11 വർഷമായി സെക്യൂരിറ്റി, പക്ഷേ വീട്ടിൽ പോകാൻ പണമില്ല; പിരിവെടുത്ത് വിമാന ടിക്കറ്റ് നല്‍കി വിദ്യാർത്ഥികൾ
'ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു ജെയിംസ്' എന്ന് വിദ്യാര്‍ത്ഥികള്‍ ആര്‍ത്ത് വിളിക്കുന്നതും കാഴ്ചക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കും.
ചെറിയ ഒരു കാരുണ്യ പ്രവർത്തിക്ക് പോലും ഒരുപാട് ദൂരം പോകാനാകുമെന്ന് കേട്ടിട്ടില്ലേ? അമേരിക്കയിലെ ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ ഈ പറഞ്ഞത് സ്വന്തം പ്രവര്‍ത്തി കൊണ്ട് മനോഹരമായി ലോകത്തിന് കാണിച്ചു കൊടുത്തു. യുഎസിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന് 11 വർഷങ്ങൾക്ക് ശേഷം തന്‍റെ കുടുംബത്തെ സന്ദർശിക്കാനുള്ള അവസരം ഒരുക്കി നൽകിയിരിക്കുകയാണ് ഈ വിദ്യാർത്ഥികൾ. വീട്ടിലേക്ക് പോകുന്നതിന് ആവശ്യമായ വിമാന ടിക്കറ്റ് വിദ്യാർത്ഥികൾ അദ്ദേഹത്തിന് നൽകുന്നതിന്‍റെ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്,
അമേരിക്കയിലെ റോഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന പ്രൊവിഡൻസ് കോളേജിലെ ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളാണ് ഇത്തരത്തിസലൊരു പ്രവർത്തിയിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കിയത്. തങ്ങളുടെ കോളജിലെ ജെയിംസ് എന്ന സെക്യൂരിറ്റി ഗാർഡിനാണ് 11 വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ വിദ്യാർത്ഥികൾ അവസരം ഒരുക്കിയത്. നൈജീരിയ സ്വദേശിയാണ് ജെയിംസ്. വിദ്യാർത്ഥികൾ വീട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് നൽകുമ്പോൾ അമ്പരപ്പോടെ അത് ഏറ്റുവാങ്ങുന്ന ജെയിംസും വിദ്യാർത്ഥികളും തമ്മിലുള്ള സ്നേഹത്തിന്‍റെ ഹൃദയസ്പർശിയായ രംഗങ്ങൾ കാഴ്ചക്കാരെയും വികാരാധീനരാക്കും.
വീഡിയോയിൽ സെക്യൂരിറ്റി റൂമിൽ തന്‍റെ പതിവ് ജോലികളിൽ മുഴുകിയിരിക്കുന്ന ജെയിംസിന് അരികിലെത്തിയാണ് വിദ്യാർത്ഥികൾ ഈ സന്തോഷവാർത്ത അദ്ദേഹത്തെ അറിയിച്ചത്. വിദ്യാർത്ഥികൾ പറയുന്നത് കേട്ട് എന്ത് ചെയ്യണമെന്നറിയാതെ അദ്ദേഹം അമ്പരന്നിരിക്കുന്നതും ഒടുവിൽ അവർ വിമാന ടിക്കറ്റ് കൈമാറുമ്പോൾ അവർക്ക് മുൻപിൽ നിലത്ത് സാഷ്ടാംഗം വീണ് നന്ദി പറയുകയും ചെയ്യുന്ന ജെയിംസിനെ വീഡിയോയിൽ കാണാം. ആ സമയം വിദ്യാർത്ഥികൾ കയ്യടിച്ച് അദ്ദേഹത്തിന്‍റെ സന്തോഷത്തിൽ പങ്കുചേരുകയും ആശ്വസിപ്പിക്കുന്നു. 'ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു ജെയിംസ്' എന്ന് വിദ്യാര്‍ത്ഥികള്‍ ആര്‍ത്ത് വിളിക്കുന്നതും കാഴ്ചക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കും.
മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി
ചിലത് പച്ച നിറത്തില്‍; വീടിന്‍റെ തറയ്ക്ക് കുഴിയെടുത്തപ്പോൾ 1,500 ഓളം മനുഷ്യാസ്ഥി കൂടങ്ങൾ കണ്ടെത്തി
ഒരു ദശാബ്ദത്തിലേറെയായി ജെയിംസ് തന്‍റെ കുടുംബത്തെ കണ്ടിട്ടില്ലെന്ന് അറിഞ്ഞപ്പോൾ തങ്ങൾ ഞെട്ടിപ്പോയെന്നും, അതാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്നുമാണ് സാമൂഹിക മാധ്യമത്തിലൂടെ ഒന്നാം വർഷ വിദ്യാർത്ഥി ബ്രാൻഡൻ റീച്ചർട്ട് പറയുന്നത്. 'ഞങ്ങളുടെ കാര്യം ശ്രദ്ധിക്കുന്ന ജെയിംസ് ഞങ്ങളുടേതാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു' എന്നും ബ്രാൻഡൻ കൂട്ടിച്ചേർത്തു.ജെയിംസിനെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാനായി GoFundMe എന്നൊരു സാമൂഹിക മാധ്യമ പേജ് ഉണ്ടാക്കി അതിലൂടെയാണ് വിമാന ടിക്കറ്റിനുള്ള ധന സമാഹരണം നടത്തിയത്. തങ്ങളുടെ കോളേജിലെ ഏറ്റവും മികച്ച സെക്യൂരിറ്റി ഗാർഡും തങ്ങൾ കണ്ടിട്ടുള്ള ഏറ്റവും നല്ല ആളുകളിൽ ഒരാളുമായാണ് വിദ്യാർത്ഥികൾ ജെയിസിനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ഊഷ്മളമായ പെരുമാറ്റവും സ്വാഗതം ചെയ്യുന്ന രീതിയും എടുത്തു പറയേണ്ടതാണന്നും വിദ്യാർത്ഥികൾ പറയുന്നു. വീഡിയോ വൈറലായതോടെ ലോകമെമ്പാടുമുള്ള സാമൂഹിക മാധ്യമ ഉപയോക്താക്കൾ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.