റാംജി റാവു സ്പീക്കിംഗ്, നിങ്ങളുടെ മകൾ എന്റെ കസ്റ്റഡിയിലാണ്, ജാഗ്രതൈ, തട്ടിപ്പുകാർ ഇങ്ങനെയും വരും
ഉടനെ തന്നെ ഫോണിലൂടെ ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു. 'അമ്മേ എന്നെ രക്ഷിക്കൂ' എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. ശരിക്കും തന്റെ മകളുടെ ശബ്ദം പോലെ തന്നെയായിരുന്നു ആ ശബ്ദം.
എന്തൊക്കെ തരത്തിലാണ് ഇന്ന് തട്ടിപ്പുകൾ നടക്കുന്നത് എന്ന് പറയാനൊക്കില്ല. അതിനാൽ തന്നെ അറിയാത്ത നമ്പറിൽ നിന്നും കോൾ വന്നാൽ എടുക്കാതിരിക്കുക എന്നതാണ് പലരും അവലംബിക്കുന്ന ഒരു മാർഗം. ഇപ്പോൾ മക്കളുടെ പേരും പറഞ്ഞാണ് തട്ടിപ്പ്. സ്വന്തം മക്കളുടെ കാര്യമല്ലേ? ചിലപ്പോൾ പെട്ടെന്ന് ആരായാലും ചാടിപ്പുറപ്പെടുകയും കാശ് നഷ്ടപ്പെടുകയും ചെയ്യും. അടുത്തിടെ എക്സിലാണ് കാവേരി എന്ന യുവതി തനിക്ക് അതുപോലെ വന്ന ഒരു ഫോൺകോളിന്റെ കാര്യം വെളിപ്പെടുത്തിയത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്. ഒരു മണിക്കൂർ മുമ്പ് തനിക്ക് അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നു. സാധാരണ താൻ അത്തരം കോളുകൾ എടുക്കാറില്ല. ഇത് എന്തുകൊണ്ടോ എടുത്തു. അതിൽ വിളിച്ചയാൾ തന്നോട് പൊലീസ് ആണെന്നാണ് പറഞ്ഞത്. ഒപ്പം തന്റെ മകൾ എവിടെയുണ്ട് എന്ന് അയാൾക്ക് അറിയാം. മകളും സുഹൃത്തുക്കളും ചേർന്ന് ഒരു എംഎൽഎയുടെ മകനെ മോശം സാഹചര്യത്തിൽ വീഡിയോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. അതിനാലാണ് മകളെ പിടികൂടിയിരിക്കുന്നത് എന്നായിരുന്നു അയാൾ പറഞ്ഞിരുന്നു.
എന്നാൽ, കുറച്ച് സംസാരിച്ചപ്പോൾ തന്നെ യുവതിക്ക് ഇത് തട്ടിപ്പുഫോൺകോൾ ആണെന്ന് മനസിലായി. അതോടെ അവർ ഫോൺ റെക്കോർഡ് ചെയ്യാൻ തുടങ്ങി. ഒപ്പം തനിക്ക് മകളോട് സംസാരിക്കണം എന്നും ആവശ്യപ്പെട്ടു. ഉടനെ തന്നെ ഫോണിലൂടെ ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു. 'അമ്മേ എന്നെ രക്ഷിക്കൂ' എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. ശരിക്കും തന്റെ മകളുടെ ശബ്ദം പോലെ തന്നെയായിരുന്നു ആ ശബ്ദം. എന്നാൽ, ആ സംസാരരീതി തന്റെ മകളുടേതായിരുന്നില്ല. അതിനാൽ താൻ അവളോട് വീണ്ടും സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ മറുവശത്തുണ്ടായിരുന്നയാൾക്ക് ദേഷ്യം വന്നു. അയാൾ പരുഷമായി സംസാരിച്ചു തുടങ്ങി.
'മകളെ ഞങ്ങൾ കൊണ്ടുപോകും' എന്നാണ് പിന്നെ അയാൾ പറഞ്ഞത്, 'ആ കൊണ്ടുപോയ്ക്കോ' എന്ന് പറഞ്ഞപ്പോൾ അയാൾ ദേഷ്യപ്പെടാൻ തുടങ്ങി. അപ്പോൾ താൻ ചിരിച്ചു. അയാൾ കോൾ കട്ട് ചെയ്തിട്ട് പോയി എന്നാണ് അവർ പറയുന്നത്. നിരവധിപ്പേരാണ് കാവേരിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സമാനമായ അനുഭവം ഉണ്ടായി എന്ന് ഒരുപാടുപേർ പറഞ്ഞു. ഇതിൽ നിന്നും മനസിലാവുന്ന ഒരുകാര്യം ഇതുപോലെ മക്കളുടെ പേരും പറഞ്ഞ് ഒരുപാട് പേർക്ക് കോളുകൾ വരാറുണ്ട് എന്നാണ്. എഐ ഉപയോഗിച്ചാണ് പലപ്പോഴും ഇതുപോലെ അവരുടെ ശബ്ദം ക്രിയേറ്റ് ചെയ്യുന്നത് എന്നും പറയുന്നു.
എന്തായാലും, തട്ടിപ്പുകൾ പല തരത്തിലും വരും. മക്കളുടെ പേര് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ ചാടിവീഴരുത് എന്ന് അർത്ഥം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം