പലരുടെയും യാത്ര മുടങ്ങുന്നു, കടകളിൽ ആളുകയറുന്നില്ല; നാടിനെ ദുരിതത്തിലാക്കി മരം, ശിഖരങ്ങൾ വെട്ടിമാറ്റി
കല്ലുംമൂട് ജംഗ്ഷന് വടക്കുവശം ചെന്നിത്തല മഹാത്മ സ്കൂളിനും അയ്യക്കശ്ശേരിൽ ക്ഷേത്രത്തിനും സമീപം രണ്ടു വൃക്ഷങ്ങളിലായി ചേക്കേറിയിരുന്ന നൂറുകണക്കിന് പക്ഷികളുടെ കാഷ്ഠമാണ് പ്രദേശത്ത് ദുരിതമായത്.
മാന്നാർ: നാടിനെ ദുരിതത്തിലാക്കി പക്ഷികൾ ചേക്കേറിയിരുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി. കായംകുളം-തിരുവല്ല സംസ്ഥാനപാതയോരത്ത് ചെന്നിത്തല അയ്യക്കശ്ശേരിൽ ക്ഷേത്രത്തിന് സമീപത്തെ പാഴ്മരങ്ങളിൽ കൂടുകൂട്ടിയ പക്ഷികൾ കാരണം നട് ഏറെ ദുരിതത്തിലായിരുന്നു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മാവേലിക്കര പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് മരത്തിന്റെ ശിഖരങ്ങൾ വെട്ടി മാറ്റിയത്.
കല്ലുംമൂട് ജംഗ്ഷന് വടക്കുവശം ചെന്നിത്തല മഹാത്മ സ്കൂളിനും അയ്യക്കശ്ശേരിൽ ക്ഷേത്രത്തിനും സമീപം രണ്ടു വൃക്ഷങ്ങളിലായി ചേക്കേറിയിരുന്ന നൂറുകണക്കിന് പക്ഷികളുടെ കാഷ്ഠമാണ് പ്രദേശത്ത് ദുരിതമായത്. ഇത് കാരണം സമീപത്തുള്ള വ്യാപാരികളും ഏറെ കഷ്ടത്തിലായിരുന്നു. കായംകുളം - തിരുവല്ല സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹന യാത്രികരുടെയും കാൽ നടക്കാരുടെയും ശരീരത്തിലും വസ്ത്രങ്ങളിലും പക്ഷികൾ കാഷ്ഠിക്കുന്നത് പതിവായി. ദുർഗന്ധവും രൂക്ഷമായതോടെ നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നു.
ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെന്നിത്തല-തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ആലപ്പുഴ ജില്ലാ കലക്ടർക്ക് നിവേദനം നൽകി. തുടർന്നാണ് നടപടി. താലൂക്ക് വികസന സമിതി യോഗത്തിലും പഞ്ചായത്ത് ഭരണ സമിതിയിലും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിർദേശപ്രകാരം മരത്തിന് കേടുപറ്റാതെ ശിഖരങ്ങൾ വെട്ടിമാറ്റിയതെന്ന് ചെന്നിത്തല ഗ്രാമപഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് പറഞ്ഞു.