ഈ 'പ്രേമ'ക്കെണിയില്‍ വീഴല്ലേ, കയ്യിൽ നിന്നും പോകുന്നത് പതിനായിരങ്ങൾ, പോസ്റ്റ് വൈറൽ
സാധാരണയായി ടിൻഡർ, ബംബിൾ എന്നിവയിലൂടെയാണ് ഇവർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്. അത് എങ്ങനെയാണ് എന്നും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
എല്ലാത്തിലും ഇപ്പോൾ തട്ടിപ്പുണ്ട്. സാമ്പത്തികം തന്നെയാണ് മെയിൻ. കണ്ണൊന്നടച്ചു തുറക്കുമ്പോഴേക്കും കാശ് പോകുന്ന വഴിയറിയില്ല. എന്തായാലും അത്തരം ആരോപണം ഉന്നയിച്ചിരിക്കുകയാണ് എക്സിൽ (ട്വിറ്റർ) ദീപിക നാരായൺ ഭരദ്വാജ് എന്ന യൂസർ. ഡേറ്റിംഗ് ആപ്പിൽ കയറുമ്പോഴും ഡേറ്റിംഗിന് പോകുമ്പോഴും ശ്രദ്ധിച്ചോ പറ്റിക്കപ്പെടാം എന്ന താക്കീതാണ് ഇവർ നൽകുന്നത്.
ഈ തട്ടിപ്പിൽ മുംബൈയിലെ ക്ലബ്ബിനും പങ്കുണ്ട് എന്നും ദീപിക ആരോപിക്കുന്നു. മുംബൈയിലെ അന്ധേരി വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഗോഡ്ഫാദർ ക്ലബ്ബിനെ കുറിച്ചാണ് ഇവർ പറയുന്നത്. പോസ്റ്റിൽ പറയുന്നത് അനുസരിച്ച് ടിൻഡർ, ബംബിൾ, ഹിഞ്ച്, ഒകെക്യുപിഡ് തുടങ്ങിയ ജനപ്രിയ ആപ്പുകൾ വഴിയാണത്രെ തട്ടിപ്പ് നടക്കുന്നത്. ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെടുന്ന പുരുഷന്മാരെ യുവതി ഡേറ്റിനായി റെസ്റ്റോറന്റുകളിലേക്ക് ക്ഷണിക്കുന്നു.
യുവതി തന്നെയാണ് സമയവും തീയതിയും എവിടെ പോകണം എന്നതുമെല്ലാം തീരുമാനിക്കുന്നത്. അവിടെ ചെന്നശേഷം മെനുവിൽ ഇല്ലാത്ത ഭക്ഷണം ഓർഡർ ചെയ്യുകയും കുറച്ച് നേരം യുവാക്കളുടെ കൂടെയിരുന്ന ശേഷം യുവതി പോവുകയും ചെയ്യുന്നു. പിന്നീട്, യുവാക്കൾക്ക് ബില്ല് വരുമ്പോഴാണ് ഞെട്ടുന്നത്. 61,000 രൂപ വരെ ബില്ല് വരുന്ന അവസ്ഥയുണ്ടായിട്ടുണ്ട് എന്നാണ് ആരോപണം. അതിന്റെ സ്ക്രീൻഷോട്ടും ദീപിക പങ്കുവയ്ക്കുന്നുണ്ട്.
മുംബൈയിലെ റെസ്റ്റോറൻ്റുകളെ കേന്ദ്രീകരിച്ചുള്ള ഡേറ്റിംഗ് തട്ടിപ്പ് തുറന്നുകാട്ടവെ ഇരകളായ 12 പേർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അതിൽ മൂന്ന് പുരുഷന്മാർ ഒരേ പെൺകുട്ടിയുടെ തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്നും ദീപിക കുറിക്കുന്നു. ഇവർക്ക് 23,000 മുതൽ 61,000 രൂപ വരെയാണ് ബില്ല് വന്നത് എന്നും പറയുന്നു. ഒരുപാട് സ്ക്രീൻഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.
സാധാരണയായി ടിൻഡർ, ബംബിൾ എന്നിവയിലൂടെയാണ് ഇവർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്. അത് എങ്ങനെയാണ് എന്നും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. ഒപ്പം പൊലീസിനോട് ഇതിൽ കൃത്യമായ ആക്ഷനെടുക്കണമെന്നും പറയുന്നുണ്ട്. നേരത്തെയും പല പുരുഷന്മാരും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇട്ടിട്ടുണ്ടെന്നും അവർ പറയുന്നു. വളരെ വേഗത്തിലാണ് ഈ പോസ്റ്റ് ചർച്ചയായി മാറിയത്.
(ചിത്രം പ്രതീകാത്മകം)