ദിവസം 600 രൂപ മിച്ചം പിടിക്കൂവെന്ന് ഹർഷ് ഗോയങ്ക, ദിവസക്കൂലി അതിൽ താഴെയുള്ളവനെന്ത് ചെയ്യുമെന്ന് നെറ്റിസൺസ്
"90% ഇന്ത്യക്കാരും പ്രതിദിനം 600 രൂപ (നികുതിക്കുശേഷം) പോലും സമ്പാദിക്കാൻ സാധിക്കാത്തവരാണ്. അപ്പോൾ എങ്ങനെയാണ് അതിൽ ലാഭിക്കേണ്ടത്” എന്നാണ് ഒരാൾ ചോദിച്ചത്.
വലിയ വിമർശനങ്ങളേറ്റുവാങ്ങി വ്യവസായിയായ ഹർഷ് ഗോയങ്കയുടെ ഒരു പോസ്റ്റ്. ദിവസവും 600 രൂപ വച്ച് മിച്ചം പിടിക്കാൻ നിർദ്ദേശിച്ചു കൊണ്ടുള്ള പോസ്റ്റാണ് വലിയ വിമർശനം ഏറ്റുവാങ്ങുന്നത്. ദിവസവും മിച്ചം പിടിക്കാൻ സാധിക്കുന്ന മാന്യമായ തുകയാണ് 600 രൂപ എന്നാണ് ഗോയങ്ക പറയുന്നത്.
RPG ഗ്രൂപ്പ് ചെയർമാനായ ഗോയങ്കയുടെ പോസ്റ്റിൽ പറയുന്നത്, ഒരാൾ ദിവസം 600 രൂപ മാറ്റിവച്ചാൽ വർഷം 2,19,000 രൂപയാകും എന്നാണ്. ദിവസം 20 പേജ് വച്ച് വായിച്ചാൽ ഒരു വർഷം കൊണ്ട് 30 പുസ്തകങ്ങൾ വായിക്കാം, ഓരോ ദിവസവും 10,000 സ്റ്റെപ്പുകൾ നടന്നാൽ ഒരു വർഷം കൊണ്ട് 70 മാരത്തോണുകളാവും എന്നും ഗോയങ്കയുടെ പോസ്റ്റിൽ പറയുന്നു. ചെറിയ ചെറിയ ശീലങ്ങളാണ് വലിയ നേട്ടങ്ങളുണ്ടാകാൻ സഹായിക്കുന്നത് എന്നും പോസ്റ്റിലൂടെ ഹർഷ് ഗോയങ്ക പറയുന്നു.
എന്നാൽ, ദിവസവും 600 രൂപ ചെലവഴിക്കാതെ മാറ്റിവയ്ക്കാൻ പറഞ്ഞത് വലിയ വിമർശനത്തിന് വഴി തെളിക്കുകയായിരുന്നു. "90% ഇന്ത്യക്കാരും പ്രതിദിനം 600 രൂപ (നികുതിക്കുശേഷം) പോലും സമ്പാദിക്കാൻ സാധിക്കാത്തവരാണ്. അപ്പോൾ എങ്ങനെയാണ് അതിൽ ലാഭിക്കേണ്ടത്” എന്നാണ് ഒരാൾ ചോദിച്ചത്.
സമ്പത്തിലുള്ള അസമത്വത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം. ഇന്ത്യയിലെ 76 -ാമത്തെ ധനികൻ, ഇന്ത്യയുടെ ശരാശരി വരുമാനത്തേക്കാൾ അധികം ദിവസം ലാഭിക്കാൻ വേണ്ടി മറ്റ് ഇന്ത്യക്കാർക്ക് ഉപദേശം നൽകുന്നു എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്. നിരവധിപ്പേരാണ് ഈ രീതിയിൽ അദ്ദേഹത്തെ വിമർശിച്ചത്. ദിവസം 270 രൂപ കൂലി വാങ്ങുന്നവൻ എങ്ങനെയാണ് 600 രൂപ അതിൽ നിന്നും മിച്ചം പിടിക്കേണ്ടത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.