'ഇതെന്ത് വേഷം, നാണക്കേട്'; ദുർഗാ പൂജാ പന്തലിലെത്തിയ മോഡലുകൾക്കെതിരെ രൂക്ഷവിമർശനം
മിക്കവാറും ആളുകൾ ചിത്രത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയായിരുന്നു. 'ഇത് ഒട്ടും ശരിയായില്ല. ഇങ്ങനെയാണോ മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നത്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ദുർഗാ പൂജാ പന്തൽ സന്ദർശിക്കവെ ധരിച്ച വസ്ത്രത്തിന്റെ പേരിൽ കൊൽക്കത്തയിൽ മൂന്ന് മോഡലുകൾക്കെതിരെ വലിയ വിമർശനം ഉയരുകയാണ് ഇപ്പോൾ. മുൻ മിസ് കൊൽക്കത്ത ജേതാക്കളായ ഹേമോശ്രീ ഭദ്ര, സന്നതി മിത്ര, ഇവരുടെ സുഹൃത്ത് എന്നിവരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.
ചിത്രങ്ങളിൽ ഒരാൾ കറുത്ത ഗൗണാണ് ധരിച്ചിരിക്കുന്നത്. മറ്റൊരാൾ ഒരു ചെറിയ ഓറഞ്ച് വസ്ത്രം ധരിച്ചിരിക്കുന്നത് കാണാം. മൂന്നാമത്തെയാൾ കറുത്ത പാന്റും ചുവന്ന ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. ഇത് മാന്യമായ വസ്ത്രങ്ങളല്ല, ശരീരഭാഗങ്ങൾ കാണാം എന്നു പറഞ്ഞാണ് ഇവർക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. മതപരവും ഭക്തിപരവുമായ ചടങ്ങുകളിൽ ഇത്തരം വസ്ത്രങ്ങൾ അനുയോജ്യമല്ല എന്നാണ് വിമർശകരുടെ വാദം.
സന്നതി, റെബൽ എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇത് വളരെ റെബല്ല്യസ് ആയിരുന്നു, അത് സാധ്യമാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഒരു പെൺകുട്ടിയായതിനാൽ ഞങ്ങളുടെ ശരീരം "മോശം" ആണെന്ന് ഞങ്ങൾ എല്ലായ്പ്പോഴും കരുതിയിരുന്നു, പക്ഷേ ജീവിതം അങ്ങനെയാണ്. അത് പുതിയ ഉദാഹരണങ്ങളും അനുഭവങ്ങളും നൽകുന്നു' എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
എന്നാൽ, സന്നതി കരുതിയിരുന്ന പ്രതികരണമല്ല ചിത്രത്തിന് ലഭിച്ചത്. മിക്കവാറും ആളുകൾ ചിത്രത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയായിരുന്നു. 'ഇത് ഒട്ടും ശരിയായില്ല. ഇങ്ങനെയാണോ മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നത്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'ഇത് ശരിക്കും നാണക്കേടാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഭക്തരുടെ വിശ്വാസത്തെ മുറിപ്പെടുത്തുന്നതായിപ്പോയി ഇത്' എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.
അതേസമയം, വസ്ത്രധാരണം കൊണ്ട് വിശ്വാസത്തിന് മുറിവേൽക്കുന്നത് എങ്ങനെയാണ് എന്ന് ചോദിച്ച് മോഡലുകളെ പിന്തുണച്ചവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം