Orcas killing blue whale : ഭയാനകം ഈ രം​ഗം, നീലത്തിമിം​ഗലത്തെ വേട്ടയാടിക്കൊന്ന് കൊലയാളിത്തിമിം​ഗലങ്ങൾ!

കൊലയാളി തിമിംഗലങ്ങൾ നിരന്തരമായി അതിനെ ആക്രമിച്ചുകൊണ്ടിരുന്നതിനാൽ അത് രക്തം ഒഴുക്കുകയും പയ്യെ ദേഹം ദുർബലമാവുകയും ചെയ്തു. കൊലയാളിത്തിമിംഗലങ്ങള്‍ കൂട്ടമായി അതിനെ വെള്ളത്തിനടിയിലേക്ക് വലിച്ചിട്ടു. 

Orcas killing blue whale at Australia

ഭൂമുഖത്തെ തന്നെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലം. ആ നീലത്തിമിംഗല(Blue whale)ത്തെ കൊലയാളി തിമിംഗലങ്ങൾ(Orcas) വേട്ടയാടി കൊല്ലുന്നത് ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഒരു പഠന വിഷയത്തിന്‍റെ ഭാഗമാണ് ഇതെങ്കിലും ഇത് സംഭവിച്ചത് 2019 മാർച്ചിലാണ്. ഓസ്‌ട്രേലിയയിലെ സെറ്റേഷ്യൻ റിസർച്ച് സെന്റർ (CETREC), പ്രൊജക്റ്റ് ORCA എന്നിവയിലെ ഗവേഷകരാണ് ഇവ റെക്കോര്‍ഡ് ചെയ്‍തിരിക്കുന്നത്.

ഒറ്റയ്ക്കും കൂട്ടമായും ഇരകളെ വേട്ടയാടി കീഴ്പ്പെടുത്തുവാനുള്ള കൊലയാളിത്തിമിംഗലത്തിന്‍റെ കഴിവ് പ്രശസ്തമാണ്. എന്നിരുന്നാലും, അവ നീലത്തിമിംഗലങ്ങളെ കൊന്നൊടുക്കിയതായിട്ടുള്ള ഒരു സംഭവവും അതുവരെ രേഖപ്പെടുത്തിയിട്ടില്ല. "നീലത്തിമിംഗലങ്ങളെ കൊലയാളിത്തിമിംഗലങ്ങള്‍ വേട്ടയാടാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ രേഖപ്പെട്ട ആദ്യത്തെ സംഭവമാകും ഇത്" എന്ന് വെയ്‍ല്‍ ആന്‍ഡ് ഡോള്‍ഫിന്‍ കണ്‍സര്‍വേഷന്‍ ഗവേഷകനായ എറിക് ഹോയ്റ്റ് ദി ഗാർഡിയനോട് പറഞ്ഞു. 

നീലത്തിമിംഗലങ്ങളുടെയും കൊലയാളിത്തിമിംഗലങ്ങളുടെയും വാര്‍ഷിക സര്‍വേ നടത്താനായിപ്പോയ ശാസ്ത്രജ്ഞര്‍ ബോട്ടിലിരിക്കെയാണ് ഈ വേട്ടയാടല്‍ രംഗം കണ്ടത്. 72 അടി നീളമുള്ള നീലത്തിമിംഗലത്തെയാണ് കൊലയാളിത്തിമിംഗലം കൊന്നത്. നീലത്തിമിംഗലത്തെ അക്ഷരാര്‍ത്ഥത്തില്‍ കൊലയാളിത്തിമിംഗലം വലിച്ചുകീറുകയായിരുന്നു. 

ഏകദേശം 20 മിനിറ്റിനുശേഷം, നീലത്തിമിംഗലം തളര്‍ന്നു തുടങ്ങി. അത് വൃത്താകൃതിയിൽ നീന്താൻ തുടങ്ങുകയും ചെയ്തു. കൊലയാളി തിമിംഗലങ്ങൾ നിരന്തരമായി അതിനെ ആക്രമിച്ചുകൊണ്ടിരുന്നതിനാൽ അത് രക്തം ഒഴുക്കുകയും പയ്യെ ദേഹം ദുർബലമാവുകയും ചെയ്തു. കൊലയാളിത്തിമിംഗലങ്ങള്‍ കൂട്ടമായി അതിനെ വെള്ളത്തിനടിയിലേക്ക് വലിച്ചിട്ടു. ചാവാതെ തന്നെ നീലത്തിമിംഗലത്തിന്‍റെ വായ തുറന്ന് ഒരു പെണ്‍കൊലയാളിത്തിമിംഗലം അതിന്‍റെ നാവ് കടിച്ചെടുത്തു. അവസാനം തിമിംഗലം മുങ്ങാൻ തുടങ്ങിയപ്പോൾ, അത് മരണത്തിന്റെ അടയാളം കാണിച്ചു തുടങ്ങി. ആകെ അമ്പതോളം കൊലയാളിത്തിമിംഗലങ്ങള്‍ അതിനെ ഭക്ഷിക്കാൻ ചേർന്നു. 

2019 ഏപ്രിൽ 6 -ന് രണ്ടാമത്തെ ആക്രമണത്തിൽ കൊലയാളിത്തിമിംഗലങ്ങള്‍ ഒരു നീലത്തിമിംഗലത്തെ കൊന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നാമത്തെ ആക്രമണം 2021 മാർച്ച് 16 -ന് രേഖപ്പെടുത്തി. 97 മിനിറ്റ് നീണ്ടുനിന്ന ഒരു വേട്ടയിൽ ഒരു ഡസൻ കൊലയാളിത്തിമിംഗലങ്ങള്‍ ചേര്‍ന്ന് 25 കിലോമീറ്ററോളം നീലത്തിമിംഗലത്തെ പിന്തുടർന്നു.

Latest Videos
Follow Us:
Download App:
  • android
  • ios