10 വർഷം കഴിഞ്ഞിട്ടും മായാത്ത ദുരൂഹത, മനുഷ്യബുദ്ധിയെ വെല്ലുവിളിച്ച അപ്രത്യക്ഷമാകൽ, MH370 ഇന്നും കാണാമറയത്ത്...
ക്വാലാലംപൂരിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പോകുന്നതിനിടെ എഎച്ച് 370 പെട്ടന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 14 രാജ്യങ്ങളിൽ നിന്നായുള്ള 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിനൊപ്പം കാണാതായത്
മലേഷ്യൻ എയർലൈൻസിന്റെ എഎച്ച് 370 എന്ന വിമാനം കാണാതായിട്ട് 10 വർഷം തികയുന്നു. 239 യാത്രക്കാരുമായി 2014 മാർച്ച് 8 അർധരാത്രിക്ക് ശേഷം ക്വലാലംപുർ വിമാനത്താവളത്തിൽ നിന്നും ബെയ്ജിങ്ങ് ലക്ഷ്യമാക്കി പുറപ്പെട്ട ബോയിങ് 777- 200 ഇ ആർ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. വിമാനം കാണാതായെന്ന് സംശയിക്കുന്നതിന് പിന്നാലെ വലിയ രീതിയിൽ കടലിൽ നടത്തിയ തെരച്ചിലിൽ വിമാനം കണ്ടെത്താനുമായില്ല. 10 വർഷത്തിനിപ്പുറം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും എന്താണ് വിമാനത്തിന് സംഭവിച്ചത് എന്താണെന്ന് കണ്ടെത്താനായി തെരച്ചിൽ തുടങ്ങാനൊരുങ്ങുകയാണ് മലേഷ്യ.
വ്യോമയാന ഗതാഗത രംഗത്തെ എക്കാലത്തേയും നിഗൂഡതയായാണ് എഎച്ച് 370 നിലനിൽക്കുന്നത്. 30 രാജ്യങ്ങളാണ് എഎച്ച് 370 നായുള്ള തെരച്ചിലിൽ പങ്കെടുത്തത്. ക്വാലാലംപൂരിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പോകുന്നതിനിടെ എഎച്ച് 370 പെട്ടന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 14 രാജ്യങ്ങളിൽ നിന്നായുള്ള 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിനൊപ്പം കാണാതായത്. ടേക്ക് ഓഫിന് 38 മിനിറ്റിന് ശേഷം നടന്ന ആശയ വിനിമയമാണ് ഒടുവിലായി എഎച്ച് 370 നടന്നിട്ടുള്ളത്. ഇതേസമയം തെക്കൻ ചൈന കടലിന് മുകളിലായിരുന്നു വിമാനമുണ്ടായിരുന്നത്. നിർദ്ദിഷ്ട പാതയിൽ നിന്ന് എഎച്ച് 370ന് അപ്രതീക്ഷിതമായുണ്ടായ ചലനം സൈനിക റഡാറുകൾ പിടിച്ചെടുത്തിരുന്നു. ഇന്ത്യൻ മഹാമസുദ്രത്തിൽ വിമാനം വീണതായാണ് സംശയിക്കപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ 23000 സ്ക്വയർ മൈൽ ദൂരമാണ് സംയുക്ത തെരച്ചിൽ സംഘം വിമാനത്തിന് വേണ്ടിയും അതിലെ യാത്രക്കാർക്ക് വേണ്ടിയുമായി അരിച്ച് പെറുക്കിയത്.
2015 ജനുവരിയിൽ മലേഷ്യൻ അധികൃതർ എഎച്ച് 370ന്റെ കാണാതാകൽ അപകടമാണെന്നും വിമാനത്തിലുണ്ടായിരുന്നവർ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു, മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സുഗമം ആക്കാനായിരുന്നു ഇത്. ഇതിനോടകം സമുദ്രാന്തർ ഭാഗത്തെ തെരച്ചിൽ 46300 സ്ക്വയർ മൈലായിരുന്നു. 2015 ജൂലൈ മാസത്തിലാണ് എഎച്ച് 370ന്റ കാണാതാകലിൽ പ്രത്യക്ഷമായ ഒരു തെളിവ് ലഭിക്കുന്നത്. 2015 ജൂലൈ 29 നായിരുന്നു അത്. അപ്പോഴേക്കും വിമാനം കാണാതായിട്ട് 16 മാസങ്ങൾ പിന്നിട്ടിരുന്നു. ഫ്രഞ്ച് ഐലൻഡ് ഓഫ് റീയൂണിയൻ എന്ന പ്രദേശത്ത് അന്നേദിവസം, ആറടിയോളം നീളമുള്ള ഒരു വിമാനാവശിഷ്ടം ബീച്ചിൽ വന്നടിഞ്ഞു.
ബോയിങ്ങ് 777 വിമാനത്തിന്റെ 'ഫ്ലാപ്പറോൺ' എന്ന് പറയുന്ന ഒരു ഭാഗമായിരുന്നു തീരത്തടിഞ്ഞത്. MH370യും ഒരു ബോയിങ്ങ് 777 ആയിരുന്നു. MH370യുമായി ബന്ധിപ്പിക്കുന്ന ഒരു സീരിയൽ നമ്പറോട് കൂടിയതായിരുന്നു ഈ വിമാനാവശിഷ്ടം. പിന്നീട് വിമാനത്തിന്റേതെന്ന് വിലയിരുത്തിയ വിവിധ അവശിഷ്ടങ്ങൾ പല രാജ്യങ്ങളിൽ നിന്നായി കണ്ടെത്താൻ സാധിച്ചു. മൌറീഷ്യസ്, ടാൻസാനിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി വിമാനാവശിഷ്ടങ്ങൾ കണ്ടെത്തി. 2017ഓടെ വിമാനത്തിന് വേണ്ടിയുള്ള തെരച്ചിലുകൾ അവസാനിപ്പിച്ചു.
2018ൽ ടെക്സാസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓഷ്യൻ ഇൻഫിനിറ്റി വിമാനത്തിന് വേണ്ടിയുള്ള തെരച്ചിൽ വീണ്ടും ആരംഭിച്ചു. ലഭ്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്തെങ്കിലും നിർണായക കണ്ടെത്തലുകൾ ലഭിച്ചാൽ പണം നൽകും അല്ലാത്ത പക്ഷം പണം നൽകില്ല എന്ന് മലേഷ്യൻ സർക്കാരുമായുള്ള ധാരണയിലാണ് ഈ തെരച്ചിൽ നടക്കുന്നത്. ജൂലൈ മാസത്തിൽ മലേഷ്യൻ വ്യോമയാന അധികൃതർ 495 പേജുള്ള റിപ്പോർട്ട് പുറത്ത് വിട്ടു. നിർദ്ദിഷ്ട പാതയിൽ നിന്ന് വിമാനം പുറത്ത് നിന്നുള്ള ഇടപെടലിൽ ദിശമാറ്റുകയും ചെയ്തതായാണ് ഇതിൽ നൽകിയിരിക്കുന്ന വിവരം.
വിമാനത്തിനൊപ്പം കാണാതായ ബന്ധുക്കൾക്ക് വേണ്ടിയുള്ള ബന്ധുക്കളുടെ പ്രതീക്ഷ മങ്ങാതിരുന്നതോടെ വീണ്ടും തെരച്ചിൽ ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതരുള്ളത്. വ്യോമയാന അികൃതരുടെ ഭാഗത്ത് നിന്നുള്ള പാളിച്ചകൾ പുറത്ത് വന്നതോടെ മലേഷ്യയുടെ സിവിൽ ഏവിയേഷൻ ചീഫ് രാജി വയ്ക്കേണ്ടി വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം