കത്തുന്ന ടോർച്ചുമായി പാതിരാത്രി റെയിൽവേ പാളത്തിലൂടെ പാഞ്ഞ് ദമ്പതികൾ, ഇരുവരുടെയും ഇടപെടലിൽ ഒഴിവായത് വൻദുരന്തം
ശബ്ദം കേട്ട ദമ്പതികൾ എന്തെങ്കിലുമാകട്ടെ എന്ന് കരുതി കിടന്നുറങ്ങുന്നതിന് പകരം നേരെ ശബ്ദം കേട്ടിടത്തേക്ക് ചെന്നു.
പ്രായമായ ഈ ദമ്പതികളുടെ തക്കസമയത്തെ ഇടപെടൽ കാരണം ഒഴിവായത് വൻദുരന്തം. ചെങ്കോട്ടയ്ക്കടുത്ത് ഭഗവതിപുരം റെയിൽവേ സ്റ്റേഷന് സമീപം ഫെബ്രുവരി 25 -ന് അര്‍ധരാത്രിയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. റോഡിലൂടെ പോവുകയായിരുന്ന ഒരു ട്രക്ക് റോഡിൽ നിന്നും മറിഞ്ഞുവീണത് ഭഗവതിപുരത്തിനും ആര്യങ്കാവിനും ഇടയിൽ റെയിൽവേപാളത്തിലാണ്. ആരും ആ ദുരന്തം അറിഞ്ഞില്ല, അതിനടുത്ത് താമസിക്കുന്ന ഷൺമുഖയ്യയും ഭാര്യ കുറുന്തമ്മാളും അല്ലാതെ.
സമയം പുലർച്ചെ 12.50. നല്ല ഉറക്കത്തിൽ തന്നെയായിരുന്നു റബ്ബർ ടാപ്പിംഗ് തൊഴിലാളികളായ ഷൺമുഖയ്യയും കുറുന്തമ്മാളും. എന്നാൽ, ലോഡും കൊണ്ട് വരുന്ന ട്രക്ക് പാളത്തിലേക്ക് വീണ ശബ്ദം ഇരുവരും ആ ഉറക്കത്തിലും കേട്ടു. പാലക്കാട് നിന്ന് പ്ലൈവുഡ് കയറ്റി കുംഭകോണത്തേക്ക് പോവുകയായിരുന്ന ട്രക്കാണ് ഞായറാഴ്ച പുലർച്ചെ 12.50 ഓടെ 18 അടിയോളം ഉയരത്തിൽ നിന്ന് താഴെ പാളത്തിലേക്ക് വീണത്.
ശബ്ദം കേട്ട ദമ്പതികൾ എന്തെങ്കിലുമാകട്ടെ എന്ന് കരുതി കിടന്നുറങ്ങുന്നതിന് പകരം നേരെ ശബ്ദം കേട്ടിടത്തേക്ക് ചെന്നു. അപ്പോഴാണ് പാളത്തിൽ ട്രക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടത്. അതേ പാളത്തിലൂടെ ട്രെയിൻ വരാനുണ്ട്. അങ്ങനെ വന്ന് കഴിഞ്ഞാൽ അത് വലിയ അപകടത്തിലാവും കലാശിക്കുക എന്ന് തോന്നിയ ദമ്പതികൾ ടോർച്ചുമായി പാളത്തിലൂടെ തന്നെ നേരെ ഓടി.
അധികം നീങ്ങും മുമ്പ് ഒരു ട്രെയിൻ അതേ പാളത്തിലൂടെ തന്നെ കടന്ന് വരുന്നത് ഇരുവരും കണ്ടു. അവർ ടോർച്ച് തെളിയിച്ച് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയാകർഷിച്ചു. ടോർച്ചിന്റെ വെട്ടം കണ്ട ലോക്കോ പൈലറ്റിന് എന്തോ കാര്യം ഉണ്ടെന്ന് മനസിലായി. അയാൾക്ക് വണ്ടി നിർത്താനും സാധിച്ചു. ദമ്പതികൾ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അധികം വൈകാതെ റെയിൽവേ സ്റ്റേഷനിലും വിവരം അറിയിച്ചു. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് നെല്ലായിയിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന പാലരുവി എക്‌സ്പ്രസും ചെങ്കോട്ടയിൽ നിർത്തിയിട്ടു. ഇതോടെ ഒഴിവായത് വലിയ ദുരന്തമാണ്.
മറിഞ്ഞ ട്രക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പാളത്തിൽ നിന്ന് നീക്കം ചെയ്തു. രാവിലെയോടെ ഈ റൂട്ടിൽ സാധാരണ രീതിയിലുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ട്രക്കിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം