ആനയെ 'പടിക്ക് പുറത്ത്' നിര്‍ത്തി, വനം വകുപ്പിന്‍റെ ആന പാപ്പാന്‍ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ
ഒന്നര മണിക്കൂറുള്ള പരീക്ഷയില്‍ ചോദിച്ചതാകട്ടെ യുദ്ധക്കപ്പലായ ഐഎന്‍എസ് മഹിന്ദ്രയെ കുറിച്ചും. കഴിഞ്ഞില്ല, ഇന്ത്യയുടെ അക്ഷാംശ സ്ഥാനം, ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോഴുള്ള ഊർമാറ്റം അറിയാമോ? തുടങ്ങിയ അനേകം ചോദ്യങ്ങള്‍. പക്ഷേ ഒരുടത്തും 'ആന' എന്ന ഒരു വാക്ക് പോലുമില്ല.
കുട്ടിക്കാലം മുതല്‍ നിരവധി പരീക്ഷകള്‍ എഴുതിയാണ് ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്. അതല്ലെങ്കില്‍ പരീക്ഷാ കലത്തിന് ഇടയ്ക്കാണ് നമ്മുടെയൊക്കെ കുട്ടിക്കാലമെന്ന് പറഞ്ഞാലും തെറ്റില്ല. ഇത്രയേറെ പരീക്ഷ എഴുതി തെളിഞ്ഞതിന്‍റെ അനുഭവ പരിചയത്തില്‍ നിന്നും ഓരോ പരീക്ഷയ്ക്കും അതാത് വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉണ്ടാവുകയെന്നും നമ്മുക്കറിയാം. എന്നാല്‍, കേരളത്തിലെ വനം വകുപ്പിന് കീഴില്‍ ആനപ്പാപ്പാനാകാന്‍ എന്താണ് മാനദണ്ഡമെന്ന് ചോദിച്ചാല്‍ കഴിഞ്ഞ ദിവസം പിഎസ്സി നടത്തിയ ആനപ്പാപ്പാന്‍ പരീക്ഷയുടെ സിലബസും ചോദ്യപ്പേപ്പറും ഒന്ന് കാണണം. ആ വിചിത്രമായ യോഗ്യതകളെ കുറിച്ച് അവ ഉത്തരം തരും.
ജോലി വനംവകുപ്പിലെ ആനപ്പാപ്പാന്‍ ആകാനാണെങ്കിലും സിലബസിലും ചോദ്യപ്പേപ്പറിലും ആന പക്ഷേ, പടിക്ക് പുറത്താണ്. വനംവകുപ്പിന് കീഴിലെ എലഫന്‍റ് സ്ക്വാഡിലും വിവിധ ആന പരിചരണ, പരിപാല കേന്ദ്രങ്ങളിലേക്കുമുള്ള ആന പാപ്പാൻ തസ്തികകളിലേക്കാണ് പിഎസ്സി പരീക്ഷ നടത്തിയത്. പക്ഷേ, ചോദ്യപ്പേപ്പറില്‍ ആനക്കാര്യത്തിന് പകരം ചോദിച്ചത് 'ചേനക്കാര്യം'.
പൊതുവിജ്ഞാനം (40 മാര്‍ക്ക്), ആനുകാലിക വിഷയങ്ങള്‍ (20 മാര്‍ക്ക്), സയന്‍സ് (10 മാര്‍ക്ക്), പൊതുജനാരോഗ്യം (10 മാര്‍ക്ക്), ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (20 മാര്‍ക്ക്). മെയ് 14 -ന് നടന്ന ആനപ്പാപ്പാന്‍ പരീക്ഷയുടെ സിലബസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇവയാണ്. ചോദ്യ പേപ്പറാകട്ടെ ഈ സിലബസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യൻ സ്വാതന്ത്ര സമരം, ആറ്റത്തിന്‍റെ ഘടന, സാംക്രമിക രോഗങ്ങൾ, കണക്കിലെ കളികൾ എന്നിങ്ങനെയാണ് ചോദ്യ പേപ്പറിലെ ചോദ്യങ്ങളുടെ കുത്തൊഴുക്ക്. പക്ഷേ, ഒരിടത്തും ആന മാത്രമില്ല. എന്തിന് ആന പരിചണത്തെ കുറിച്ച് ഒരു അടിസ്ഥാന ചോദ്യം പോലും ചോദ്യപ്പേപ്പറിലില്ല.
ഒന്നര മണിക്കൂറുള്ള പരീക്ഷയില്‍ ചോദിച്ചതാകട്ടെ യുദ്ധക്കപ്പലായ ഐഎന്‍എസ് മഹിന്ദ്രയെ കുറിച്ചും. കഴിഞ്ഞില്ല, ഇന്ത്യയുടെ അക്ഷാംശ സ്ഥാനം, ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോഴുള്ള ഊർമാറ്റം അറിയാമോ? തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്ന കായൽ ഏത് ? 8 രൂപ കൂടി കിട്ടിയാല്‍ രാജുവിന് 100 രൂപ തികയ്ക്കാമായിരുന്നു. എങ്കില്‍ രാജുവിന്‍റെ കൈയില്‍ എത്ര രൂപയുണ്ട്? 2023 ലെ വനിതാ ഫുട്ബോള്‍ ലോകകപ്പ് ചാമ്പ്യന്മാരായ രാജ്യം? അങ്ങനെ ലോകമെങ്ങുനിന്നുമുള്ള വിവിധ മേഖലയില്‍ നിന്നുള്ള ചോദ്യങ്ങൾ. പക്ഷേ ഒരൊറ്റ ചോദ്യം പോലും ആനയെ കുറിച്ചില്ല. ആന പരിപാലനത്തെ കുറിച്ചില്ല. സിലബസിലും പരീക്ഷാ പേപ്പറിലും ആന, പുറത്ത് തന്നെ.
ദേവസ്വത്തിന്‍റെ കീഴിലെ ആനപ്പാപ്പാനാകാൻ നാലാം ക്ലാസും പിന്നെ ആന പരിപാലനത്തിലെ പ്രായോഗിക ജ്ഞാനത്തിനുമാണ് പരിഗണന നല്‍കുന്നത്. എന്നാല്‍, വനംവകുപ്പിന് കീഴിലെത്തുമ്പോൾ, ഈ തസ്തികയ്ക്ക് യോഗ്യത ഏഴാം തരം പാസാവണം എന്നാണ്. പക്ഷേ പ്രായോഗിക പരിജ്ഞാനത്തെക്കാള്‍ കൂടുതല്‍ പൊതുവിജ്ഞാനത്തില്‍ ജ്ഞാനം വേണം. പിഎസ്സിയെ സംബന്ധിച്ച് വനം വകുപ്പിന്‍റെ ആനപ്പാപ്പാനുള്ള എല്‍ഡിസി പരീക്ഷയും സര്‍ക്കാര്‍ ഓഫീസിലേക്കുള്ള എല്‍ഡിസി പരീക്ഷയും ഒന്നാണെന്ന് ചോദ്യപ്പേപ്പര്‍ സാക്ഷ്യം പറയുന്നു. പരീക്ഷാ ഹാളില്‍ വച്ച് ചോദ്യപ്പേപ്പര്‍ കണ്ട ഉദ്യോഗാര്‍ത്ഥികളും ഞെട്ടി. 'മതമിളകിയെ ആന'യെ തളയ്ക്കാന്‍ ഇത്രയും പാടില്ലെന്നാണ് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളില്‍ പലരും മനസില്‍ കരുതിയതും.