ക്ലാസ്‍മുറി തന്നെ കിടപ്പുമുറിയും അടുക്കളയും, പ്രിന്‍സിപ്പല്‍ കൂടുംകുടുക്കയുമായി താമസവും തുടങ്ങി
ഒരു മുറി പ്രിൻസിപ്പൽ എടുത്തിരിക്കുന്നതിനാൽ തന്നെ ഇപ്പോൾ ക്ലാസിന് ആവശ്യമുള്ളത്ര മുറികളില്ല. അതിനാൽ മറ്റുള്ള മൂന്ന് മുറികളിലായിട്ടാണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്.
ബിഹാറിലെ ജാമുയി ജില്ലയിലെ ഒരു സ്കൂളാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. എന്നാൽ, നൂറ് ശതമാനം വിജയത്തിനോ അല്ലെങ്കിൽ മറ്റേതെങ്കിലും നേട്ടത്തിനോ ഒന്നുമല്ല. മറിച്ച്, അവിടുത്തെ പ്രിൻസിപ്പലായ ഷീല ഹെംബ്രാം ചെയ്ത ഒരു പ്രവൃത്തിയുടെ പേരിലാണ് ഇത്. അവർ തന്റെ ഓഫീസ് മുറി ഒരു അടുക്കളയും കിടപ്പുമുറിയും ആക്കി മാറ്റിയത്രെ. തനിക്കും കുടുംബത്തിനും വേണ്ടിയാണ് പ്രിൻസിപ്പൽ ഓഫീസ് മുറി ഇങ്ങനെയാക്കി മാറ്റിയത്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പ്രിൻസിപ്പൽ പറയുന്നത്, തനിക്കും തന്റെ കുടുംബത്തിനും നിലവിൽ വീടില്ല. തങ്ങൾ അടുത്ത ഗ്രാമത്തിൽ ഒരു പുതിയ വീട് പണിതുകൊണ്ടിരിക്കുകയാണ്. അതിനാലാണ് സ്കൂളിലെ ഒരു മുറി വീട് പോലെയാക്കി മാറ്റിയെടുത്തത്. എന്നാൽ, ഇത് കടുത്ത വിമർശനത്തിന് ഇടയാക്കി. ഇപ്പോൾ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മാവോയിസ്റ്റ് ബാധിത പ്രദേശമായ ഖൈറ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ബർദൗണിലെ നവീകരിച്ചിരിക്കുന്ന മിഡിൽ സ്‌കൂളിലാണ് സംഭവം. ഇവിടെ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയായി 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ഒരു മുറി പ്രിൻസിപ്പൽ എടുത്തിരിക്കുന്നതിനാൽ തന്നെ ഇപ്പോൾ ക്ലാസിന് ആവശ്യമുള്ളത്ര മുറികളില്ല. അതിനാൽ മറ്റുള്ള മൂന്ന് മുറികളിലായിട്ടാണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. ഒന്ന് -മൂന്ന് ക്ലാസുകൾ ഒരു മുറിയിലും, രണ്ട്- നാല് ക്ലാസ് ഒരു മുറിയിലും, ആറ്- ഏഴ് ക്ലാസുകൾ ഒരു മുറിയിലും ആണത്രെ ഇപ്പോൾ നടക്കുന്നത്.
പ്രിൻസിപ്പൽ പറയുന്നത്, തൽക്കാലത്തേക്ക് മാത്രമാണ് താൻ ക്ലാസ്മുറികൾ വീട് പോലെ ഉപയോഗിക്കുന്നത്. തന്റെ പുതിയ വീട് പണിതു കഴിഞ്ഞാൽ ഉടനെ തന്നെ താൻ അങ്ങോട്ട് മാറും എന്നാണ്. എന്നാൽ, വിമർശനം ഉയർന്നതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കപിൽ ദിയോ തിവാരി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.