നോ ഫോൺ, നോ കാർ, നോ ക്ലോക്ക്; അവധിക്കാലമാഘോഷിക്കാൻ ഇതിലും നല്ലൊരു ദ്വീപ് എവിടെ കിട്ടും?
ടിവിയോ, ഫോണോ, എന്തിന് ക്ലോക്കോ പോലും ഇല്ലാത്ത ഒരു ഹോട്ടലാണ് ഈ ദ്വീപിൽ ഉള്ളത്. അതുപോലെ, 1.35 മൈൽ നീളം വരുന്ന ഈ ദ്വീപിൽ അവധിക്കാല കോട്ടേജുകളും ക്യാമ്പിംഗ് സ്ഥലങ്ങളുമുണ്ട്.
ജോലിത്തിരക്കുകളിൽ നിന്നുമെല്ലാം വിട്ട് നമ്മളൊരു യാത്ര പോകുന്നു. ഏതെങ്കിലും ഒരു ബീച്ച് സൈഡിലേക്കോ മറ്റോ ആണ് ആ യാത്ര. അപ്പോൾ നമ്മുടെ മനസിലെന്തായിരിക്കും? ആരുടേയും ശല്ല്യമില്ലാതെ, ബഹളങ്ങളില്ലാതെ, ഫോൺകോളുകളോ മെസ്സേജുകളോ ഒന്നും തന്നെ ഇല്ലാതെ കുറച്ച് ദിവസം ചെലവഴിക്കണം. എന്നാൽ, അത്രയും ശാന്തമായ ഒരു സ്ഥലമൊക്കെ കാണുമോ എന്നാണോ? കാണും, യുകെയിലെ ഈ ദ്വീപ് അങ്ങനെയൊരിടമാണത്രെ.
യുകെയിലെ ഹെം ദ്വീപാണ് ഇത്തരത്തിൽ വളരെ ശാന്തസുന്ദരമായ ദിനങ്ങൾ ടൂറിസ്റ്റുകൾക്കായി വാഗ്ദ്ധാനം ചെയ്യുന്നത്. എന്താണ് ഈ ദ്വീപിനെ വ്യത്യസ്തമാക്കുന്നത് എന്നോ? ഇവിടെ കാറുകളില്ല, ആളുകളുടെ വലിയ ബഹളങ്ങളില്ല എന്നതെല്ലാമാണ് ഇതിനെ തികച്ചും സമാധാനപൂർണമായ ഒരു ദ്വീപാക്കി മാറ്റുന്നത്. കുടുംബത്തിന്റെ കൂടെയോ സുഹൃത്തുക്കളുടെ കൂടെയോ തനിച്ചോ ഒക്കെ ഈ ദ്വീപിൽ സമയം ചെലവഴിക്കാം.
ഇംഗ്ലീഷ് ചാനലിലെ ഗുർൻസിയിലെ ബെയ്‌ലിവിക്കിലാണ് ഹെം ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിലേക്ക് കാറുകൾക്കൊന്നും തന്നെ പോകാനാവില്ല. അതുപോലെ ടിവിയോ, ഫോണോ, എന്തിന് ക്ലോക്കോ പോലും ഇല്ലാത്ത ഒരു ഹോട്ടലാണ് ഈ ദ്വീപിൽ ഉള്ളത്. അതുപോലെ, 1.35 മൈൽ നീളം വരുന്ന ഈ ദ്വീപിൽ അവധിക്കാല കോട്ടേജുകളും ക്യാമ്പിംഗ് സ്ഥലങ്ങളുമുണ്ട്. ഗ്വെർൻസിയിൽ നിന്ന് ബോട്ട് മാർഗമാണ് ഇവിടെ എത്തിച്ചേരാൻ സാധിക്കുക. 15 മിനിറ്റ് യാത്രയാണ് ഇവിടെ നിന്നും ദ്വീപിലേക്ക്. അല്ലെങ്കിൽ ലണ്ടൻ ഗാറ്റ്വിക്കിൽ നിന്ന് ഫ്ലൈറ്റ് ബുക്ക് ചെയ്യണം. 90 മിനിറ്റ് വേണ്ടി വരും ആ യാത്രയ്ക്ക്.
വെറും 65 ആളുകളാണ് ഇവിടെ താമസക്കാരായിട്ടുള്ളത്. ഫോണും ക്ലോക്കും ഒന്നുമില്ലാത്ത ഹോട്ടലിനെ കൂടാതെ രണ്ട് പബ്ബുകൾ, ഒരു ഫയർ സ്റ്റേഷൻ, ഒരു പൊലീസ് സ്റ്റേഷൻ, ഒരു സ്കൂൾ എന്നിവയാണ് ഇവിടെ ഉള്ളത്. സ്കൂളിലാകെ നാല് കുട്ടികളാണ് പഠിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം