മരിച്ചുപോയവർ 'തിരികെ' വരുമോ? ഒരുലക്ഷം മുതൽ രണ്ട് ലക്ഷം വരെ നൽകണം, സാധിക്കുമെന്ന് കമ്പനി..!
മരിച്ച വ്യക്തികളുടെ ചിന്തയും സംസാരരീതിയും അനുകരിക്കാൻ കഴിയുന്ന അവതാറുകൾ സൃഷ്ടിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായാണ് AI സ്ഥാപനമായ സൂപ്പർ ബ്രെയിൻ സ്ഥാപകൻ ഷാങ് സെവെ അവകാശപ്പെടുന്നത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് മരിച്ചുപോയ പ്രിയപ്പെട്ടവരുടേതിന് സമാനമായ അവതാറുകൾ സൃഷ്ടിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ചൈനയിൽ ജനപ്രീതി നേടുന്നു. "ഗോസ്റ്റ് ബോട്ടുകൾ" എന്നും അറിയപ്പെടുന്ന ഈ സേവനത്തിനായി ആളുകൾ ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഈ സേവനത്തിനായി പല കമ്പനികളും ഇപ്പോൾ ഈടാക്കുന്നത്.
മരിച്ച വ്യക്തികളുടെ ചിന്തയും സംസാരരീതിയും അനുകരിക്കാൻ കഴിയുന്ന അവതാറുകൾ സൃഷ്ടിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായാണ് AI സ്ഥാപനമായ സൂപ്പർ ബ്രെയിൻ സ്ഥാപകൻ ഷാങ് സെവെ അവകാശപ്പെടുന്നത്. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ 2023 മെയ് മാസത്തിൽ ആണ് ഷാങ് സെവെ തന്റെ സ്ഥാപനം ആരംഭിച്ചത്. അന്നു മുതൽ, 30 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ വിഷ്വലുകളായി മരിച്ചുപോയ ആയിരക്കണക്കിന് വ്യക്തികളെ ഡിജിറ്റലായി പുനരുജ്ജീവിപ്പിക്കാൻ തന്റെ ടീമിന് സാധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. തൻ്റെ ഇടപാടുകാരിൽ പകുതിയിലേറെയും കുട്ടികളെ നഷ്ടപ്പെട്ട പ്രായമായ മാതാപിതാക്കളാണെന്നും ഷാങ് സെവെ സൂചിപ്പിക്കുന്നു.
ഓരോ ക്ലയൻ്റിനും വ്യത്യസ്‌ത ആവശ്യങ്ങൾ ഉള്ളതിനാൽ, അവർക്ക് ഇഷ്‌ടാനുസൃതമായ രീതിയിലാണ് അവതാറുകളെ സൃഷ്ടിക്കുന്നത്. ഷാങ്ങിൻ്റെ ടീം ഇപ്പോൾ 600 -ലധികം കുടുംബങ്ങൾക്കാണ് ഈ AI സേവനം വിജയകരമായി നൽകുന്നത്. ഇതിലൂടെ പല കുടുംബങ്ങൾക്കും ലഭിക്കുന്ന വൈകാരിക പിന്തുണ വലുതാണെന്ന് ഷാങ് സെവെ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ അവതാറുകളെ സൃഷ്ടിക്കാൻ മരണപ്പെട്ടയാളുടെ ഫോട്ടോകളും വീഡിയോകളും ഓഡിയോ റെക്കോർഡിംഗുകളും മാത്രമാണ് ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം