പാചകക്കാരനായ അച്ഛൻ കൊളുത്തിയ അഗ്നി, പ്രഗ്യയെ ആദരിച്ച് ചീഫ് ജസ്റ്റിസ്, നിറകണ്ണുകളോടെ സാക്ഷിയായി അച്ഛനുമമ്മയും
പുഞ്ചിരിയോടെ കൈകൾ കൂപ്പിയാണ് പ്രഗ്യ ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും മുന്നിൽ നിന്നത്. ഒപ്പം ചീഫ് ജസ്റ്റിസിന്റെ കാൽതൊട്ട് അനുഗ്രഹവും വാങ്ങി. ഭരണഘടനയെ കുറിച്ചുള്ള സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഒപ്പുവച്ച മൂന്ന് പുസ്തകങ്ങളാണ് അവൾക്ക് ചീഫ് ജസ്റ്റിസ് സമ്മാനമായി നൽകിയത്.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢും ജഡ്ജിമാരും കഴിഞ്ഞ ദിവസം സുപ്രീംകോടതിയിലെ വിശ്രമമുറിയിൽ ഒരു പെൺകുട്ടിയെ ആദരിച്ചു. അത്യപൂർവമായ രംഗത്തിന് സാക്ഷികളായവരുടെ കണ്ണുകൾ ഒരുവേള നിറഞ്ഞു. സുപ്രീം കോടതിയിലെ പാചകക്കാരന്റെ മകളായ പ്രഗ്യാ സമലിനെ ആദരിക്കാനാണ് ജഡ്ജിമാർ അവിടെ ഒത്തുകൂടിയത്.
അടുക്കളയിൽ അച്ഛൻ പകർന്ന അഗ്നി കത്തിപ്പടർന്നത് പ്രഗ്യയുടെ ഉള്ളിലായിരിക്കണം. അതവൾ അണയാതെ സൂക്ഷിച്ചു. ആ ചൂടിന്റെ കരുത്തിലാണ് അവൾ നിയമത്തിൽ ബിരുദാനന്തരബിരുദം നേടുന്നതിനായി വിദേശത്തേക്ക് പറക്കുന്നത്. യുഎസ്സിൽ സ്കോളർഷിപ്പോടെയാണ് പ്രഗ്യയുടെ പഠനം. ആ മിടുക്കിയായ വിദ്യാർത്ഥിനിയെ ആദരിക്കാനും അഭിനന്ദനങ്ങൾ അറിയിക്കാനുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും മറ്റ് ജഡ്ജിമാരും ഒത്തുചേർന്നത്.
കോടതിയിലെ പാചകക്കാരനായ അജയ് കുമാർ സമലിന്റെ മകളാണ് പ്രഗ്യ സമൽ. പ്രഗ്യയെ മാത്രമല്ല, അവളുടെ അമ്മയേയും അച്ഛനേയും ചീഫ് ജസ്റ്റിസ് ആദരിച്ചു. പ്രഗ്യ കഠിനാധ്വാനിയാണ്, അതാണ് ഈ നേട്ടത്തിന് കാരണം. ഈ രാജ്യത്തെ സേവിക്കാനായി അവൾ തിരികെ വരുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. "അവൾ എന്തുതന്നെയാണ് ചെയ്യുന്നതെങ്കിലും അതിൽ അവൾ മികവ് കൈവരിക്കും. നൂറുകോടി ജനങ്ങളുടെ സ്വപ്നങ്ങൾ അവൾ വളരെ എളുപ്പത്തിൽ തന്നെ അവളുടെ ചുമലിലേറ്റും" എന്നും അദ്ദേഹം പറഞ്ഞു.
പുഞ്ചിരിയോടെ കൈകൾ കൂപ്പിയാണ് പ്രഗ്യ ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും മുന്നിൽ നിന്നത്. ഒപ്പം ചീഫ് ജസ്റ്റിസിന്റെ കാൽതൊട്ട് അനുഗ്രഹവും വാങ്ങി. ഭരണഘടനയെ കുറിച്ചുള്ള സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഒപ്പുവച്ച മൂന്ന് പുസ്തകങ്ങളാണ് അവൾക്ക് ചീഫ് ജസ്റ്റിസ് സമ്മാനമായി നൽകിയത്. അധ്വാനിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ രാജ്യത്ത് അവസരങ്ങളുണ്ടാകണമെന്നും അത് സർക്കാരും പൗരന്മാരുമാണ് ഉറപ്പാക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തന്റെയീ യാത്രയിൽ തനിക്ക് പ്രചോദനമായിട്ടുണ്ടായിരുന്നത് ചീഫ് ജസ്റ്റിസാണ് എന്നായിരുന്നു മറുപടിയായി പ്രഗ്യ പറഞ്ഞത്. ചടങ്ങിന് മുഴുവൻ സാക്ഷിയായി അവളുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം