ നുഹ് ജില്ലയിലെ ഒരു സ്‌കൂളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കിടെ വ്യാപകമായ കോപ്പിയടി റിപ്പോർട്ട് ചെയ്തിരുന്നു. ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉത്തരമെഴുതിയ തുണ്ടുപേപ്പറുകൾ കൈമാറാൻ ബന്ധുക്കളും കൂട്ടുകാരും ഒക്കെ സ്കൂളിന്റെ ചുമരിൽ വലിഞ്ഞുകയറുന്ന ദൃശ്യങ്ങളും ഇവിടെ നിന്നും വൈറലായിരുന്നു. നുഹ് ജില്ലയിലെ തൗരുവിലെ ചന്ദ്രാവതി സ്കൂളിലാണ് ഈ സംഭവം നടന്നത്.