കഞ്ചാവുപയോഗിക്കുന്നത് കൊണ്ട് നല്ല അമ്മയാവാൻ പറ്റി, യുവതിയുടെ പരാമർശത്തിൽ വൻ വിമർശനം
2018 നവംബറിലാണ് മിഷിഗണിൽ കഞ്ചാവ് നിയമവിധേയമാക്കുന്നത്. അന്ന് മുതൽ താൻ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഉറക്കമില്ലായ്മ, പിസിഒഡി, വിഷാദം, ആങ്സൈറ്റി എന്നിവയെല്ലാം ഇല്ലാതാക്കി തന്നെ നന്നായി ഉറങ്ങാൻ കഞ്ചാവിന്റെ ഉപയോഗം സഹായിച്ചു എന്നാണ് ബ്രിറ്റ് പറയുന്നത്.
മദ്യപാനം, പുകവലി ഇവയെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ കുഞ്ഞുങ്ങളുണ്ടാകുമ്പോൾ സ്ത്രീകൾ മദ്യപാനവും പുകവലിയും മയക്കുമരുന്നിന്റെ ഉപയോഗവും എല്ലാം നിർത്താറുണ്ട്. പ്രത്യേകിച്ചും മുലയൂട്ടുന്ന സ്ത്രീകൾ. എന്നാൽ, മിഷിഗണിൽ നിന്നുള്ള ഒരു യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.
ആറ് വയസ്സുകാരിയായ ഒരു മകളുണ്ട് ബ്രിറ്റ് ഹിബ്ബിറ്റ്സിന്. ബ്രിറ്റ് പറയുന്നത് താൻ ദിവസവും മൂന്ന് തവണ കഞ്ചാവ് ഉപയോഗിക്കും. അത് തന്നെ ഒരു നല്ല അമ്മയായി മാറാൻ സഹായിക്കുന്നു എന്നാണ്. തനിക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിലൂടെ കുട്ടിയെ നോക്കാനുള്ള കഴിവ് കൂടുകയാണ് ചെയ്യുന്നത് എന്നാണ് ബ്രിറ്റ് പറയുന്നത്. അമ്മയുടെ കഞ്ചാവ് ഉപയോഗം ആറു വയസ്സുകാരിയും കാണുന്നുണ്ട്. എന്നാൽ, അത് മുതിർന്നവർ കഴിക്കുന്ന ഒരു മരുന്നാണ് എന്നും അതാണ് അമ്മ കഴിക്കുന്നത് എന്നുമാണ് ബ്രിറ്റ് മകളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്.
2018 നവംബറിലാണ് മിഷിഗണിൽ കഞ്ചാവ് നിയമവിധേയമാക്കുന്നത്. അന്ന് മുതൽ താൻ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഉറക്കമില്ലായ്മ, പിസിഒഡി, വിഷാദം, ആങ്സൈറ്റി എന്നിവയെല്ലാം ഇല്ലാതാക്കി തന്നെ നന്നായി ഉറങ്ങാൻ കഞ്ചാവിന്റെ ഉപയോഗം സഹായിച്ചു എന്നാണ് ബ്രിറ്റ് പറയുന്നത്. വൈനും മദ്യവും ഒക്കെ ഉപയോഗിക്കുന്ന അമ്മമാരുണ്ട്. അവർ നല്ല അമ്മമാരായിരിക്കുന്നില്ലേ? അതുപോലെ തന്നെ കഞ്ചാവ് ഉപയോഗിക്കുന്ന അമ്മമാർക്കും നല്ല അമ്മമാരായിരിക്കാൻ സാധിക്കും. തന്റെ ക്ഷമാശീലമടക്കം നല്ലതുപോലെ വർധിച്ചിട്ടുണ്ട്. അതിനെല്ലാം നന്ദി കഞ്ചാവിനോടാണ്. അതിന്റെ ഉപയോഗമാണ് തന്നെ ഇങ്ങനെ മാറ്റിയത് എന്നെല്ലാമാണ് അവൾ പറയുന്നത്.
എന്നാൽ, കടുത്ത വിമർശനമാണ് ബ്രിറ്റിന് നേരിടേണ്ടി വരുന്നത്. ചെറിയ കുട്ടിയുള്ള ഒരാൾ ഇങ്ങനെ കഞ്ചാവ് ഉപയോഗിക്കുകയോ, അത് പ്രോത്സാഹിപ്പിച്ചു കൊണ്ട് സംസാരിക്കുകയോ ചെയ്യുന്നത് ഒട്ടും നല്ല കാര്യമല്ല എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.